Connect with us

Uae

ഷാര്‍ജയില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഒറ്റവരി റോഡുകള്‍ ഇരട്ടപ്പാതകളാക്കും

അല്‍ ശാഗ്റഫ, ഖ്ഷിഷ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ഉള്‍പ്പെടെ നിരവധി റോഡുകള്‍ ഈ വര്‍ഷാവസാനത്തോടെ ഇരട്ടപ്പാതകളാക്കി മാറ്റും.

Published

|

Last Updated

ഷാര്‍ജ | ഷാര്‍ജയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി എമിറേറ്റിലെ ഒറ്റവരി റോഡുകള്‍ ഇരട്ടപ്പാതകളാക്കി മാറ്റാന്‍ വിപുലമായ പദ്ധതിയുണ്ടെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ എന്‍ജി. യൂസുഫ് ഖാമിസ് അല്‍ ഉസ്മാനി അറിയിച്ചു. എമിറേറ്റിലെ എല്ലാ മേഖലകളിലെയും സുപ്രധാന പദ്ധതികള്‍ നടപ്പാക്കാന്‍ അതോറിറ്റി നിരന്തരമായി പ്രവര്‍ത്തിക്കുകയാണ്.

അല്‍ റഹ്മാനിയയിലെ അബു അംര്‍ അല്‍ ബാസ്രി സ്ട്രീറ്റ് റഹ്മാനിയ മാളിന് മുന്നില്‍ ഇരട്ടപ്പാതയാക്കി വികസിപ്പിച്ചത് ഈ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ ഏറ്റവും പുതിയ പ്രോജക്ടാണ്. ഓരോ ദിശയിലും രണ്ട് വരികളുള്ള ഈ പാത എമിറേറ്റ്സ് റോഡുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഇത് പ്രദേശത്തെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാന്‍ സഹായിച്ചു.

അല്‍ ശാഗ്റഫ, ഖ്ഷിഷ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ഉള്‍പ്പെടെ നിരവധി റോഡുകള്‍ ഈ വര്‍ഷാവസാനത്തോടെ ഇരട്ടപ്പാതകളാക്കി മാറ്റും. ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.