Uae
ലൈലത്തുല്‍ ഖദ്ര്‍, ഈദുല്‍ ഫിത്വര്‍; ഷാര്‍ജയില്‍ സമഗ്ര സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു
താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ്.
ഷാര്‍ജ | വിശുദ്ധ റമസാനിലെ 27-ാം രാവും വരാനിരിക്കുന്ന ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളും പ്രമാണിച്ച് പൊതുജന സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിനായി ഷാര്‍ജ പോലീസ് സമഗ്ര സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു.
പുതിയ പദ്ധതിയനുസരിച്ച് ഷാര്‍ജയിലെ പ്രധാlalന റോഡുകളിലും കവലകളിലും പട്രോളിംഗ് ശക്തമാക്കും. തറാവീഹ്, തഹജ്ജുദ്, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്കായി വിശ്വാസികള്‍ ധാരാളമായി എത്തുന്ന പള്ളികള്‍ക്ക് സമീപം പോലീസിന്റെ സാന്നിധ്യം വര്‍ധിപ്പിക്കും. പള്ളികളിലേക്കും തിരിച്ചുമുള്ള വാഹനങ്ങളുടെ നീക്കം ക്രമീകരിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിക്കും. പെരുന്നാള്‍ ഒരുക്കങ്ങള്‍ക്കായി തിരക്ക് അനുഭവപ്പെടുന്ന മാര്‍ക്കറ്റുകളിലും ഷോപ്പിങ് സെന്ററുകളിലും സുരക്ഷാ നിരീക്ഷണം കര്‍ശനമാക്കും.
പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും അത്യാധുനിക സ്മാര്‍ട്ട് സാങ്കേതിക വിദ്യകളും നിരീക്ഷണ ക്യാമറകളും ഉപയോഗപ്പെടുത്തിയാണ് സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഓപറേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി സപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഉമര്‍ അല്‍ ഗസല്‍ അല്‍ ശംസി പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങള്‍ക്കും തുല്യ പങ്കുണ്ടെന്നും ഗതാഗത നിയമങ്ങള്‍ പാലിച്ചും കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയും പോലീസുമായി സഹകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.






