Connect with us

Kerala

'നിഴല്‍ പോലെ കൂടെയുണ്ടായിരുന്നയാള്‍, വിശ്വസ്ത സഹയാത്രികന്‍'; കാപ്പാടന്‍ രമേശന്റെ ഓര്‍മകളില്‍ വിതുമ്പി കെ സുധാകരന്‍

'ജീവിതയാത്രയില്‍ ചിലര്‍ ഒപ്പം നടക്കും. ചിലര്‍ ഒരു ഘട്ടത്തില്‍ പിരിഞ്ഞുപോകും. പക്ഷേ ചിലര്‍ ഉണ്ടാകും നമ്മുടെ നിഴലായി മാറി, നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകുന്നവര്‍.'

Published

|

Last Updated

കണ്ണൂര്‍ | മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കാപ്പാടന്‍ രമേശന്റെ ഓര്‍മയില്‍ വിതുമ്പി കെ സുധാകരന്‍. രമേശന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുന്ന ചടങ്ങിനിടെയാണ് സുധാകരന്‍ വികാരാധീനനായത്.

വാക്കുകൊണ്ടും, വിവരങ്ങള്‍ കൊണ്ടും ദൗത്യങ്ങള്‍ കൊണ്ടും തന്നെ സംരക്ഷിച്ചയാളാണ് കാപ്പാടന്‍ രമേശന്‍ എന്ന് സുധാകരന്‍ സ്മരിച്ചു. തനിക്ക് ഒരുപാട് കടമ്പകള്‍ കടന്നുവരാന്‍ സാഹചര്യമുണ്ടാക്കിയത് അദ്ദേഹമാണ്. സി പി എമ്മിന്റെ ഏത് ആക്രമണത്തെയും ചെറുക്കാന്‍ എന്നും എപ്പോഴും കാപ്പാടന്‍ കൂടെയുണ്ടായിരുന്നു. ആത്മാര്‍ഥമായ സമീപനവും പ്രവര്‍ത്തനവുമായിരുന്നു കാപ്പാടന്റേതെന്നും സുധാകരന്‍ സ്മരിച്ചു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥിത്വ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് കെ സുധാകരന്‍ വീണ്ടും പൊതുവേദിയിയില്‍ എത്തിയത്. സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന രമേശന്‍ 2020ല്‍ ഹൃദയാഘാതം മൂലം അന്തരിക്കുകയായിരുന്നു. കാപ്പാടന്‍ രമേശനെ ഓര്‍മിച്ചുകൊണ്ടുള്ള കുറിപ്പ് സുധാകരന്‍ എഫ് ബിയില്‍ പങ്കുവെച്ചിരുന്നു. വര്‍ഷങ്ങളോളം തന്റെ കൂടെ നിഴലായി നിന്നയാളും വിജയങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ കൂടെയുണ്ടായിരുന്ന വിശ്വസ്ത സഹയാത്രികനുമായിരുന്നു രമേശന്‍ എന്ന് സുധാകരന്‍ കുറിച്ചു. ഇന്ന് ഒപ്പമില്ലെങ്കിലും തനിക്ക് ആത്മവിശ്വാസം നല്‍കുന്ന ഓര്‍മയായി രമേശന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു. ഒരു മനുഷ്യന്‍ തന്റെ ജീവിതം മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചാല്‍, ആ മനുഷ്യന്‍ ഒരിക്കലും മരിക്കുകയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

സുധാകരന്റെ എഫ് ബി പോസ്റ്റ്:
ജീവിതയാത്രയില്‍ ചിലര്‍ ഒപ്പം നടക്കും. ചിലര്‍ ഒരു ഘട്ടത്തില്‍ പിരിഞ്ഞുപോകും. പക്ഷേ ചിലര്‍ ഉണ്ടാകും നമ്മുടെ നിഴലായി മാറി, നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകുന്നവര്‍.
വര്‍ഷങ്ങളോളം എന്റെ കൂടെ നിഴലായി നിന്ന ഒരാള്‍, എന്റെ സന്തോഷങ്ങളിലും പോരാട്ടങ്ങളിലും, വിജയങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ കൂടെയുണ്ടായിരുന്ന ഒരു വിശ്വസ്ത സഹയാത്രികന്‍, എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ശ്രീ. കാപ്പാടന്‍ രമേശന്‍…….

ഞാന്‍ മുന്നില്‍ നടന്നപ്പോള്‍ പിന്നില്‍ നിന്നു കരുത്തായി എന്നും രമേശന്‍ കൂടെ ഉണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌നേഹവും വിശ്വാസവും എന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു.

ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ ഒരു ദിവസം അദ്ദേഹം നമ്മെ വിട്ട് പോയി. ആ വാര്‍ത്ത കേട്ട നിമിഷം ഇന്നും എന്റെ മനസ്സില്‍ വേദനയായി നില്‍ക്കുന്നു. ജീവിതം മുഴുവന്‍ എനിക്കായി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായി ജീവിച്ച ഒരാള്‍, എനിക്കും പാര്‍ട്ടിക്കും വേണ്ടി തന്റെ സമയം, പരിശ്രമം, സ്‌നേഹം എല്ലാം നല്‍കിയ ശ്രീ. കാപ്പാടന്‍ രമേശന്‍ 2020 നവംബര്‍ ഒന്നിന്റെ പകലില്‍ മറു വാക്ക് പറയാന്‍ പോലും കാത്ത് നില്‍ക്കാതെ നമ്മെ വിട്ടുപോയത് എന്റെ ഹൃദയത്തില്‍ ഒരിക്കലും മായാത്തൊരു ശൂന്യതയായി ഇന്നും നില്‍ക്കുന്നു.അദ്ദേഹത്തിന്റെ വിയോഗത്തില്‍

ഞാന്‍ എന്നോട് തന്നെയൊരു വാക്ക് നല്‍കി. അദ്ദേഹത്തിന്റെ കുടുംബം ഇനി ഒറ്റപ്പെട്ടവരല്ല. അവര്‍ എന്റെ സ്വന്തം കുടുംബം തന്നെയാണ്. ഇന്ന് അവര്‍ക്ക് വേണ്ടി ഒരു വീട് ഉയര്‍ന്നു വന്നിരിക്കുന്നു. അത് ഒരു കെട്ടിടം മാത്രമല്ല മറിച്ച് ഒരു ഹൃദയ സ്മാരകമാണ്. എന്റെ ജീവിതത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും അദ്ദേഹം നിറച്ച സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ചെറിയൊരു തിരിച്ചടവ് മാത്രമാണ്.

കണ്ണൂരിന്റെ നാട്ടുവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഞാന്‍ എന്റെ പ്രിയപ്പെട്ടവനെ ഓര്‍ക്കാറുണ്ട്. കരിമേഘം നിറഞ്ഞ പഴയ കാലം.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സെന്ന എന്റെ പ്രസ്ഥാനം രാഷ്ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ട കാലം.തിരിച്ചുവരുമെന്ന വിശ്വാസം പോലുമില്ലാതെ അമ്മ വീട്ടില്‍ നിന്ന് യാത്രയാക്കുമ്പോള്‍ ശ്രീ കാപ്പാടന്‍ രമേശനെ പോലെയുള്ള നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു എന്റെ ആത്മബലം.

ശ്രീ കാപ്പാടന്‍ രമേശന്‍ ഇന്ന് എന്റെ കൂടെയില്ലെങ്കിലും, എനിക്ക് ആത്മവിശ്വാസം നല്‍കുന്ന ഓര്‍മ്മയായി കത്തിജ്വലിച്ചു നില്‍ക്കുന്നു. ഒരു മനുഷ്യന്‍ തന്റെ ജീവിതം മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചാല്‍, ആ മനുഷ്യന്‍ ഒരിക്കലും മരിക്കുകയില്ല.
അദ്ദേഹം നമ്മുടെ ഹൃദയങ്ങളില്‍ എപ്പോഴും ജീവിക്കും.

ആ മനുഷ്യസ്‌നേഹിയുടെ ദീപ്തസ്മരണകള്‍ക്ക് മുമ്പില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ സ്‌നേഹവും സംരക്ഷണവും എന്നും ഉണ്ടാകും.അദ്ദേഹത്തിന്റെ കുടുംബത്തിന് വീടൊരുക്കുവാന്‍ എനിക്കൊപ്പം നിന്ന എന്റെ പ്രിയപ്പെട്ടവരെയും, എന്റെ പ്രസ്ഥാനത്തെയും ഞാന്‍ എന്നും നന്ദിയോടെ ഓര്‍ക്കും.

 

---- facebook comment plugin here -----

Latest