From the print
മുഖ്യമന്ത്രിയുമായി വേദി പങ്കിടല്‍; ലീഗ് നേതാവിനെതിരെ നടപടിക്ക് സാധ്യത
ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പിന്നീടാകും നടപടി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയോട് ശിപാര്‍ശ ചെയ്യുക.

കാസര്‍കോട് | നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള യു ഡി എഫ് ആഹ്വാനം മറികടന്ന് മുഖ്യമന്ത്രിയുമായി വേദി പങ്കിട്ട മുസ്‌ലിം ലീഗ് നേതാവ് എന്‍ എ അബൂബക്കറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യതയേറി. പ്രമുഖ വ്യവസായിയും ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമാണ് അബൂബക്കര്‍.
ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പിന്നീടാകും നടപടി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയോട് ശിപാര്‍ശ ചെയ്യുക. അതേസമയം, മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടത് നാടിന്റെ വികസന വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണെന്നും ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അബൂബക്കര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, എന്‍ എ അബൂബക്കറിനെതിരെ നടപടി എടുക്കാന്‍ ജില്ലാ കമ്മിറ്റിക്ക് അധികാരമില്ലെന്നും അത് തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ‘സിറാജി’നോട് പറഞ്ഞു. യു ഡി എഫ് തീരുമാനത്തിന് വിരുദ്ധമായി അദ്ദേഹം നവകേരള സദസ്സില്‍ പങ്കെടുത്തത് ശരിയായില്ല. ഇക്കാര്യം ലീഗ് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യും. യോഗത്തിന് ശേഷം വിശദീകരണം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ തനിക്ക് മാനസിക സംഘര്‍ഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് അടിസ്ഥാനരഹിതമാണ്. തന്റെ കുടുംബാംഗങ്ങള്‍ ഇക്കാര്യം സംസാരിച്ചുവെന്നത് മുഖ്യമന്ത്രിയുടെ ഭാവനാസൃഷ്ടിയാണെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും വ്യക്തമാക്കി.