Connect with us

Oman

ശഹീന്‍: അഭയമൊരുക്കി ഐ സി എഫ്

Published

|

Last Updated

മസ്‌കത്ത് | മസ്‌കത്ത് അല്‍ ബാത്തിന മേഖലയില്‍ പ്രളയബാധിത പ്രദേശങ്ങളായ മുസന്ന, ബിദായ, സുവൈഖ്, ഖാബൂറ മേഖലകളില്‍ ഐ സി എഫ് സന്നദ്ധ സംഘം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. പാചകം ചെയ്ത ആയിരത്തിലധികം ഭക്ഷണ കിറ്റുകളും അവശ്യ വസ്തുക്കളുമാണ് വിതരണം ചെയ്തത്. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും വെവ്വേറെ കിറ്റുകളിലാക്കി പൊതുജനങ്ങള്‍ക്ക് നല്‍കി. കൂടാതെ പ്രളയജലം കയറി വൃത്തിഹീനമായ താമസസ്ഥലങ്ങളും വീടുകളും കടകളും വാണിജ്യ സ്ഥാപനങ്ങളും സന്നദ്ധ സംഘങ്ങള്‍ വൃത്തിയാക്കി വരികയാണ്. അണുനാശിനികള്‍, ക്ലീനിംഗ് വസ്തുക്കള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍ എന്നിവയും വിതരണം ചെയ്തു. പാല്‍, ബിസ്‌കറ്റ്, വെള്ളം, മെഴുകുതിരി, മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ചാര്‍ജറുകള്‍ എന്നിവയും പ്രളയ ബാധിതര്‍ക്ക് നല്‍കി.

ഐ സി എഫ് പ്രവാസത്തിന്റെ അഭയം എന്ന ജീവകാരുണ്യ പ്രമേയത്തെ സാധൂകരിക്കുന്നതായിരുന്നു സന്നദ്ധ പ്രവര്‍ത്തനമെന്ന് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നാഷണല്‍ സെക്രട്ടറി നജ്മുസ്സാഖിബ് പറഞ്ഞു. ഐ സി എഫ് സാന്ത്വനം, സര്‍വീസ് സമിതികള്‍ ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചത്. ബിദായ, മുസന്ന, സൊഹാര്‍, ബറക, ലിവ തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റികളിലെ സന്നദ്ധ സമിതി അംഗങ്ങളും നാഷണല്‍ കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളായി. നിസാര്‍ ഹാജി അല്‍ മദീന, അബ്ദുല്ല മട്ടന്നൂര്‍, ഹബീബ് ഹാജി മുസന്ന, മുഹമ്മദ് അലി സഖാഫി കിനാലൂര്‍ എന്നിവര്‍ വിവിധ സംഘങ്ങളെ നയിച്ചു.

നാഷണല്‍ എജ്യുക്കേഷന്‍ സെക്രട്ടറി അബ്ദുര്‍റഹ്‌മാന്‍ മാസ്റ്റര്‍, മുത്തുക്കോയ തങ്ങള്‍, അബ്ദുര്‍റസാഖ് സെയ്നി, മുജീബ് മുണ്ടോത്ത്, നദീര്‍ മുസന്ന, അഷ്റഫ് കോന്നി, ഹനീഫ് സഖാഫി, തന്‍സീര്‍ സഖാഫി, അഷ്റഫ് അന്‍വരി, അഫ്സല്‍, റഫീഖ്, ഫിറോസ് അല്‍റയാന്‍ ബേക്കറി, ശഫീഖ് ഖലന്തര്‍ ബാവ കെ സി എഫ് പങ്കെടുത്തു. വിപുലമായ പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ഐ സി എഫ് നാഷ്ണല്‍ സാന്ത്വനം സെക്രട്ടറി റഫീഖ് ധര്‍മടം അറിയിച്ചു.

 

Latest