From the print
പഠനം പാല്‍പ്പായസമാക്കി 'കുട്ട്യോളുടെ' ശഫീഖ് മാഷ്
ഇന്ന് ദേശീയ അധ്യാപക ദിനം.

മലപ്പുറം | ഇതൊരു ക്ലാസ്സ് മുറിയാണോ അതോ ഒരു നാടകവേദിയോ? സംശയിച്ചുപോകും മലപ്പുറം കുറുവ എ യു പി സ്‌കൂളിലെ കുട്ടികള്‍ക്ക് ശഫീഖ് തുളുവത്ത് എന്ന അധ്യാപകന്‍ ക്ലാസ്സെടുക്കുന്നത് കണ്ടാല്‍. വടിയും ഭീഷണിയുമില്ലാത്ത, ചിരിയും പാട്ടും നിറഞ്ഞ ഈ ക്ലാസ്സുകള്‍ ഓരോ വിദ്യാര്‍ഥിയുടെയും മനസ്സ് കീഴടക്കുന്നതാണ്. ക്ലാസ്സിലും സാമൂഹിക മാധ്യമങ്ങളിലെ റീലുകളിലും പഠനം പാല്‍പ്പായസമാക്കുന്ന വിദ്യകളുമായി നിറഞ്ഞുനില്‍ക്കുകയാണ് ഈ അധ്യാപകന്‍.
മൊബൈല്‍ സ്‌ക്രീനില്‍ റീലുകള്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍ ‘കുട്ട്യോ ളേ…’ എന്നൊരു വിളി കേട്ടാല്‍ ഏതൊരു കുട്ടിയും ഒരു നിമിഷം സ്‌ക്രോളിംഗ് അവിടെ നിര്‍ത്തും. ശഫീഖ് മാഷിന്റെ വീഡിയോ കാണാതെ അവര്‍ പിന്നെ മുന്നോട്ടുപോകില്ല. പാഠപുസ്തകത്തിലെ വരണ്ട അറിവുകള്‍ക്ക് ജീവന്‍ നല്‍കിയും കടുകട്ടി അറിവുകള്‍ ലളിതവും ആകര്‍ഷകവുമായ റീലുകളാക്കിയും വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നേരിട്ടവതരിപ്പിച്ചുമാണ് മാഷ് ശ്രദ്ധ നേടുന്നത്. ചരിത്രവും സാഹിത്യവും കണക്കുമെല്ലാം ഇത്രയും ലളിതമായിരുന്നോ എന്ന് ഏത് കുട്ടിയും ചോദിച്ചുപോകും മാഷിന്റെ ക്ലാസ്സിലിരുന്നാല്‍. ദണ്ഡിയാത്ര പഠിപ്പിക്കുമ്പോള്‍ ഗാന്ധിജിയായും കൃഷി പാഠങ്ങള പഠിപ്പിക്കുമ്പോള്‍ കര്‍ഷകനായും ഗണിതം പഠിപ്പിക്കുമ്പോള്‍ സംഖ്യകളായും മാഷ് കുട്ടികള്‍ക്കിടയിലേക്ക് ഇറങ്ങിവരും. കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സജീവമായ സമയത്താണ് ശഫീഖ് മാഷ് പുതിയ അധ്യാപന രീതി പരീക്ഷിച്ചത്. ഒരു അധ്യാപക പരിശീലന ക്ലാസ്സില്‍ സഹ അധ്യാപകരുടെ ആവശ്യപ്രകാരം തയ്യാറാക്കിയ ആദ്യ റീല്‍ തന്നെ കുട്ടികള്‍ ഏറ്റെടുത്തു. പിന്നെ പാഠപുസ്തകത്തിലെ ഓരോ അധ്യായങ്ങളും അദ്ദേഹം റീലുകളാക്കി മാറ്റി. കുഞ്ചന്‍ നമ്പ്യാരെക്കുറിച്ച് കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കിയ ‘തുള്ളലെന്നു കേട്ടാല്‍ കുഞ്ചനെ നമ്മള്‍ ഓര്‍ക്കണം കേട്ടോ…’ എന്ന് തുടങ്ങുന്ന പാട്ട് റീല്‍ മുമ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് ശഫീഖ് മാഷിന്റെ അധ്യാപന രീതി ശ്രദ്ധിക്കപ്പെട്ടത്. പുതിയ കാലത്ത് കുട്ടികളുടെ മനസ്സറിഞ്ഞ് വേണം അധ്യാപകര്‍ പഠിപ്പിക്കാനെന്ന് മാഷ് പറയുന്നു. എല്ലാ ക്ലാസ്സുകളും വ്യത്യസ്തമാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പാട്ടുകളോ, അഭിനയമോ, കഥാപാത്രങ്ങളോ അങ്ങനെ എന്ത് വേണമെങ്കിലും ഇതിനായി ഉപയോഗിക്കാം. ട്രെന്‍ഡിംഗ് പാട്ടുകളുടെ ഈണത്തില്‍ പാഠപുസ്തകത്തിലെ വിവരങ്ങള്‍ കോര്‍ത്തിണക്കുക വഴി കുട്ടികള്‍ക്ക് പഠനം എളുപ്പമുള്ള കാര്യമായി മാറുന്നുവെന്ന് മാഷ് സിറാജ് ലൈവിനോട് പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും യൂനിഫോമും വാങ്ങിക്കൊടുത്തും വിനോദയാത്രക്ക് പോകാന്‍ പറ്റാത്ത കുട്ടികളെ കൊണ്ടുപോയും മാഷിന്റെ സ്നേഹം പഠനത്തിനപ്പുറം വളരുന്നു. എട്ട് വര്‍ഷത്തെ അധ്യാപന ജീവിതത്തിനിടെ എ പി ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്ററിന്റെ അധ്യാപക അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ സഫ റസ്മയും അധ്യാപികയാണ്. മകള്‍ ഷിമാസ് അയ്തല്‍ എല്‍ കെ ജി വിദ്യാര്‍ഥിനിയാണ്.