Kerala
കലക്ടര്‍ ബ്രോയ്ക്ക് തിരിച്ചടി; കേന്ദ്ര സര്‍ക്കാര്‍ ആറുമാസത്തേക്ക് സസ്‌പെന്‍ഷന്‍ നീട്ടി
എന്‍ പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു
തിരുവനന്തപുരം | അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കലക്ടര്‍ ബ്രോ എന്നറിയപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. ആറു മാസത്തേക്ക് കേന്ദ്ര സര്‍ക്കാരാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ഐ എ എസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷമാണ് സംസ്ഥാനത്തിന് സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയുക.
എന്‍ പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറ് മസത്തേക്ക് കൂടി നീട്ടിയത്. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയത് ചൂണ്ടിക്കാട്ടി 2024 നവംബര്‍ 11 നാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്‌പെന്‍ഡ് ചെയ്തത് കേരളത്തിന്റെ സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യവുമായിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സര്‍ക്കാര്‍ പ്രശാന്തിന്റേത് ആദ്യം നാല് മാസത്തേക്ക് കൂടി നീട്ടി. പിന്നീട് പല ഘട്ടങ്ങളിലായുള്ള നീട്ടലാണ് ഒരു വര്‍ഷത്തിലെത്തി നില്‍ക്കുന്നത്. അതിനിടെ, എന്‍ പ്രശാന്തിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്റിംഗ് ഓഫീസര്‍.

