Connect with us

Kerala

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയ് അന്തരിച്ചു

ഏറെ നാളായി അസുഖബാധിതനായിരുന്നു.

Published

|

Last Updated

കൊച്ചി | ഇംഗ്ലീഷ്, മലയാളം മാധ്യമ പ്രവർത്തന രംഗത്ത് ഒരുപോലെ തിളങ്ങിയ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയ് (82) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്നു. സഹോദരൻ അയ്യപ്പൻ, സംസ്ഥാന സർക്കാറിന്റെ ഉന്നത മാധ്യമ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി അവാർഡ്  ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളേജിൽ എം എ വിദ്യാർഥിയായിരിക്കെ 1961ൽ കേരളപ്രകാശം പത്രത്തിൽ സഹപത്രാധിപരായാണ് മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചത്. ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്‌, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യു എൻ ഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്ത് നിന്ന് വിരമിച്ചു.

കേരള പത്രപ്രവർത്തക യൂനിയന്റെ പ്രസിഡന്റായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഫെഡറേഷൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റിന്റെ സെക്രട്ടറി ജനറലായും പ്രവർത്തിച്ചു. നോവലും കഥയുമടക്കം 12 പ്രധാന കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കൻ ഫൊക്കാന അവാർഡ്, പ്രഥമ സി പി ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്കാരം, ബാബരി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിന് 1993-ലെ മുട്ടത്തുവർക്കി അവാർഡ് അവാർഡ്, ശിവറാം അവാർഡ്, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ്‌ടൈം അവാർഡ് അടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ചു.