Connect with us

From the print

ചരിത്രമായി സ്‌നേഹയാത്ര; ഏറ്റെടുത്ത് നീലഗിരി

ഝാര്‍ഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് നീലഗിരിയിലെ തോട്ടങ്ങളില്‍ ഭൂരിഭാഗവും. വിയര്‍പ്പിന്റെ ഗന്ധമുള്ള അവരുടെ ജീവിതത്തെ സ്നേഹയാത്ര ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു.

Published

|

Last Updated

സനേഹയാത്രാ ഉപനായകൻ ഖലീൽ തങ്ങളെ നീലഗിരി ജില്ലയിൽ നേതാക്കൾ സ്വീകരിക്കുന്നു

ഗൂഡല്ലൂര്‍ | പച്ചപ്പട്ടുവിരിച്ച താഴ് വരകളില്‍ തൊഴിലാളികളോടൊപ്പം മനുഷ്യത്വത്തിന്റെ സ്നേഹയാത്ര. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ യാത്രയുടെ വാഹനവ്യൂഹം നീങ്ങുമ്പോള്‍ മലനിരകളില്‍ സ്നേഹമന്ത്രങ്ങള്‍ മാറ്റൊലികൊണ്ടു. സ്വീകരണ കേന്ദ്രങ്ങളിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് തേയിലത്തോട്ടങ്ങള്‍ക്കിടയിലെ സാധാരണ ജീവിതങ്ങളിലേക്ക് സ്നേഹയാത്ര കടന്നുചെന്നു.

കൊളുന്തു നുള്ളുന്ന തൊഴിലാളികള്‍ വഴിയോരങ്ങളിലേക്ക് ഓടിയെത്തിയപ്പോള്‍, അവരെ ചേര്‍ത്തുനിര്‍ത്താന്‍ യാത്രാ നായകര്‍ മറന്നില്ല. ഉപനായകന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍, ആദരവോടെയും അത്ഭുതത്തോടെയും തൊഴിലാളികള്‍ അദ്ദേഹത്തെ പൊതിഞ്ഞു.

ശേഖരിച്ച തേയിലക്കൊളുന്തുകള്‍ നല്‍കിക്കൊണ്ടാണ് തൊഴിലാളികള്‍ സ്നേഹയാത്രയെ വരവേറ്റത്. ഝാര്‍ഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് നീലഗിരിയിലെ തോട്ടങ്ങളില്‍ ഭൂരിഭാഗവും. വിയര്‍പ്പിന്റെ ഗന്ധമുള്ള അവരുടെ ജീവിതത്തെ സ്നേഹയാത്ര ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു.