Kerala
ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം മിനുട്‌സില്‍ മനപ്പൂര്‍വം തിരുത്തല്‍ വരുത്തി; എ പത്മകുമാറിനെതിരെ എസ് ഐ ടി
പിച്ചള പാളി എന്നതിനു പകരം ചെമ്പ് എന്ന് എഴുതി. അനുവദിക്കുന്നു എന്നും എഴുതിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയത്.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). പാളികള്‍ കൊടുത്തുവിടാനുള്ള ദേവസ്വം മിനുട്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനപ്പൂര്‍വമാണെന്ന് എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചു. പിച്ചള പാളി എന്നതിനു പകരം ചെമ്പ് എന്ന് എഴുതി. അനുവദിക്കുന്നു എന്നും എഴുതിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയത്.
സ്വര്‍ണം പൂശാന്‍ തന്ത്രി അനുമതി നല്‍കിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ് ഐ ടി റിപോര്‍ട്ടില്‍ പറയുന്നു. മഹസറില്‍ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല. കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യപ്പെട്ടത് തന്ത്രി അല്ല. തന്ത്രിയുടെ അഭിപ്രായവും എ പത്മകുമാര്‍ തേടിയിട്ടില്ല.
കേസില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ മറ്റ് നിരവധി ഗുരുതരമായ കണ്ടെത്തലുകളും എസ് ഐ ടി റിപോര്‍ട്ടിലുണ്ട്. സ്വര്‍ണപാളികള്‍ അറ്റകുറ്റപ്പണിക്ക് കൊടുത്തുവിട്ട നടപടിക്രമങ്ങള്‍ മനപ്പൂര്‍വം അട്ടിമറിച്ചു, 2019ല്‍ സ്വര്‍ണപ്പാളികള്‍ പോറ്റിക്ക് കൊടുത്തുവിട്ട ശേഷം മേല്‍നോട്ടം വഹിക്കുന്നതില്‍ കെ എസ് ബൈജു വീഴ്ച വരുത്തി, ദേവസ്വം സ്വര്‍ണപ്പണിക്കാരന്റെ സാന്നിധ്യത്തില്‍ ഡി സുധീഷ്‌കുമാര്‍ മഹസറില്‍ ചെമ്പുതകിടുകള്‍ എന്ന് രേഖപ്പെടുത്തി തുടങ്ങിയവയാണ് കണ്ടെത്തലുകള്‍.
ദ്വാരപാലക ശില്‍പ പാളികള്‍ക്കൊപ്പം മറ്റ് പാളികളിലെ സ്വര്‍ണവും തട്ടിയെടുക്കാന്‍ പ്രതികള്‍ വന്‍ പദ്ധതി തയ്യാറാക്കിയതെന്നും വലിയ കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയും ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി നാഗ ഗോവര്‍ധനും സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ. പങ്കജ് ഭണ്ഡാരിയും ക്രിമിനല്‍ ഗൂഢാലോചന നടത്തി. 2025 ഒക്ടോബറില്‍ മൂന്ന് പ്രതികളും ബെംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തിയെന്നും സ്വര്‍ണക്കവര്‍ച്ചയില്‍ സ്വമേധയാ സ്വീകരിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു ഇതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.



