From the print
അന്‍പു പയനം ദ്രാവിഡ മണ്ണില്‍ നിന്ന് ഏറനാട്ടിലേക്ക്
മാനവസ്നേഹത്തിന്റെ സന്ദേശമോതുന്ന അന്‍പു പയനത്തിന് (സ്നേഹ യാത്ര) നൂറുകണക്കിന് പേര്‍ ഹൃദയാഭിവാദ്യമര്‍പ്പിച്ചു.
കേരള മുസ്‌ലിം ജമാഅത്തിന്റെ സ്നേഹയാത്ര തമിഴ്‌നാട് നീലഗിരി ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ ഉപനായകന്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ക്ക് തോട്ടംതൊഴിലാളികള്‍ തേയില സമ്മാനിക്കുന്നു | ഫോട്ടോ: ഷെമീര്‍ ഊര്‍പ്പള്ളി
ഗൂഡല്ലൂര്‍ | തേയിലത്തോട്ടം പച്ചവിരിച്ച നീലഗിരിയുടെ ദ്രാവിഡ രാഷ്ട്രീയ ഭൂമികയില്‍ സ്നേഹയാത്രക്ക് ആവേശകരമായ സ്വീകരണം. പശിയകറ്റാന്‍ കാര്‍ഷികവൃത്തിയും കൂലിവേലയും തൊഴിലാക്കിയ മനുഷ്യരുടെ വിയര്‍പ്പൊഴുകുന്ന മലമടക്കുകളിലൂടെയാണ് യാത്ര കടന്നുപോയത്. മാനവസ്നേഹത്തിന്റെ സന്ദേശമോതുന്ന അന്‍പു പയനത്തിന് (സ്നേഹ യാത്ര) നൂറുകണക്കിന് പേര്‍ ഹൃദയാഭിവാദ്യമര്‍പ്പിച്ചു.
മുക്കുമൂലകളില്‍ സമസ്തയുടെ മൂവര്‍ണപതാക തൂക്കിയാണ് തമിഴ് സമൂഹം യാത്രയെ വരവേറ്റത്. വയനാടിന്റെ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി ഇന്നലെ രാവിലെ എട്ടോടെയാണ് യാത്ര നീലഗിരിയുടെ ത്രിഭാഷാ സംഗമഭൂമിയിലേക്ക് പ്രയാണം ആരംഭിച്ചത്. സംസ്ഥാന അതിര്‍ത്തിയായ ചേരമ്പാടിയില്‍ സംഘടനയുടെ നീലഗിരി ജില്ലാ നേതാക്കളും പ്രവര്‍ത്തകരും യാത്രയെ സ്വീകരിച്ചു. വിവിധ മതവിഭാഗ പ്രതിനിധികള്‍ യാത്രാനായകരെ ഷാളണിയിച്ചു.
ചേരമ്പാടിയിലെ സ്വീകരണത്തിന് ശേഷം പന്തല്ലൂരില്‍ നടന്ന സ്നേഹവിരുന്നില്‍ രാഷ്ട്രീയ- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഗൂഡല്ലൂരില്‍ പ്രൗഢമായ റാലിയും സെന്റിനറി ഗാര്‍ഡ് മാര്‍ച്ചും നടന്നു. ഗാന്ധി മൈതാനിയിലെ റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍ നഗരിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കെ പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. പൊന്‍ ജയശീലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡോ. പി എ മുഹമ്മദ്കുഞ്ഞ് സഖാഫി, മുഹമ്മദ് പറവൂര്‍ പ്രമേയ പ്രഭാഷണം നടത്തി. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഹാരിസ് സഖാഫി സേലം, ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, സി കെ കെ മദനി പ്രസംഗിച്ചു.
അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, എന്‍ അലി അബ്ദുല്ല, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി സംബന്ധിച്ചു. കേരളയാത്ര ഇന്ന് ഏറനാട്ടിലേക്ക് കടക്കും.



