From the print
ത്രിഭാഷാ സംഗമഭൂമിക്ക് നവ്യാനുഭവം പകര്‍ന്ന് സ്നേഹ സമ്മേളനം
റാലി ഗൂഡല്ലൂരിലെ ഗാന്ധി മൈതാനത്തേക്ക് പ്രവേശിച്ചതോടെ നഗരം ആദര്‍ശ വക്താക്കളാല്‍ വീര്‍പ്പുമുട്ടി. സ്‌നേഹയാത്രയെ നീലഗിരിയിലെ തമിഴ് മക്കള്‍ ഏറ്റെടുത്തത് ആവേശപൂര്‍വം.
ഗൂഡല്ലൂരിൽ നൽകിയ സ്വീകരണത്തിൽ പേരോട് അബ്ദുർറഹ്‌മാൻ സഖാഫി പ്രസംഗിക്കുന്നു
ഗൂഡല്ലൂര്‍ | ത്രിഭാഷാ സംഗമ മണ്ണിന് നവ്യാനുഭവം പകര്‍ന്ന് സ്നേഹയാത്ര. ഈ മാസം ഒന്നിന് കാസര്‍കോട് നിന്നാരംഭിച്ച് സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും നല്ല പാഠങ്ങള്‍ ചൊരിഞ്ഞ് പ്രയാണം തുടരുന്ന കേരളയാത്രയുടെ ഭാഗമായി നീലഗിരിയിലെത്തിയ സനേഹയാത്ര അക്ഷരാര്‍ഥത്തില്‍ ചരിത്ര സംഭവമാകുകയായിരുന്നു.
കേരളത്തോട് തൊട്ടുരുമ്മി നില്‍ക്കുന്ന തമിഴ്‌നാട്ടിലെ സുഗന്ധവ്യജ്ഞന നാടായ നീലഗിരി ജില്ലയുടെ ആസ്ഥാന നഗരിയായ ഗൂഡല്ലൂര്‍ സ്നേഹയാത്രയെ ഏറ്റെടുത്തു. തമിഴ്, മലയാളം, കന്നഡ ഭാഷകളുടെ സമ്മിശ്ര ഭൂമിയാണിത്. ഗൂഡല്ലൂരിന്റെ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്ത് നേരത്തേ തന്നെ പരിപാടി ആരംഭിച്ചിരുന്നു. വൈകിട്ട് മൂന്നിന് റാലി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഗൂഡല്ലൂരും പരിസരവും സുന്നീ പ്രവര്‍ത്തകരാല്‍ തിങ്ങിനിറഞ്ഞു. റാലി ഗൂഡല്ലൂരിലെ ഗാന്ധി മൈതാനത്തേക്ക് പ്രവേശിച്ചതോടെ നഗരം ആദര്‍ശ വക്താക്കളാല്‍ വീര്‍പ്പുമുട്ടി.
എന്നും കേരളത്തോട് ചങ്ങാത്തം; സ്നേഹയാത്രയെ നെഞ്ചേറ്റി തമിഴ് മക്കള്‍
ഗൂഡല്ലൂര്‍ | എക്കാലത്തും കേരളത്തോട് ചങ്ങാത്തം പുലര്‍ത്തുന്ന നീലഗിരിയിലെ തമിഴ് മക്കള്‍ക്ക് കേരളയാത്ര സ്വന്തം യാത്രയാണ്. സമസ്തയുടെ സുന്ദര ആദര്‍ശത്തെ പിന്തുടരുന്ന നീലഗിരിയിലെ പ്രവര്‍ത്തകര്‍ സമസ്തയും കേരള മുസ്‌ലിം ജമാഅത്തും കീഴ്ഘടകങ്ങളും നിര്‍ദേശിക്കുന്ന മുഴുവന്‍ പദ്ധതികളും നടപ്പാക്കുന്നവരാണ്. അതിനാല്‍ തന്നെ സ്‌നേഹയാത്രയെയും ഈ നാട് ആവേശപൂര്‍വമാണ് ഏറ്റെടുത്തത്. തമിഴിലും മലയാളത്തിലുമായിരുന്നു ഇവിടെ പ്രഭാഷണം നടന്നത്.



