Connect with us

Uae

ഫലസ്തീൻ ഭൂമി പിടിച്ചെടുക്കുന്നത് അബ്രഹാം ഉടമ്പടികളുടെ തത്വങ്ങൾക്ക് എതിര്: യു എ ഇ

യു എ ഇയാണ് ഗസ്സയിലെ ഏറ്റവും വലിയ ഉഭയകക്ഷി ദാതാവായി മാറിയത്

Published

|

Last Updated

അബൂദബി| ഫലസ്തീന്റെ ഭാവിയാണ് മധ്യപൂർവദേശത്തെ സമാധാനത്തിന് അത്യന്താപേക്ഷിതമെന്ന് യു എ ഇ വിദേശകാര്യ സഹമന്ത്രി ലാന നുസൈബ പറഞ്ഞു. ഫലസ്തീൻ ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്റാഈലിന്റെ ഏതൊരു നീക്കവും അബ്രഹാം ഉടമ്പടികളുടെ തത്വങ്ങൾക്ക് എതിരാകുമെന്നും അവർ പറഞ്ഞു. അബൂദബിയിൽ നടന്ന ഹിലി ഫോറം 2025-ൽ സംസാരിക്കുകയായിരുന്നു അവർ. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒപ്പുവെച്ച അബ്രഹാം ഉടമ്പടികൾ സഹവർത്തിത്വത്തിനും പ്രാദേശിക ഐക്യത്തിനും വേണ്ടിയുള്ളതാണെന്ന് മന്ത്രി പറഞ്ഞു. ഫലസ്തീന് ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിന് ഈ ഉടമ്പടികൾ വഴിയൊരുക്കുമെന്ന് അവർ ഓർമപ്പെടുത്തി.

ഇസ്റാഈൽ ഫലസ്തീൻ ഭൂമി പിടിച്ചെടുക്കുന്നത് സമാധാനത്തിനുള്ള വഴി അടക്കുമെന്ന് മാത്രമല്ല, അബ്രഹാം ഉടമ്പടികളുടെ തത്വങ്ങളെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്. ഇത് യു എ ഇക്ക് ഒരു തത്വത്തിന്റെയും സമാധാനത്തിന്റെയും വിഷയമാണ്, ഒരു റെഡ് ലൈൻ കൂടിയാണ്.
യു എ ഇയാണ് ഗസ്സയിലെ ഏറ്റവും വലിയ ഉഭയകക്ഷി ദാതാവായി മാറിയതെന്നും അവർ പറഞ്ഞു. “ഞങ്ങൾ 44 ശതമാനം മാനുഷിക സഹായവും ഗസ്സയിലെത്തിച്ചു. കൂടാതെ, 3,000-ത്തോളം അഭയാർഥികളെയും രോഗികളെയും യു എ ഇയിലേക്ക് ചികിത്സയ്ക്കായി എത്തിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

ഇസ്റാഈൽ പദ്ധതികൾ തള്ളിക്കളഞ്ഞ് യു എ ഇ പ്രസിഡന്റും ജോർദാൻ രാജാവും

വെസ്റ്റ് ബേങ്ക് പിടിച്ചെടുക്കാനുള്ള ഇസ്റാഈൽ പദ്ധതികൾ തള്ളിക്കളഞ്ഞ് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനും ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും. അബൂദബിയിലെ ഖസ്ർ അൽ ശാതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ചർച്ചചെയ്തത്. ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങളെ പിന്തുണക്കുന്ന യു എ ഇയുടെയും ജോർദാന്റെയും ഉറച്ച നിലപാട് ശൈഖ് മുഹമ്മദും അബ്ദുല്ല രാജാവും ആവർത്തിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ നീതിയും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

 

 

Latest