Connect with us

National

ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി; അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ്

2023 ജനുവരിയിൽ ഹിൻഡൻബർഗ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്.

Published

|

Last Updated

മുംബൈ | അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് ക്രമക്കേടുകളും സംബന്ധിച്ച ആരോപണങ്ങളിലാണ് സെബി അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകിയത്. ഇതോടെ അദാനി ഗ്രൂപ്പ് നേരിട്ട പ്രതിസന്ധിക്ക് അയവ് വരും. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ സുതാര്യതയും സത്യസന്ധതയും എപ്പോഴും അദാനി ഗ്രൂപ്പിന്റെ മുഖമുദ്രയാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രസ്താവന പുറത്തിറക്കി.

വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച ശേഷം, കാരണം കാണിക്കൽ നോട്ടീസിൽ (SCN) ആരോപിക്കപ്പെട്ട കാര്യങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മനസ്സിലാക്കുന്നതായി സെബിയുടെ മുഴുവൻ സമയ അംഗം കമ്ലേഷ് ചന്ദ്ര വർഷ്ണി വ്യക്തമാക്കി. അതിനാൽ, നോട്ടീസ് ലഭിച്ചവരുടെ പേരിൽ യാതൊരു ബാധ്യതയും ചുമത്തേണ്ട ആവശ്യമില്ലെന്നും ശിക്ഷാവിധി നിർണ്ണയിക്കേണ്ട കാര്യമില്ലെന്നും കമ്ലേഷ് ചന്ദ്ര വർഷ്ണി പറഞ്ഞു.

അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, അദാനി പവർ, അദാനി എൻ്റർപ്രൈസസ്, രാജേഷ് അദാനി, ഗൗതം അദാനി, ജുഗെഷിന്ദർ സിംഗ് (ഗ്രൂപ്പ് സിഎഫ്ഒ), മൈൽസ്റ്റോൺ ട്രേഡ്‌ലിങ്ക്‌സ്, റെഹ്‌വാർ ഇൻഫ്രാസ്ട്രക്ചർ എന്നിവർക്കെതിരെയാണ് ഹിൻഡൻബർഗ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്.

2023 ജനുവരിയിൽ ഹിൻഡൻബർഗ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. അദാനി എൻ്റർപ്രൈസസിനും അദാനി പവർ മുന്ദ്രക്കും 2020-21 കാലയളവിൽ അദാനി ഇൻഫ്രാ ലിമിറ്റഡ് വഴി മൈൽസ്റ്റോൺ ട്രേഡ്‌ലിങ്ക്‌സും റെഹ്‌വാർ ഇൻഫ്രാസ്ട്രക്ചറും സാമ്പത്തിക സഹായം നൽകിയെന്നാണ് ആരോപണം. മൈൽസ്റ്റോൺ, റെഹ്‌വാർ എന്നീ സ്ഥാപനങ്ങളുടെ ഫണ്ടിന്റെ യഥാർത്ഥ ഉറവിടത്തെക്കുറിച്ചും ഹിൻഡൻബർഗ് ചോദ്യങ്ങൾ ഉയർത്തിയിരുന്നു.

2018-19 മുതൽ 2022-23 വരെയുള്ള കാലയളവിലെ സാമ്പത്തിക ഇടപാടുകളിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ സെബി വിശദമായ അന്വേഷണം നടത്തിയിരുന്നു. ആരോപിക്കപ്പെട്ട ഫണ്ടുകളും വായ്പകളും പലിശ സഹിതം പൂർണ്ണമായി തിരിച്ചടച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ, ഈ ഇടപാടുകൾ അന്നത്തെ നിയമങ്ങൾക്ക് അനുസൃതമായിരുന്നുവെന്നും സെബി വ്യക്തമാക്കി.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യത്തിൽ നിന്ന് ഏകദേശം 100 ബില്യൺ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് കാരണം പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ ദുരിതം തനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്ന് ഗൗതം അദാനി പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർ രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest