Connect with us

International

ഗസ്സായിലെ ഇസ്‌റാഈല്‍ ആക്രമണം; അപലപിച്ച് സഊദിയും ചൈനയും ഖത്വറും

ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം. പ്രാദേശിക സ്ഥിരതയെ ഭീഷണിപ്പെടുത്തുന്നു.

Published

|

Last Updated

റിയാദ്/ദോഹ/ബീജിംഗ് | ഗസ്സായില്‍ ഇസ്‌റാഈല്‍ നടത്തുന്ന സൈനിക നടപടികളെ സഊദി അറേബ്യ, ചൈന, ഖത്വര്‍ എന്നീ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും പ്രാദേശിക സ്ഥിരതയെ ഭീഷണിപ്പെടുത്തുന്നുവെന്നും മൂന്ന് രാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ പറഞ്ഞു.

സഊദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇസ്‌റാഈല്‍ അധിനിവേശ സേനയുടെ ‘തുടര്‍ച്ചയായ കുറ്റകൃത്യങ്ങള്‍’ എന്നാണ് വിശേഷിപ്പിച്ചത്. സംഘര്‍ഷം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതിന് അന്താരാഷ്ട്ര സമൂഹത്തെ സഊദി വിമര്‍ശിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടികളെ അപലപിച്ചു. അക്രമം അവസാനിപ്പിക്കാനും ഗസ്സായിലെ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കാനും അടിയന്തര അന്താരാഷ്ട്ര ശ്രമങ്ങള്‍ നടത്തണമെന്നും സഊദി ആവശ്യപ്പെട്ടു.

ഇസ്‌റാഈല്‍ കരസേന നടത്തിയ ആക്രമണത്തെ ഫലസ്തീന്‍ ജനതയ്ക്കെതിരായ യുദ്ധത്തിന്റെ വിപുലീകരണവും ‘അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനവുമാണെന്ന്’ ഖത്വര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 1967 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനും ഫലസ്തീന്‍ ലക്ഷ്യത്തിനും ഖത്വറിന്റെ പിന്തുണ ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഗസ്സായില്‍ ഇസ്‌റാഈലിന്റെ സൈനിക നടപടികള്‍ വര്‍ധിപ്പിച്ചതിനെ ചൈന ശക്തമായി എതിര്‍ക്കുന്നുവെന്നും സാധാരണക്കാരെ ദ്രോഹിക്കുകയും അന്താരാഷ്ട്ര നിയമം ലംഘിക്കുകയും ചെയ്യുന്ന എല്ലാ പ്രവൃത്തികളെയും അപലപിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.

ബുധനാഴ്ച ഫലസ്തീനില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 51 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 38 ഉം ഗസ്സാ നഗരത്തിലായിരുന്നു.

 

Latest