Connect with us

National

സനാതന ധര്‍മ്മ ചര്‍ച്ചകള്‍ ഒഴിവാക്കണം: പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി എംകെ സ്റ്റാലിന്‍

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറക്കാനും ജനശ്രദ്ധ തിരിക്കാനും ബിജെപി മിടുക്കരാണെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം.

Published

|

Last Updated

ചെന്നൈ| സനാതന ധര്‍മ്മ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ അഴിമതി ആയുധമാക്കണമെന്നും സനാതന ധര്‍മ്മ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നുമാണ് സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ദിവസങ്ങള്‍ക്ക് മുമ്പ്, സനാതന ധര്‍മ്മം സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ക്യാബിനറ്റ് മന്ത്രിമാരോട് പറഞ്ഞത്, അദ്ദേഹം ഇതില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് എംകെ സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറക്കാനും ജനശ്രദ്ധ തിരിക്കാനും ബിജെപി മിടുക്കരാണെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. ഭാരത് മാല, ദ്വാരക എക്‌സ്പ്രസ് വേ പദ്ധതികള്‍ ഉള്‍പ്പെടെയുളള കേന്ദ്ര പദ്ധതികളില്‍ 7.50 ലക്ഷം കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ട് അത് വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അഴിമതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തടയാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അതിനായി സനാതന ധര്‍മ്മത്തിന്റെ ചുവടുപിടിച്ച് ജനശ്രദ്ധ തിരിക്കുകയാണെന്നും ദ്രാവിഡര്‍ കഴകം നേതാവ് കെ വീരമണി ചൂണ്ടിക്കാട്ടി. ബിജെപിയുടെ അഴിമതിയെക്കുറിച്ച് നമ്മള്‍ കൂടുതല്‍ സംസാരിക്കണമെന്നും വീരമണി പറഞ്ഞു.

 

 

 

Latest