Connect with us

International

യുക്രൈനെതിരായ യുദ്ധപ്രഖ്യാപനത്തില്‍ റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരും: ജോ ബൈഡന്‍

യുക്രൈനെതിരെ റഷ്യ നടത്തിയ അന്യായമായ സൈനിക നടപടി കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും അമേരിക്കയും നാറ്റോസഖ്യകക്ഷികളും ഇതിനു മറുപടി നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍ അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | യുക്രൈനെതിരെ റഷ്യ നടത്തിയ യുദ്ധ പ്രഖ്യാപനത്തില്‍ മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈനിതിരായ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും തുടര്‍നടപടികള്‍ ജി7, നാറ്റോ രാഷ്ട്രത്തലവന്‍മാരുമായി ചര്‍ച്ച ചെയ്യുമെന്നും ബൈഡന്‍ വ്യക്തമാക്കി.

യുക്രൈനെതിരെ റഷ്യ നടത്തിയ അന്യായമായ സൈനിക നടപടി കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും അമേരിക്കയും നാറ്റോസഖ്യകക്ഷികളും ഇതിനു മറുപടി നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍ അറിയിച്ചു.റഷ്യന്‍ സൈന്യത്തിന്റെ അന്യായമായ അധിനിവേശത്തെ നേരിടുന്ന യുക്രെയ്നിലെ ജനങ്ങള്‍ക്കൊപ്പമാണ് ലോകജനത.റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍ ആസൂത്രിതമായി യുദ്ധം തിരഞ്ഞെടുക്കുകയായിരുന്നു. വലിയ നാശനഷ്ടങ്ങള്‍ക്കും വഴിവയ്ക്കുന്ന ഈ തീരുമാനം യുക്രൈന്‍ ജനതയെ നരകയാതനയിലേക്ക് തള്ളിവിടും. പുട്ടിന്‍ പ്രഖ്യാപിച്ച സൈനിക നടപടി പ്രകോപനപരവും ഒരുതരത്തിലും നീതികരിക്കാന്‍ സാധിക്കാത്തതുമാണ്. ഇതിനെല്ലാം റഷ്യ കണക്ക് പറയേണ്ടി വരും – ജോ ബൈഡന്‍ പറഞ്ഞു.

അതേസമയം റഷ്യയുടെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിനകത്തെ വ്യോമഗതാഗതത്തിന് യുക്രൈന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രത്യേക വിമാനം ഇന്ന് രാവിലെ ഉക്രെയ്‌നിലെ ബോറിസ്പില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. യുക്രൈന്‍ തലസ്ഥാനമായ കീവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. യുദ്ധഭീതിയില്‍ യുക്രൈനില്‍ നിന്നും രക്ഷപ്പെടാനായി ആയിരക്കണക്കിന് പേര്‍വിമാനത്താവളത്തിലെത്തിയിട്ടണ്ടെന്നാണ് വിവരം.

അതേസമയം യുക്രൈനിലെ സൈനിക നടപടിയെക്കുറിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചര്‍ച്ച നടന്നു. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍ പ്രത്യേക സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ചതെന്നും വംശഹത്യയില്‍ നിന്നും യുക്രൈന്‍ ജനതയെ രക്ഷപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും രക്ഷാസമിതിയിലെ റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി.