National
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി അന്തരിച്ചു
വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് ഓഫീസ് അറിയിച്ചു.
പൂനെ|മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സുരേഷ് കല്‍മാഡി അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കല്‍മാഡി ഹൗസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് ഓഫീസ് അറിയിച്ചു.
പൂനെയില്‍ നിന്നുള്ള കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന സുരേഷ് കല്‍മാഡി. റെയില്‍വേ സഹമന്ത്രിയായും ദീര്‍ഘകാലം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനെയില്‍ നിന്ന് ഒന്നിലധികം തവണ അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സുരേഷ് കല്‍മാഡിയുടെ നിര്യാണത്തില്‍ വിവിധ രാഷ്ട്രീയ-കായിക പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.




