Kerala
പുനര്‍ജനി പദ്ധതി: വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ അവിശുദ്ധബന്ധം; വിജിലന്‍സ് റിപ്പോര്‍ട്ട്
വി ഡി സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയര്‍മാന്‍ അമീര്‍ അഹമ്മദ് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം| പുനര്‍ജനി ഭവന പദ്ധതി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ അവിശുദ്ധബന്ധമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വി ഡി സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയര്‍മാന്‍ അമീര്‍ അഹമ്മദ് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒമാന്‍ എയര്‍വെയ്സ് നല്‍കിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി ഡി സതീശന്‍ യുകെയിലേക്ക് പോയതും തിരികെ വന്നതും. മണപ്പാട്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദാണ് സതീശന് വേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് ശരിയാക്കി കൊടുത്തത്. ഈ ടിക്കറ്റിന് ടാക്‌സ് അടച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 നവംബര്‍ 27ന് മണപ്പാട്ട് ഫൗണ്ടേഷന്‍ അക്കൗണ്ട് തുറന്നു. പുനര്‍ജനി സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ കറന്റ് അക്കൗണ്ട് വഴിയും പണം സ്വീകരിച്ചു. പുനര്‍ജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തതായാണ് വിജിലന്‍സ് കണ്ടെത്തല്‍.
പണം സ്വരൂപിച്ച മിഡ്‌ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും, പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പറസാധാരണഗതിയില്‍ എന്‍ജിഒകള്‍ തമ്മില്‍ ഇത്തരം ഇടപാടുകളില്‍ എംഒയു ഒപ്പുവെക്കാറുണ്ടെന്നും വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നു.




