Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന്റെയും ഗോവര്‍ദ്ധന്റെയും ജാമ്യ ഹരജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെയും സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്റെയും ജാമ്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ജാമ്യാപേക്ഷയില്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പൂര്‍ണമായും നിഷേധിക്കുകയാണ് എ പത്മകുമാര്‍. നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ തോതില്‍ സംഭാവനകള്‍ നല്‍കുന്ന വ്യക്തിയാണെന്നാണ് സ്വര്‍ണ വ്യാപാരിയായ ഗോവര്‍ദ്ധന്‍ ജാമ്യ ഹരജിയില്‍ പറയുന്നത്.
അതേസമയം സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. രേഖകള്‍ മറച്ചു വയ്ക്കാന്‍ ചില വ്യക്തികള്‍ ശ്രമിച്ചെങ്കിലും സുപ്രധാന രേഖകള്‍ കണ്ടെത്താനും വീണ്ടെടുക്കാനും അന്വേഷണ സംഘത്തിനു കഴിഞ്ഞെന്നു ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു.




