Ongoing News
ഹരിത വിഷയം സഭയില്‍ ഉന്നയിച്ച് ഭരണപക്ഷം; പ്രതിഷേധിച്ച് പ്രതിപക്ഷം
സ്ത്രീകളുടെ തുല്ല്യപദവി അംഗീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | 15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിലെ ആദ്യ ദിവസം ഹരിത വിഷയം സഭയില്‍ ഉന്നയിച്ച് ഭരണപക്ഷം. സ്ത്രീ വിരുദ്ധ പരാതിയില്‍ സംസ്ഥാനത്തെ ഒരു പാര്‍ട്ടി ഇരകള്‍ക്കെതിരായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇടത് അംഗം പി പി ചിത്തരഞ്ജനാണ് സഭയില്‍ ചോദ്യം ഉന്നയിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെടുത്തിയായിരുന്നു ചിത്തരഞ്ജന്റെ ചോദ്യം. എന്നാല്‍ ഇത് രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. ഇത്തരം ചോദ്യങ്ങള്‍ ചോദ്യോത്തര വേളയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ചോദ്യമാണിതെന്നും ആ സമയത്ത് ആരും എതിര്‍പ്പ് അറിയിച്ചില്ലെന്നും സ്പീക്കര്‍ അറിയിച്ചു.
തുടര്‍ന്ന് പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചിത്തരജ്ഞന്‍ ചോദ്യം ചോദിച്ച് സംസാരിക്കുകയായിരുന്നു. വിഷയത്തില്‍ മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ലീഗിനെതിരെ പരോക്ഷ വിമര്‍ശനവും നടത്തി. സ്ത്രീകളുടെ തുല്ല്യപദവി അംഗീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ നിന്ന് നേതാക്കള്‍ മാറിനില്‍ക്കണം. സ്ത്രീകള്‍ക്ക് അന്തസോടെ ജീവിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണം. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.





