Connect with us

madrassa text book

കുരുന്നു മനസ്സുകളിലേക്ക് റോഡ് നിയമങ്ങൾ; സുന്നി വിദ്യാഭ്യാസ ബോർഡിന് അഭിനന്ദന പ്രവാഹം

കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള 10,000ലേറെ മദ്റസകളിലെ കുരുന്നു മനസ്സുകളിലേക്കാണ് റോഡ് സുരക്ഷാ സന്ദേശമെത്തിക്കുന്നത്.

Published

|

Last Updated

തിരൂരങ്ങാടി | റോഡ് സുരക്ഷയുടെ ബാലപാഠങ്ങൾ കുരുന്നു മനസ്സുകളിലേക്ക് പകർന്ന് നൽകുന്ന മദ്റസാ പാഠപുസ്തകത്തിന് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ അഭിനന്ദന പ്രവാഹം. റോഡുകളിലെ കുരുതികൾക്ക് അറുതി വരുത്താൻ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷാ ബോധവത്കരണം ഉൾപ്പെടുത്തണമെന്ന ആവശ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മൂന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന ദുറൂസുൽ ഇസ്‌ലാം (ഇസ്‌ലാമിക അധ്യാപനങ്ങൾ) എന്ന പാഠപുസ്തകത്തിലൂടെ ഈ ദൗത്യം നിറവേറ്റുന്നത്.

“തവക്കൽതു അലല്ലാഹ്’ എന്ന അധ്യായത്തിൽ ഗൾഫിൽ നിന്ന് വരുന്ന പിതാവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് വാഹനത്തിൽ പോകുന്നത് ഒരു സംഭാഷണത്തിലൂടെ തീർത്തും മനഃശാസ്ത്രപരമായാണ് ഗതാഗത നിയമ അവബോധം ഇളം മനസ്സുകളിലേക്ക് ഇട്ടുകൊടുക്കുന്നത്. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള 10,000ലേറെ മദ്റസകളിലെ കുരുന്നു മനസ്സുകളിലേക്കാണ് റോഡ് സുരക്ഷാ സന്ദേശമെത്തിക്കുന്നത്.

മൂത്താപ്പ: മോനേ സീറ്റ് ബെൽറ്റിടൂ.
വസീം: എന്തിനാണ് സീറ്റ് ബെൽറ്റ്?
മൂത്താപ്പ: കാർ യാത്രക്കാർ സീറ്റ് ബെൽറ്റിടണം, ഇരുചക്ര വാഹന യാത്രക്കാർ ഹെൽമെറ്റ് ധരിക്കണം. അത് സുരക്ഷക്ക് വേണ്ടിയാണ്.
വസീം: ഇക്കാ വണ്ടി സ്പീഡിൽ വിടൂ.
മൂത്താപ്പ: വേണ്ട മോനേ അമിത വേഗം ആപത്താണ്.
കാർ ട്രാഫിക് ജംഗ്ഷനിലെത്തി.
വസീം: എന്തിനാണ് കാർ നിർത്തിയത്?
ഡ്രൈവർ: ഇത് ട്രാഫിക് ജംഗ്ഷനാണ് ചുവന്ന ലൈറ്റ് തെളിഞ്ഞാൽ വണ്ടി നിർത്തണം. മറുഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് പോകാനുള്ള അവസരമാണിത്. ട്രാഫിക് നിയമങ്ങൾ പാലിക്കൽ നിർബന്ധമാണ്. പച്ച ലൈറ്റ് തെളിഞ്ഞു, വാഹനം മുന്നോട്ടെടുത്തു. അവർ വിമാനത്താവളത്തിലെത്തി. ഇങ്ങനെയാണ് പാഠ ഭാഗം തുടങ്ങുന്നത്. കുട്ടികൾ ഈ ആശയം അരക്കിട്ടുറപ്പിക്കുന്നതിന് പാഠം കഴിഞ്ഞ് തദ്‌രീബാത്തിൽ (അഭ്യാസം) ചോദ്യങ്ങളും നൽകിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് എന്തിന്? എന്ന ചോദ്യത്തിന് പുറമെ ട്രാഫിക് നിയമങ്ങൾ കണ്ടെത്താൻ കുട്ടികളെ നിർദേശിക്കുന്നുമുണ്ട്.

വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ചൊല്ലേണ്ട പ്രാർഥനകൾ പഠിപ്പിക്കുന്നതിന് പുറമെ വാഹനങ്ങളിലും റോഡിലും പാലിക്കേണ്ട നിയമങ്ങളെല്ലാം ഒരു മുസ്‌ലിം പാലിക്കാൻ ബാധ്യസ്ഥരാണെന്ന ബോധ്യമാണ് വരും തലമുറക്ക് പകർന്നു നൽകുന്നത്. സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പരിഷ്‌കരിച്ച ഈ പാഠഭാഗം ഏതാനും ദിവസം മുമ്പാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

Latest