accident death
തൃശൂരിലും കണ്ണൂരിലും വാഹനാപകടങ്ങൾ; നാല് പേർ മരിച്ചു
മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്.

തൃശൂർ/ കണ്ണൂർ | തൃശൂരിലും കണ്ണൂരിലുമുണ്ടായ വാഹനാപകടങ്ങളിൽ നാല് പേർ മരിച്ചു. തൃശൂർ നാട്ടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കളാണ് മരിച്ചത്. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. പരുക്കേറ്റവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊടൈക്കനാലിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കണ്ണൂർ കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ചാണ് രണ്ട് പേർ മരിച്ചത്. കാട്ടാമ്പള്ളി ഇടയിൽപീടിക സ്വദേശികളായ അജീർ (26), ബന്ധു റാഫിയ (അഞ്ച്) എന്നിവരാണ് മരിച്ചത്. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചുപോകുന്നതിനിടെ ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധു എട്ട് വയസ്സുകാരി ഫാത്വിമ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.