Uae
വിപ്ലവ നായകൻ; പ്രവാസി മനസ്സുകളിലും ജ്വലിച്ചു നിന്ന വി എസ്
ഗൾഫ് രാജ്യങ്ങളിൽ അടിക്കടി വരുന്ന നേതാവല്ലെങ്കിലും മലയാളി സംഘടനകൾ സംഘടിപ്പിച്ച പല പരിപാടികളിലും വി എസ് തന്റെ സന്ദേശം അറിയിച്ചിട്ടുണ്ട്.

ദുബൈ|മണലാരണ്യത്തിലെ മലയാളി മനസ്സുകളിലും വിപ്ലവത്തിന്റെ കനലെരിയിച്ച നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ. യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അദ്ദേഹത്തിന് വലിയൊരു അനുയായിവൃന്ദം തന്നെയുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെക്കാലം നിറഞ്ഞുനിന്ന വി എസ്, പ്രവാസികളുടെ പ്രശ്‌നങ്ങളിലും എന്നും ശ്രദ്ധാലുവായിരുന്നു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ പ്രവാസികൾക്കായി നിരവധി കാര്യങ്ങൾ ചെയ്യുന്നതിന് ശ്രമങ്ങളുണ്ടായി. യാത്രാ പ്രശ്‌നങ്ങൾ, തൊഴിൽപരമായ വിഷയങ്ങൾ, സാമൂഹിക സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും വലിയ പങ്കുവഹിച്ചു. ഗൾഫ് രാജ്യങ്ങളിൽ അടിക്കടി വരുന്ന നേതാവല്ലെങ്കിലും മലയാളി സംഘടനകൾ സംഘടിപ്പിച്ച പല പരിപാടികളിലും വി എസ് തന്റെ സന്ദേശം അറിയിച്ചിട്ടുണ്ട്.
സാധാരണക്കാരന്റെ പോരാട്ട വീര്യത്തിന്റെ പ്രതീകമായിരുന്ന വി എസിന്റെ രാഷ്ട്രീയ ജീവിതം എന്നത് പ്രവാസികൾക്ക് ആവേശമായിരുന്നു. പ്രവാസി പെൻഷൻ പോലുള്ള ക്ഷേമപദ്ധതികൾക്ക് തുടക്കം കുറിച്ചതും വി എസ് സർക്കാരാണ്.
എം എ യൂസുഫലി
മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകൾ നിറഞ്ഞു നിന്നിരുന്ന സഖാവ് വി എസ് അച്യുതാനന്ദൻ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവായിരുന്നു.
വി എസ്സുമായി വളരെ അടുത്ത സ്‌നേഹബന്ധമാണ് ഞാൻ വെച്ച് പുലർത്തിയിരുന്നത്. 2017-ൽ യു എ ഇ സന്ദർശിച്ച അവസരത്തിൽ അബൂദബിയിലെ എന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഒരു ഓർമയായി ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
ബോൾഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായപ്പോൾ സത്യസന്ധനായ കച്ചവടക്കാരൻ എന്നായിരുന്നു അദ്ദേഹം എന്നെപ്പറ്റി പറഞ്ഞത്.
തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അവിടെപ്പോയി മകൻ അരുൺ കുമാറിനോടും മറ്റ് ബന്ധുക്കളോടും അന്വേഷിക്കുകയും ചെയ്തിരുന്നു. എന്റെ സഹോദരതുല്യനായ സഖാവ് വി എസ്സിന്റെ ഈ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു.
ഡോ. ആസാദ് മൂപ്പൻ
വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. പല അവസരങ്ങളിലും വി എസിനെ കണ്ടുമുട്ടാനും സംവദിക്കാനും സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തമായ ചിന്താഗതിയും സാധാരണക്കാരനോടുള്ള ആഴമായ സ്‌നേഹവും നീതിക്കുവേണ്ടിയുള്ള പോരാട്ടവും എക്കാലത്തും ഓർമിക്കപ്പെടും. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലും മുൻ മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം സാധാരണക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടു.
ഡോ. ഷംഷീർ വയലിൽ
വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിലൂടെ ജനപ്രിയനായ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. അതീവ ദുഃഖകരമാണ് അദ്ദേഹത്തിന്റെ വിയോഗം. സാധാരണ ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു വി എസ്. പുതിയ അറിവുകൾ തേടാൻ പ്രായം ഒരു തടസ്സമല്ലെന്ന് പുതുതലമുറയെ അദ്ദേഹം സദാ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. ജനകീയ വിഷയങ്ങളിൽ പരിഹാരം കാണാൻ ടെക്‌നോളജിയുടെ സാധ്യതകൾ ഉപയോഗിക്കണമെന്ന വി എസിന്റെ നിലപാട് വരുംതലമുറ നേതാക്കൾക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
എസ് എം ജാബിർ
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർത്തി ഇന്നത്തെ സി പി ഐ എം രൂപീകരിച്ച സ്ഥാപക നേതാക്കളിൽ അവശേഷിച്ച ഏക ആൾ. സമര വീര്യവും നിലപാടിലെ ആർജ്ജവവും വ്യക്തിജീവിതവും കൊണ്ടു രാഷ്ട്രീയ എതിരാളികൾക്കും വി എസ് ഒരു പാഠപുസ്തകം ആയിരുന്നു. ജന്മിത്വത്തിനും ഫ്യൂഡൽ പ്രഭുത്വത്തിനും എതിരെ ആരംഭിച്ച സമരജീവിതത്തിൽ ഒരു ഘട്ടത്തിൽ സ്വന്തം പാർട്ടിയുടെ നേതൃത്വത്തിൽ ഉള്ളവർക്കെതിരെയും പോരാട്ടം നടത്തി എന്നതാണ് വി എസിന്റെ സവിശേഷത. കമ്മ്യൂണിസ്റ്റ് ആയി ജീവിച്ചു കമ്മ്യൂണിസ്റ്റ് ആയി മരിച്ച, വിപ്ലവകാരിക്ക് ഇൻകാസ് യു എ ഇ യുടെ ആദരാഞ്ജലികൾ.
എൻ കെ കുഞ്ഞഹമ്മദ്
പ്രവാസികളോട് ഏറ്റവും കരുതൽ കാട്ടിയിരുന്ന ഭരണാധികാരി ആയിരുന്ന വി എസ് എന്ന് പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് അനുശോചിച്ചു.
ഓർമ
അടിസ്ഥാന വർഗത്തിന് കനത്ത നഷ്ടമാണ് വി എസ്സിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ഓർമ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും ജ്വലിച്ചു നിന്ന സൂര്യനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഏറ്റവും പാവപ്പെട്ടവന് വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു സഖാവ് വി എസ്. അനീതിക്കെതിരെ അദ്ദേഹം നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു. ജന്മി നാടുവാഴിത്തത്തിന് എതിരെ പോരാട്ടങ്ങൾ സംഘടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തൊഴിലാളികൾക്ക് നേരെയുള്ള ചൂഷണങ്ങൾക്ക് എതിരെ അദ്ദേഹം ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തു. വി എസ്സിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
ശക്തി തിയറ്റേഴ്സ് അബുദാബി
പാവപ്പെട്ടവരോടും സാധാരണക്കാരോടും ഒപ്പം എന്നും നിലകൊണ്ട വി എസ് അച്യുതാനന്ദൻ പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി നിരന്തരം പോരാടിയ സമരപോരാളിയായിരുന്നു.
ജീവിതാനുഭവങ്ങളിലൂടെ സ്വാംശീകരിച്ച വർഗരാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ച വി എസ് മർദിതരോടും ചൂഷിതരോടും ഉള്ള പക്ഷപാതം പോലെ സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും വേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിച്ചുപോന്നിരുന്നുവെന്ന് ശക്തി തിയറ്റേഴ്സ് അബൂദബിക്ക് വേണ്ടി പ്രസിഡന്റ്കെ വി ബശീർ, ജനറൽ സെക്രട്ടറി എ എൽ സിയാദ് അഭിപ്രായപ്പെട്ടു.
കേരള സോഷ്യൽ സെന്റർ
അരികുവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി ജീവിതം സമരായുധമാക്കിയ വി എസ് അച്യുതാനന്ദൻ സാധാരണക്കാരുടെ പ്രതീക്ഷയും പ്രത്യാശയുമായി തിളങ്ങി നിന്ന വ്യക്തിത്വത്തിനുടമയായിരുന്നുവെ
മലയാളം മിഷൻ ദുബൈ
മലയാളം മിഷന്റെ സ്ഥാപകനും ആദ്യ ചെയർമാനും ആയ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ മലയാളം മിഷൻ ദുബൈ അനുശോചിച്ചു.