mathew kuzhalnadan's resort
റിസോർട്ട് ക്രമക്കേട്: കുഴൽനാടന് മറുപടിയില്ലെന്ന് സി പി എം, നികുതി വെട്ടിപ്പ് സംബന്ധിച്ചും മൗനം
'വെളിപ്പെടുത്തിയതിനേക്കാൾ 30 ഇരട്ടി സ്വത്ത് കുഴൽനാടനുണ്ട്. ഭൂമി വാങ്ങാനുള്ള പണം കുഴൽനാടന് എവിടെ നിന്ന് ലഭിച്ചു?'

കൊച്ചി | കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം എൽ എയുടെ വാർത്താ സമ്മേളനത്തിന് മറുപടിയുമായി സി പി എം എറണാകുളം ജില്ലാ നേതൃത്വം. കുഴൽനാടനെതിരെ കൂടുതൽ ആരോപണങ്ങളും സി പി എം ഉന്നയിച്ചിട്ടുണ്ട്. ഇടുക്കി ചിന്നക്കനാലിൽ നിർമിച്ച റിസോർട്ടിൻ്റെ ക്രമക്കേട് സംബന്ധിച്ച് കുഴൽനാടൻ മൗനം പാലിച്ചെന്നും ഇക്കാര്യത്തിൽ മറുപടിയില്ലെന്നും സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വെളിപ്പെടുത്തിയതിനേക്കാൾ 30 ഇരട്ടി സ്വത്ത് കുഴൽനാടനുണ്ട്. ഭൂമി വാങ്ങാനുള്ള പണം കുഴൽനാടന് എവിടെ നിന്ന് ലഭിച്ചു?. വിദേശത്ത് നിന്ന് പണം സ്വീകരിക്കാനുള്ള അനുവാദം ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരം നൽകണം. തിരഞ്ഞെടുപ്പിൽ കള്ള സത്യവാങ്‌മൂലമാണ് മാത്യു കുഴൽനാടൻ നൽകിയത്. നികുതി വെട്ടിപ്പിനെക്കുറിച്ചും മൗനം പാലിക്കുകയാണ്.
ചിന്നക്കനാലിൽ സ്ഥിരം താമസക്കാരനാണെന്ന് കാണിച്ചാണ് കുഴൽനാടൻ ഭൂമി വാങ്ങിയത്. വീട് വെക്കാൻ മാത്രം അനുവാദമുള്ള സ്ഥലത്താണ് റിസോർട്ട് പണിതത്. ഇത് എല്ലാവർക്കും ബോധ്യമായി. റിസോർട്ട് അല്ല ഗസ്റ്റ് ഹൗസ് ആണെന്നാണ് കുഴൽനാടൻ്റെ ന്യായം. എന്നാൽ ബുക്കിംഗ് സൈറ്റുകളിൽ ത്രീ സ്റ്റാർ റിസോർട്ട്‍ ആയാണ് മാത്യു കുഴൽനാടൻ്റെ എറ്റേർണോ കപ്പിത്താൻസ് ഡേൽ ലിസ്റ്റ് ചെയ്തത്. സൈറ്റുകളിൽ ഇപ്പോഴും ബുക്കിംഗ് നടക്കുന്നുണ്ടെന്നും സി എൻ മോഹനൻ പറഞ്ഞു.