Connect with us

Uae

താമസ കേന്ദ്രങ്ങൾ ഇ-സ്‌കൂട്ടറുകൾ നിരോധിക്കുന്നത് വ്യാപകമാകുന്നു

2025 ആദ്യ അഞ്ച് മാസങ്ങളിൽ, ദുബൈയിൽ ഇ-സ്‌കൂട്ടറുകളുടെ ദുരുപയോഗവും അശ്രദ്ധമായ റോഡ് മുറിച്ചു കടക്കലും മൂലം 13 ജീവൻ നഷ്ടപ്പെട്ടു.

Published

|

Last Updated

ദുബൈ| നിയമം പാലിക്കാതെ ഇ-സ്‌കൂട്ടർ ഓടിക്കുന്നതിനെതിരെ താമസ കേന്ദ്രങ്ങൾ നടപടി വ്യാപകമാക്കുന്നു. 2025 ആദ്യ അഞ്ച് മാസങ്ങളിൽ, ദുബൈയിൽ ഇ-സ്‌കൂട്ടറുകളുടെ ദുരുപയോഗവും അശ്രദ്ധമായ റോഡ് മുറിച്ചു കടക്കലും മൂലം 13 ജീവൻ നഷ്ടപ്പെട്ടു. 2024ൽ പത്ത് മരണങ്ങളാണ് സംഭവിച്ചത്. 259 പേർക്ക് പരുക്കേറ്റു. ഇ-സ്‌കൂട്ടറുകളും ഇ-ബൈക്കുകളും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗം വാഗ്ദാനം ചെയ്യുന്നുവെങ്കിലും എളുപ്പം അപകടത്തിൽപ്പെടുന്നു. അവയുടെ വർധിച്ചുവരുന്ന ജനപ്രീതി ഗതാഗത നിയമലംഘനങ്ങളുടെയും മരണങ്ങളുടെയും വർധനവിന് കാരണമായി.

താമസ കേന്ദ്രങ്ങൾ കർശനമായ നിയന്ത്രണങ്ങളോ പൂർണമായ നിരോധനങ്ങളോ ആവശ്യപ്പെടുന്നു. എന്നിരുന്നാലും മൊത്തത്തിലുള്ള നിരോധനം പരിഹാരമല്ലെന്നും ഈ ഗതാഗത രീതികളെ ആശ്രയിക്കുന്ന ദൈനംദിന യാത്രക്കാർക്ക് ഒരു തിരിച്ചടിയാണെന്നും മറ്റുള്ളവർ വാദിക്കുന്നു. ചില റൈഡർമാരുടെ ഗതാഗത നിയമങ്ങളോടുള്ള അവഗണന സമൂഹങ്ങൾക്ക് ആശങ്കയായി മാറിയിരിക്കുന്നു. വിക്ടറി ഹൈറ്റ്‌സ്, ജുമൈറ ബീച്ച് റെസിഡൻസസ് തുടങ്ങിയ അയൽപ്പക്കങ്ങൾ അവയുടെ ഉപയോഗം പൂർണമായും നിരോധിച്ചു. സുരക്ഷാ അപകടങ്ങളെയും സ്വത്ത് നാശത്തെയും കുറിച്ച് താമസക്കാരിൽ നിന്നുള്ള നിരന്തരമായ പരാതികളെയും സുരക്ഷാ ജീവനക്കാരുടെ റിപ്പോർട്ടുകളെയും തുടർന്നാണ് നിരോധനം.

“വിക്ടറി ഹൈറ്റ്‌സ് കമ്മ്യൂണിറ്റിയിലെ പലരിൽ നിന്നും ശക്തമായ പരാതി ലഭിച്ചു. പൊതുജന സുരക്ഷയുടെ ഏറ്റവും മികച്ച താത്പര്യത്തിനായിരിക്കും നിരോധനം എന്ന അഭിപ്രായം ഓണേഴ്സ് കമ്മിറ്റി ഞങ്ങളുടെ മാനേജ്മെന്റ്കമ്പനിയായ സോംസി-നെ അറിയിച്ചു. ദുബൈ അധികൃതരുമായി കൂടിയാലോചിച്ച ശേഷമാണ് നിരോധനം.’ റെസിഡൻഷ്യൽ ഓണേഴ്‌സ് കമ്മിറ്റി പറഞ്ഞു. താമസിക്കുന്ന സ്ഥലങ്ങളിലൂടെ വാഹനമോടിക്കുക, ലാൻഡ്സ്‌കേപ്പ് ചെയ്ത മേഖലകൾക്ക് കേടുപാടുകൾ വരുത്തുക, കമ്മ്യൂണിറ്റി സുരക്ഷാ നിയന്ത്രണങ്ങൾ ഒഴിവാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സംഭവങ്ങൾ താമസക്കാർ റിപ്പോർട്ട് ചെയ്യുകയും ജീവനക്കാർ നിരീക്ഷിക്കുകയും ചെയ്തു. 2024 ആഗസ്റ്റിൽ ജുമൈറ ബീച്ച് റെസിഡൻസ് കമ്മ്യൂണിറ്റിയിൽ ഇ-സ്‌കൂട്ടറുകളും ഇ-ബൈക്കുകളും ഉപയോഗിക്കുന്നത് നിരോധിച്ചു.

 

 

Latest