Connect with us

Organisation

രാജ്യത്ത് മതസൗഹാർദ്ദവും ജനാധിപത്യവും കൂടുതൽ ശക്തമാകണം: പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

കൽപ്പറ്റ ദാറുൽ ഫലാഹ് മുപ്പതാം വാർഷിക- സനദ് ദാന സമ്മേളനം സമാപിച്ചു

Published

|

Last Updated

കൽപ്പറ്റ | ഇന്ത്യ വിവിധ സംസ്കാരങ്ങളും മത മൂല്യങ്ങളും ഉൾക്കൊള്ളുന്ന വിശാല ജനാധിപത്യ രാഷ്ട്രമാണെന്നും മതസൗഹാർദവും പരസ്പര വിശ്വാസവും അതിപ്രധാനമാണെന്നും സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ പറഞ്ഞു. കൽപ്പറ്റ ദാറുൽ ഫലാഹിൽ ഇസ്ലാമിയ്യയുടെ മുപ്പതാം വാർഷിക സനദ് ദാന സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യം എല്ലാവരുടേതുമാണ്. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ബഹുസ്വരതയാണ് നമ്മുടെ അടിസ്ഥാനശില. ഭരണഘടന എല്ലാ ജനവിഭാഗങ്ങൾക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാൻ അവകാശം നൽകുന്നുണ്ട്. സ്വസ്ഥജീവിതം പൗരന്മാരുടെ അവകാശമാണ്. അതിനു വിഘാതം നിൽക്കുന്ന തീവ്രവാദ, ഭീകര പ്രസ്ഥാനങ്ങളെ തുറന്നു കാട്ടണം. അത്തരം പ്രത്യയശാസ്ത്രങ്ങളുടെ അപകടം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ മുസ്‌ലിം പണ്ഡിതന്മാർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അവർ അത് എല്ലാ കാലത്തും നിർവഹിച്ചിട്ടുണ്ടെന്നും പൊന്മള കൂട്ടിച്ചേർത്തു.

ജ്ഞാന പാതയത്തിന്റെ കർമ സാക്ഷ്യം എന്ന പ്രമേയത്തിൽ മൂന്ന് ദിവസമായി കൽപ്പറ്റ ദാറുൽ ഫലാഹ് 30ാം വാർഷിക സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ദാറുൽ ഫലാഹ് വൈസ് പ്രസിഡണ്ട് കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സമസ്ത ട്രഷറർ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു.

സ്ഥാപനത്തിൽ നിന്ന് പഠനം പൂർത്തീകരിച്ചവർക്ക് നൽകുന്ന  മൗലവി ഫാളിൽ ലത്വീഫി അൽഫലാഹി എന്ന സനദ് സമസ്ത പ്രസിഡൻ്റ് ഈ സുലൈമാൻ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, പി ഹസൻ മൗലവി ബാഖവി, കെ സി അബൂബക്കർ ഹസ്റത്ത് എന്നിവർ വിതരണം ചെ്യ്തു.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി അബ്ദുൽ ഹക്കീം അസ്ഹരി പ്രസംഗിച്ചു.

സമാപന പ്രാർഥനക്ക് സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകി. സ്ഥാപനത്തിൻറെ വിഷൻ 35 ജനറൽ സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി അവതരിപ്പിച്ചു. കെ ഒ അഹമ്മദ് കുട്ടി ബാഖവി, എസ് ഷറഫുദ്ദീൻ, ബഷീർ സഅദി നെടുങ്കരണ, സി ടി അബ്ദുല്ലത്തീഫ്, പി ഉസ്മാൻ മൗലവി, ടി പി അബ്ദുസ്സലാം മുസ്‌ലിയാർ സംബന്ധിച്ചു. ഉമർ സഖാഫി ചെതലയം സ്വാഗതവും നസീർ കോട്ടത്തറ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest