Connect with us

Ongoing News

കോണ്‍ഗ്രസിന് ആശ്വാസം; ഹിമാചലില്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി

വിമത എം എല്‍ എ മാര്‍ നല്‍കിയ ഹരജിയില്‍ ഹിമാചല്‍ പ്രദേശ് നിയമസഭ സ്പീക്കര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് വിമത എം എല്‍ എമാര്‍ക്ക് തിരിച്ചടിയായി സുപ്രീം കോടതി നടപടി. എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായില്ല. കോണ്‍ഗ്രസിന് ആശ്വാസമാകുന്നതാണ് കോടതി നടപടി. അയോഗ്യരാക്കിയത് ചോദ്യം ചെയ്ത് വിമത എം എല്‍ എ മാര്‍ നല്‍കിയ ഹരജിയില്‍ ഹിമാചല്‍ പ്രദേശ് നിയമസഭ സ്പീക്കര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.അതേ സമയം വിമതര്‍ക്ക് സഭാ നടപടികളില്‍ പങ്കാളിയാകുന്നതിനോ വോട്ടു ചെയ്യുന്നതിനോ ഉള്ള അവകാശം കോടതി അനുവദിച്ച് നല്‍കിയിട്ടില്ല.

രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തതിനാണ് ആറ് കോണ്‍ഗ്രസ് വിമത എംഎല്‍എ മാരെ സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയ അയോഗ്യരാക്കിയത്. ഇതു ചോദ്യം ചെയ്താണ് വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യസഭ തെരഞ്ഞെടുപ്പിനും പിന്നാലെ, നിയമസഭയില്‍ ധനകാര്യ ബില്ലിലും സര്‍ക്കാരിനെതിരെ ഇവര്‍ നിലപാട് സ്വീകരിച്ചിരുന്നു.സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള വിപ്പ് ലംഘിച്ചതോടെയാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടൂ, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നിവരാണ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍. ആറുപേര്‍ അയോഗ്യരായതോടെ, നിയമസഭയിലെ അംഗബലം 68ല്‍ നിന്ന് 62 ആയി കുറഞ്ഞു.

---- facebook comment plugin here -----

Latest