Connect with us

From the print

മോചിപ്പിച്ചത് അടിവസ്ത്രം മാത്രം ധരിപ്പിച്ച്; ഫലസ്തീൻ തടവുകാരോട് ഇസ്‌റാഈലിന്റെ കൊടുംക്രൂരത

ഗസ്സയിൽ നിന്ന് അധിനിവേശ ആക്രമണത്തിനിടെ പിടിച്ചുകൊണ്ടുപോയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന തടവുകാരോട് ഹൃദയം നുറുങ്ങുന്ന ചെയ്തികളാണ് ഇസ്‌റാഈൽ സൈന്യത്തിന്റേതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് യു എൻ മനുഷ്യാവകാശ ഉദ്യോഗസ്ഥൻ നടത്തുന്നത്.

Published

|

Last Updated

ഗസ്സാ സിറ്റി | ഗസ്സയിൽ കൊടിയ മനുഷ്യത്വവിരുദ്ധ ആക്രമണങ്ങളുമായി മുന്നോട്ടുപോകുന്ന ഇസ്‌റാഈൽ സൈന്യം തടവുകാരോട് ചെയ്യുന്ന കൊടും ക്രൂരത പുറത്ത്. ഗസ്സയിൽ നിന്ന് അധിനിവേശ ആക്രമണത്തിനിടെ പിടിച്ചുകൊണ്ടുപോയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന തടവുകാരോട് ഹൃദയം നുറുങ്ങുന്ന ചെയ്തികളാണ് ഇസ്‌റാഈൽ സൈന്യത്തിന്റേതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് യു എൻ മനുഷ്യാവകാശ ഉദ്യോഗസ്ഥൻ നടത്തുന്നത്.
ഹമാസ് ബന്ധം ആരോപിച്ച് പിടിച്ചുകൊണ്ടുപോകുന്ന നിരപരാധികളായ ഗസ്സാ നിവാസികളെ രണ്ട് മാസത്തോളം തടവിലിട്ട് അതിക്രൂരമായി പീഡിപ്പിക്കുന്ന രീതിയാണ് ഇസ്‌റാഈൽ സ്വീകരിക്കുന്നത്. ഇസ്‌റാഈലിൽ നിന്ന് പിടികൂടിയ ബന്ദികളെ സുരക്ഷിതമായി പാർപ്പിക്കുകയും മാന്യമായ രീതിയിൽ വിട്ടയക്കുകയും ചെയ്യുന്ന രീതിയാണ് ഹമാസ് തുടരുന്നതെങ്കിൽ കോച്ചിപ്പിടിക്കുന്ന തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് ഫലസ്തീൻ തടവുകാരെ ഇസ്‌റാഈൽ മോചിപ്പിക്കുന്നത്. കണ്ണുകൾ കെട്ടിയും ശരീരമാസകലം മുറിവേൽപ്പിച്ചും തടവുകാരോട് ക്രൂരത കാണിക്കുകയാണെന്ന് യു എൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. അടുത്തിടെ ഇസ്‌റാഈൽ തടവറയിൽ നിന്ന് മോചിരായ ഫലസ്തീനികളുമായി നടത്തിയ അഭിമുഖത്തിന് ശേഷമാണ് ഗുരുതരമായ വെളിപ്പെടുത്തലുമായി യു എൻ രംഗത്തെത്തിയത്. വസ്ത്രങ്ങൾ അഴിപ്പിച്ച് കണ്ണുകൾ കെട്ടി കൊടും തണുപ്പിൽ അജ്ഞാത ഇടങ്ങളിലേക്ക് ഫലസ്തീനികളെ കൊണ്ടുപോകുന്നതിന്റെയും ആക്രമണത്തിൽ പരുക്കേറ്റ് കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി തെളിവുകൾ യു എന്നിന്റെ പക്കലുമുണ്ട്.

ഞങ്ങളുടെ മുന്നിലിട്ട് കൊന്നു
ഗസ്സയിൽ നിന്ന് പിടികൂടിയ സ്ത്രീകളുടെ മുന്നിലിട്ട് അവരുടെ ഭർത്താക്കന്മാരും ബന്ധുക്കളുമടങ്ങുന്ന പുരുഷന്മാരെ കൂട്ടക്കൊല ചെയ്തതായും വെളിപ്പെടുത്തൽ. അതിക്രൂരമായ ആക്രമണങ്ങൾ നടത്തിയും പീഡിപ്പിച്ചും തോക്കിൻമുനയിൽ നിർത്തിയുമാണ് തന്റെ ഭർത്താവടക്കം വരുന്ന 11 പേരെ ഇസ്‌റാഈൽ സൈന്യം വെടിവെച്ച് കൊന്നതെന്നാണ് ഉമ്മു ഉദൈ സാലിം എന്ന യുവതി വെളിപ്പെടുത്തുന്നത്. തന്നെയും മകളെയും ക്രൂരമായി മർദിക്കുകയും സാധാരണക്കാരാണെന്ന് പറഞ്ഞിട്ടും ആക്രമണം തുടർന്നതായും അവർ വ്യക്തമാക്കുന്നു. ഇതിന് ശേഷമാണ് തങ്ങളുടെ മുന്നിൽവെച്ച് പുരുഷന്മാരെ കൂട്ടക്കൊല നടത്തിയതെന്നും അവർ പറഞ്ഞു.

ആശുപത്രിയിൽ ആക്രമണം
ഇസ്‌റാഈൽ ആക്രമണത്തിൽ പരുക്കേറ്റവരടക്കം ആയിരക്കണക്കിന് രോഗികളും നൂറോളം ജീവനക്കാരുമടക്കം പതിനായിരങ്ങൾ അഭയം പ്രാപിച്ച തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിൽ ആശ്രുപത്രിക്ക് നേരെ വ്യാപക ആക്രമണം. നാസർ ആശുപത്രി ഇസ്‌റാഈൽ സൈന്യം വളഞ്ഞിരിക്കുകയാണ്.
ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടവെന്നും കെട്ടിടം തകർന്നുവെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കി. ഖാൻ യൂനുസിലെ അൽ അമൽ ആശുപത്രിക്ക് നേരെയും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. വടക്കൻ ഗസ്സയിലെ ആശുപത്രികൾ തകർത്ത ഇസ്‌റാഈൽ സൈന്യം തെക്കൻ മേഖലയിലെ ശേഷിക്കുന്ന ആശുപത്രികളും ലക്ഷ്യംവെക്കുകയാണ്.
142 പേർ കൊല്ലപ്പെട്ടു
ഗസ്സയിൽ വ്യോമ, കരയാക്രമണം ശക്തമാക്കിയ ഇസ്‌റാഈൽ സൈന്യം 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 142 പേരെ. ആശുപത്രികളിൽ നിന്നും രക്ഷാപ്രവർത്തകരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗസ്സയിൽ ഒക്ടോബർ ഏഴ് മുതൽ നടന്ന ഇസ്റാഈൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 24,762 ആയി. 62,108 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

Latest