Connect with us

Kerala

ദമ്പതികളെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫര്‍-മേരി ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

|

Last Updated

കൊച്ചി | ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചി വടുതലയില്‍ലാണ് പ്രദേശത്തെ നടുക്കിയ സംഭവം ഉണ്ടായത്. പച്ചാളം സ്വദേശി വില്യം ആണ് ക്രൂര കൃത്യം നിര്‍വഹിച്ച ശേഷം ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫര്‍-മേരി ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റു.

വടുതല ലൂര്‍ദ് ആശുപത്രിക്ക് പിന്നില്‍ താമസിക്കുന്ന കുടുംബങ്ങളാണ് ഇവര്‍. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് അറിയുന്നത്. തൊട്ടടുത്ത് താമസിക്കുന്ന വില്യം വീട്ടിലേക്കെത്തി പെട്ടെന്ന് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് വില്യമിനെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.

പെട്രോള്‍ ഒഴിച്ചാണ് ക്രിസ്റ്റഫറിനും മേരിക്കും നേരെ വില്യം തീകൊളുത്തിയത്. വില്യം ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ചുറ്റിക കൊണ്ട് സഹോദരന്റെ മകന്റെ തലയ്ക്കടിച്ചതിന് പോലീസ് കേസെടുത്തിരുന്നു. വില്യമും ക്രിസ്റ്റഫറും തമ്മില്‍ നേരത്തെ ഉണ്ടായ തര്‍ക്കമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചത്. ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് വില്യം മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

 

Latest