local body election 2025
ചുണ്ടപ്പുറം ഡിവിഷനില്‍ ഏഴാം അങ്കത്തിന് റസിയ ഇബ്‌റാഹീം; രണ്ടാം ഊഴത്തിന് ആഇശ ശഹനിത
കൊടുവള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന റസിയ ഇബ്‌റാഹീം ഏഴാം തവണയാണ് മത്സര രംഗത്തിറങ്ങുന്നത്. ഇവിടെ യു ഡി എഫ് ആഇശ ശഹനിത കെ സി യെ (കോൺ.)യാണ് രംഗത്തിറക്കിയത്.
കൊടുവള്ളി | കേരള വഖ്ഫ് ബോർഡ് അംഗം റസിയ ഇബ്‌റാഹീം എൽ ഡി എഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങിയതോടെ കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിൽ മത്സരം ശ്രദ്ധേയമാകുന്നു. കൊടുവള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന റസിയ ഇബ്‌റാഹീം ഏഴാം തവണയാണ് മത്സര രംഗത്തിറങ്ങുന്നത്. ഇവിടെ യു ഡി എഫ് ആഇശ ശഹനിത കെ സി യെ (കോൺ.)യാണ് രംഗത്തിറക്കിയത്.
കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച കാരാട്ട് ഫൈസലിന്റെ ഡിവിഷൻ ഇത്തവണ വനിതാ സംവരണമായതിനാൽ കാരാട്ടിന്റെ പിൻഗാമിയാകാനാണ് റസിയ ഇറങ്ങിയത്. 2020ലെ തിരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ച എൽ ഡി എഫ് സ്ഥാനാർഥി ഒ പി റശീദിന് പൂജ്യം വോട്ടാണ് ലഭിച്ചത്.
ഇവിടെ ആദ്യം കാരാട്ട് ഫൈസലിനെ എൽ ഡി എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഫൈസലിനെ ഡി ആർ ഐ ചോദ്യം ചെയ്തത് വിവാദമായതോടെയാണ് എൽ ഡി എഫ് ഫൈസലിനെ മാറ്റി ഒ പി റശീദിനെ ഇറക്കിയത്. മുൻ എം എൽ എ കാരാട്ട് റസാഖ് മുസ്്ലിം ലീഗിലായിരുന്നപ്പോൾ വിജയം വരിച്ച സ്ഥലമാണിത്. മുസ്്ലിം ലീഗിന്റെ സ്ഥിരം തട്ടകമായ ചുണ്ടപ്പുറം കഴിഞ്ഞ തവണ കാരാട്ട് ഫൈസൽ പിടിച്ചെടുക്കുകയായിരുന്നു. അത് തിരിച്ചു പിടിക്കുകയെന്ന ദൗത്യവുമായി യു ഡി എഫ് കോൺഗ്രസ്സിലെ 28 കാരിയായ ആഇശ ശഹനിതയെയാണ് പടക്കളത്തിലിറക്കിയത്. ആഇശ ശഹനിതക്ക് ഇത് രണ്ടാം ഊഴമാണ്.
2020ൽ തന്റെ 23ാ മത്തെ വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്ന ഖ്യാതിയുമായി തൊട്ടടുത്ത പ്രാവിൽ ഡിവിഷനിൽ നിന്ന് വെന്നിക്കൊടി പാറിച്ച് ചരിത്ര ജയം നേടി ശ്രദ്ധേയയായി. യൂത്ത് കോൺഗ്രസ്സ് കൊടുവള്ളി മണ്ഡലം ഭാരവാഹി കൂടിയാണ് ശഹനിത.
റസിയ ഇബ്‌റാഹീം 1995ൽ തന്റെ 21ാ മത്തെ വയസ്സിൽ കൊടുവള്ളി പറമ്പത്ത്കാവ് വാർഡിൽ കന്നിയങ്കത്തിൽ വിജയം വരിച്ചു. 2000ൽ ജില്ലാ പഞ്ചായത്ത് കൊടുവള്ളി ഡിവിഷനിൽ മത്സരിച്ച് രണ്ടാം അങ്കത്തിലും വിജയിച്ചു. 2005ൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നെല്ലാകണ്ടി ഡിവിഷനിലും മത്സരിച്ചുജയിച്ചു. 2010ൽ കൊടുവള്ളി ഗ്രാമ പഞ്ചായത്ത് നെല്ലാങ്കണ്ടി വാർഡിൽ നിന്ന് വിജയിച്ച് പ്രസിഡന്റുമായി.
2015 ൽ നഗരസഭ തലപ്പെരുമണ്ണ ഡിവിഷനിൽ നിന്ന് വിജയം വരിച്ച് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനുമായി. 2019 മുതൽ കേരള വഖ്ഫ് ബോർഡ് അംഗമായി സേവനമനുഷ്ഠിക്കുന്നു.
2020ൽ കൊടുവള്ളി ടൗൺ വാർഡിൽ നിന്നുള്ള ആറാം അങ്കത്തിൽ മാത്രമാണ് പരാജയത്തിന്റെ രുചിയറിഞ്ഞത്. റസിയയുടെ ഭർത്താവ് കൊടുവള്ളി സ്വദേശി യു കെ ഇബ്‌റാഹീം ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്‌സ് റിട്ട. ജീവനക്കാരനാണ്. പ്രവാസിയായ എൻ കെ സജീറാണ് ആഇശ ശഹനിതയുടെ ഭർത്താവ്.



