Connect with us

Ramsan

റമസാന്‍ സിലബസുകള്‍

വ്രതമനുഷ്ഠിക്കുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും വിശന്നിരിക്കുന്നവന്റെ വേദന ഉള്‍ക്കൊള്ളാന്‍ സാധിക്കും. അതിലൂടെ തനിക്ക് ലഭിച്ചതിലൊരു പങ്ക് അയാള്‍ അപരന് വേണ്ടി പകുത്ത് നല്‍കാന്‍ ശ്രമിക്കും. അഥവാ, പട്ടിണിയെന്ന വലിയ പ്രതിസന്ധിയെ എങ്ങനെ മറികടക്കാം എന്ന മഹത്തായ പാഠം വിശുദ്ധ റമസാന്‍ ശീലിപ്പിക്കുന്നുണ്ട്.

Published

|

Last Updated

ന്തൊക്കെയാണ് വിശുദ്ധ റമസാന്‍ എന്ന ഈ പഠന കാലം നമുക്ക് മുമ്പില്‍ വെക്കുന്ന സിലബസുകള്‍…? അതില്‍പ്പെട്ട പ്രധാന ചില വിഷയങ്ങളിവിടെ പരാമര്‍ശിക്കാം.

വഞ്ചനയില്ലാതെ വിശ്വസിക്കാം

വഞ്ചനയില്ലാതെ വിശ്വസിപ്പിക്കാന്‍ പഠിപ്പിക്കുന്നുണ്ട് ഓരോ വ്രതകാലവും. അഥവാ, സ്രഷ്ടാവായ അല്ലാഹുവും സൃഷ്ടിയായ മനുഷ്യനും മാത്രം അറിയുന്ന കരാറാണ് വ്രതം. പ്രഭാതം മുതല്‍ പ്രദോഷം വരെ അവനോട് അന്നപാനീയങ്ങള്‍ ഉപേക്ഷിക്കാന്‍ പറഞ്ഞത് അല്ലാഹുവാണ്. മറ്റാരും കാണാതെ അവന് മൃഷ്ടാന്നം നടത്താമായിരുന്നു. അതില്‍ നിന്നും വ്രതമനുഷ്ഠിച്ചവനെ പിന്തിരിപ്പിച്ചത് അല്ലാഹുവും താനുമായിട്ടുള്ള ഉടമ്പടിയാണിതെന്ന ഉറച്ച വിശ്വാസമാണ്. എന്ത് വിലകൊടുത്തും ഇത് സംരക്ഷിക്കുമെന്ന ദൃഢതയാണ്. അതുകൊണ്ടു തന്നെയാണ് ആരാധനകളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ഒന്ന് വ്രതമായതും. അതിനവന് മറ്റാരാധനകള്‍ക്കില്ലാത്ത പ്രതിഫലം നല്‍കുമെന്ന വാഗ്ദാനം ചെയ്തിട്ടുമുണ്ട്. വ്രതം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവരോട് അല്ലാഹുവും അവരുമായുള്ള ഈ വിശ്വാസത്തിന്റെ ദൃഢത തുടര്‍ ജീവിതത്തിലും മുറുകെ പിടിക്കാന്‍ ഓരോ റമസാനും ആവശ്യപ്പെടുന്നുണ്ട്.

വിശപ്പറിഞ്ഞ് വിശപ്പകറ്റാം

ഭൂമുഖത്തെ എല്ലാവരെയും ഭക്ഷിപ്പിക്കാനുതകുന്നതിലധികം ഭക്ഷണം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നിട്ടും 783 മില്യണ്‍ ആളുകള്‍ ഇപ്പോഴും ലോകത്ത് പട്ടിണിയിലാണെന്നാണ് ആക്ഷന്‍ എഗൈന്‍സ്റ്റ് ഹംഗര്‍ എന്ന പ്രസിദ്ധമായ വെബ്സൈറ്റിന്റെ മുഖവാചകം തന്നെ. ലോകത്ത് ജീവിക്കുന്ന പത്തിലൊരാള്‍ ഭക്ഷണം ലഭിക്കാതെ വിശന്നു കൊണ്ടാണത്ര രാത്രി ഉറങ്ങുന്നത്. കുട്ടികളില്‍ പതിനാല് മില്യണ്‍ പേര്‍ പോഷകാഹരക്കുറവനുഭവിക്കുന്നവരുണ്ട്. കുട്ടികളുടെ മരണത്തില്‍ 45 ശതമാനവും പട്ടിണി മൂലവും അതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കാരണവുമാണ്. ദിവസവും 1000ത്തില്‍ പരം കുട്ടികള്‍ മലിന ജലം കുടിക്കുകയും ശുദ്ധമായ ഭക്ഷണം കഴിക്കാത്തതിന്റെയും പേരില്‍ രോഗം പിടിപ്പെട്ട് മരിക്കുന്നുണ്ട്. ഇങ്ങനെ വിശപ്പറിയുന്നവരുടെ കണക്കുകളെടുത്താല്‍ പട്ടിക നീളും. പട്ടിണിയനുഭവിക്കുന്ന മുഴുവന്‍ ജീവികളുടെയും വിശപ്പ് അകറ്റാനുള്ളതെല്ലാം ഉത്പാദിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട് ലോകത്ത് ഇത്രയധികം പട്ടിണിയുണ്ടാകുന്നു. ഉത്തരം ലളിതമാണ്, വിശപ്പിന്റെ രുചിയറിയാത്തവന് മറ്റുള്ളവന്റെ സഹനമറിയാന്‍ സാധിക്കുകയില്ല. കഴിഞ്ഞ ജനുവരി 16ന് “അസമത്വലോകം’ എന്ന തലവാചകത്തോടെ വന്ന ഒരു റിപ്പോര്‍ട്ട് വായിച്ചതോര്‍ക്കുന്നു. “2020 നു ശേഷം ലോകത്തെ അഞ്ച് സമ്പന്നരുടെ സ്വത്ത് ഇരട്ടിയായതായി ബ്രിട്ടീഷ് ജീവകാരുണ്യ സംഘടനയായ ഓക്സ്ഫോം പുറത്ത് വിടുന്നു. ഇക്കാലയളവില്‍ ലോകത്തെ 500 കോടി ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി. ലോക ജനസംഖ്യയുടെ 60 ശതമാനം വരും ഈ ദരിദ്രര്‍. ഇങ്ങനെ പോയാല്‍ രണ്ട് നൂറ്റാണ്ട് കഴിഞ്ഞാലേ സമ്പൂർണ ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാകൂവെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.’
എങ്ങനെയാണ് ഈ അസ്വമത്വത്തെ നാം മറികടക്കുക..? എളുപ്പമാണ്, സഹജീവിയുടെ സഹനത്തെ അടുത്തറിയാന്‍ ശ്രമിക്കുക. സാധ്യമാകുന്ന വിധത്തിലെല്ലാം അവരുമായി ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുക. വ്രതമനുഷ്ഠിക്കുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും വിശന്നിരിക്കുന്നവന്റെ വേദന ഉള്‍ക്കൊള്ളാന്‍ സാധിക്കും. അതിലൂടെ തനിക്ക് ലഭിച്ചതിലൊരു പങ്ക് അയാള്‍ അപരന് വേണ്ടി പകുത്ത് നല്‍കാന്‍ ശ്രമിക്കും. അഥവാ, പട്ടിണിയെന്ന വലിയ പ്രതിസന്ധിയെ എങ്ങനെ മറികടക്കാം എന്ന മഹത്തായ പാഠം വിശുദ്ധ റമസാന്‍ ശീലിപ്പിക്കുന്നുണ്ട്.

പകുത്തു നല്‍കാന്‍ പഠിപ്പിക്കുന്നു

ദാനധര്‍മങ്ങള്‍ക്ക് വലിയ മഹത്വം കല്‍പ്പിച്ച മതമാണ് ഇസ്്ലാം. സകാത്ത്, സ്വദഖ തുടങ്ങിയ നിര്‍ബന്ധിതവും ഐഛികവുമായ ദാനധര്‍മങ്ങള്‍ ഇസ്്ലാമില്‍ കാണാം. വിശുദ്ധ റമസാനില്‍ ദാനധര്‍മം ചെയ്യുന്നതിന് പ്രത്യേക പുണ്യമുണ്ട്. കാരണം റമസാനില്‍ ചെയ്യുന്ന ഏത് കര്‍മത്തിനും ഇതര സമയങ്ങളില്‍ ചെയ്യുന്ന കര്‍മങ്ങളെക്കാള്‍ വ്യത്യസ്ത മടങ്ങ് പ്രതിഫലമുണ്ട്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തു ഇബ്റാഹീമിലെ ഒരു സൂക്തത്തിന്റെ അർഥമിങ്ങനെയാണ്: “വിശ്വാസികളായ എന്റെ ദാസന്മാരോട് നിങ്ങള്‍ പറയുക (നാം അവര്‍ക്കു നല്‍കിയ ധനത്തില്‍ നിന്ന്) യാതൊരു ക്രയവിക്രയവും സൗഹൃദവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവര്‍ (സദ്പാന്ഥാവില്‍) വിനിയോഗിക്കുകയും ചെയ്ത് കൊള്ളട്ടെ’ സകാത്തും അല്ലാത്തതുമായ ദാനധര്‍മങ്ങളെയാണ് രഹസ്യവും പരസ്യവുമായ ദാനധര്‍മങ്ങള്‍ക്കൊണ്ടിവിടെ ഉദ്ദേശിച്ചതെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്.
ദാനധര്‍മങ്ങളിലൂടെ ലോകത്തിന്റെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ സാധിക്കും. 2008ലെ ലോക ബേങ്കിന്റെ കണക്കുകള്‍ പ്രകാരം ഒരു ദിവസം 1.25 ഡോളര്‍(103.77 രൂപ)ലഭിക്കാത്തവന്‍ ദരിദ്രനാണ്. മുകളില്‍ നാം പരാമര്‍ശിച്ച അതിസമ്പന്നര്‍ വീണ്ടും സമ്പന്നരാവുകയും ദരിദ്രര്‍ വീണ്ടും ദരിദ്രരാവുകയും ചെയ്യുന്ന അസമത്വം ദിനംപ്രതി വർധിക്കുന്നതിന്റെ പ്രധാന കാരണം ലോകത്ത് ഇന്നുവരെ കൃത്യമായൊരു സാമ്പത്തിക നയം ക്യാപിറ്റലിസത്തിനോ കമ്യൂണിസത്തിനോ മറ്റിസങ്ങള്‍ക്കോ മുന്നോട്ട് വെക്കാന്‍ സാധിക്കാത്തത് കൊണ്ടാണ്. എന്നാല്‍ ഇസ്്ലാം കൃത്യമായി രേഖപ്പെടുത്തുകയും അനുയായികളെ കൊണ്ട് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന സകാത്തും ദാനധര്‍മങ്ങളുമടങ്ങുന്ന സാമ്പത്തിക നയങ്ങള്‍ നല്ലൊരു സാമ്പത്തിക ബദലാക്കി മാറ്റാന്‍ സാധിക്കും. മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജനും ഇന്ത്യയിലെ നോട്ടു നിരോധനത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രമായ അനില്‍ ബോകിലുമെല്ലാം ഇസ്്ലാമിക് സാമ്പത്തിക നയത്തിന്റെ സാധ്യതകളെ കുറിച്ച് വാചാലരാകുന്നുണ്ട്. ആ മേഖലയില്‍ കൂടുതല്‍ താത്പര്യമുള്ളവര്‍ പഠിക്കാന്‍ ശ്രമിക്കണം.
ദാനധര്‍മങ്ങള്‍ ഏറ്റവും കൂടുതല്‍ നല്‍കാന്‍ വിശ്വാസികള്‍ തയ്യാറാകുന്ന സമയം കൂടെയാണ് വിശുദ്ധ റമസാന്‍. അതുകൊണ്ട് സാമ്പത്തിക സമത്വം എന്ന മഹത്തരവും നടപ്പാക്കാന്‍ ദുഷ്‌കരവുമായ പ്രതിസന്ധിയെ വിശുദ്ധ റമസാന്‍ അഭിസംബോധന ചെയ്യുന്നുണ്ട്.

സമയനിഷ്ഠ

നിസ്‌കാരത്തിന്റെ സമയമറിയിക്കാനാണ് വാങ്ക് വിളിക്കുന്നത്. എന്നാല്‍ വാങ്ക് മനുഷ്യന്റെ നിത്യ ജീവിതത്തെ ക്രമപ്പെടുത്തുന്നതില്‍ ഇടപെടുന്നതിനെ കുറിച്ച് ചിന്തിച്ചാല്‍ അത്ഭുതപ്പെടും. പ്രഭാതത്തില്‍ ഉണരുന്നത് മുതല്‍ പ്രദോശത്തില്‍ ഉറങ്ങുന്നത് വരെയുള്ള സമയങ്ങളെ ചിട്ടപ്പെടുത്തേണ്ട രീതി വാങ്കിലൂടെ മനനം ചെയ്യാം. ജോലിയും വിശ്രമവും വീടണയേണ്ടതടക്കമുള്ള സമയ ക്രമീകരണങ്ങളെല്ലാം അഞ്ച് നേരത്തെ വാങ്കിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
എന്നാല്‍ റമസാനില്‍ വാങ്കിന് കൂടുതല്‍ പ്രാധാന്യമുണ്ട്. അത്താഴവും നോമ്പു തുറയും മുതല്‍ ഓരോ നിമിഷങ്ങള്‍ക്കും എത്ര പ്രാധാന്യമുണ്ടെന്ന് കൃത്യമായി പറയുന്നുണ്ട് ഓരോ വാങ്കിലൂടെയും. സമയമായാല്‍ അതറിയിക്കുകയാണ് വാങ്ക് ചെയ്യുന്ന പ്രധാന ധര്‍മം. എന്നാല്‍ കണിശമായി ശീലിക്കുന്ന ഈ സമയ നിഷ്ഠ ശിഷ്ടകാല ജീവിതത്തിലും പകര്‍ത്താന്‍ ഓരോ വാങ്കും റമസാനും നമ്മോട് പറയുന്നുണ്ട്.

അവന്റെ കാരുണ്യത്തെ തൊട്ട് ആശ മുറിയരുത്

കരുണയാണ് വിശുദ്ധ റമസാന്‍ മുന്നോട്ട് വെക്കുന്ന മറ്റൊരു സ്വഭാവ ഗുണം. അല്ലാഹുവിന്റെ കാരുണ്യത്തെ കൂടുതല്‍ ചോദിക്കാനാണ് റമസാനിലെ ആദ്യ പത്ത് ദിനത്തില്‍ വിശ്വാസികള്‍ ശ്രമിക്കാറ്. നിങ്ങളെത്ര വലിയ തെറ്റു ചെയ്തവരാണെങ്കിലും പൊറുത്ത് നല്‍കാന്‍ അല്ലാഹു സന്നദ്ധനാണ്. നിങ്ങളൊരിക്കലും അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് ആശ മുറിയരുത് എന്ന ആശയം വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാണ്. നിസ്സാരമായ സങ്കടങ്ങളുടെ പേരില്‍ ജീവന്‍ ത്യജിക്കുന്നവര്‍ക്ക് കാരുണ്യത്തിന്റെ മഹാതുരുത്ത് കാണിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് റമസാന്‍. കാരുണ്യത്തെ കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കുന്ന ഈ ദിനരാത്രങ്ങള്‍ തന്റെ സഹജീവികളോടും ചുറ്റുപാടുകളോടും കരുണയുള്ളവനാക്കി അവനെ പരിവര്‍ത്തനപ്പെടുത്തും.

വിട്ടുവീഴ്ച മഹത്തരമാണ്

പൊറുക്കലിനെ തേടലിന്റെയും പൊറുത്ത് കൊടുക്കലിന്റെയും മാഹാത്മ്യമാണ് വിശുദ്ധ റമസാനിന്റെ രണ്ടാം പത്ത് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്. നാം ആരോടെങ്കിലും അരുതായ്ക ചെയ്തിട്ടുണ്ടെങ്കില്‍ അവരോട് പൊറുത്ത് തരാനാവശ്യപ്പെടണം എന്നൊരർഥം കൂടി ഇതില്‍ നിന്നും വ്യക്തമാണ്. സ്രഷ്ടാവായ അല്ലാഹുവിനോട് നിരന്തരം പൊറുക്കലിനെ തേടുന്ന മനുഷ്യന് തന്റെ തേട്ടം പൂര്‍ത്തിയാകണമെങ്കില്‍ സൃഷ്ടിയായ മനുഷ്യരുടെ പൊരുത്തം ഉണ്ടാവല്‍ നിര്‍ബന്ധമാണെന്ന ബോധ്യത്തിലേക്കുണരുമല്ലോ. അഥവാ, തെറ്റു ചെയ്താല്‍ പരസ്പരം ക്ഷമ ചോദിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്ന, പരസ്പരം വിട്ടുവീഴ്ചക്ക് തയ്യാറാവുന്ന ഒരു സാമൂഹിക നിര്‍മിതിക്ക് റമസാന്‍ കാരണമാകുന്നുണ്ട്.

പ്രതിഫലങ്ങളുടെ വസന്ത കാലം

പ്രതിഫലത്തെ കുറിച്ചാണ് റമസാനിന്റെ അവസാനത്തെ പത്ത് പ്രധാനമായും പറയുന്നത്. കാരുണ്യവും ക്ഷമയും പൊറുക്കലുമെല്ലാം ശീലമാക്കിയവര്‍ക്ക് മുമ്പില്‍ അല്ലാഹു നല്‍കുന്ന അമൂല്യമായ പ്രതിഫലമാണ് നരകമോചനം. നരകമോചനം വിശ്വാസിയുടെ ഏറ്റവും വലിയ സന്തോഷമാണ്. കരുണ കാണിച്ചും ദാനധര്‍മങ്ങള്‍ നല്‍കിയും വിശന്നിരിക്കുന്നവന്റെ വിശപ്പകറ്റിയും ഞങ്ങളീ നല്ല സ്വഭാവങ്ങളെല്ലാം എന്തിനുവേണ്ടിയാണ് ശീലിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് റമസാനിന്റെ അവസാനത്തെ പത്ത്. അഥവാ, നരക മോചനവും സ്വര്‍ഗ പ്രവേശനവുമാണ് നമുക്കുള്ള പ്രതിഫലം. ഇതുപോലെ അസൂയ, അഹങ്കാരം, അപര വിദ്വേഷം, ഏഷണി, ലോകമാന്യം, പൊങ്ങച്ചം, സ്വാർഥത തുടങ്ങി മനസ്സിനെ ശയ്യാവലംബിയാക്കുന്ന മുഴുവന്‍ രോഗങ്ങള്‍ക്കും റമസാന്‍ പ്രതിവിധി നിർദേശിക്കുന്നുണ്ട്. വിശുദ്ധ റമസാനിനെ കൃത്യമായി ഉപയോഗിക്കുകയും ജീവിതത്തില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്ത വ്യക്തി റമസാനിന് ശേഷമുള്ള അവന്റെ തുടര്‍ ജീവിതത്തിലും റമസാനില്‍ ശീലിച്ച ഈ നല്ല സ്വഭാവ ഗുണങ്ങളെ പകര്‍ത്തും. അതിലൂടെ സന്തോഷകരവും മാതൃകായോഗ്യവുമായ വ്യക്തിത്വത്തിന് ഉടമയാവാന്‍ അവന് സാധിക്കും. നാഥന്‍ തൗഫീഖ് ചെയ്യട്ടെ.

 

Latest