From the print
മർകസ് സമ്മേളനത്തിന് നാളെ തുടക്കം
സനദ്‌ദാനത്തിനും ഖത്മുൽ ബുഖാരിക്കും കാന്തപുരം ഉസ്താദ് നേതൃത്വം നൽകും
കോഴിക്കോട് | രാജ്യത്തെ പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രമായ മർകസുസ്സഖാഫത്തിസ്സുന്നിയ്യ 48ാം വാർഷികവും സനദ്‌ദാന പൊതുസമ്മേളനവും നാളെ കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടക്കും. 548 മതപണ്ഡിതരും ഖുർആൻ ഹൃദിസ്ഥമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണ മർകസിൽ നിന്ന് സനദ് സ്വീകരിച്ച് പുറത്തിറങ്ങുന്നത്.
നാല് വേദികൾ
രാവിലെ മുതൽ നാല് വേദികളിലായാണ് സമ്മേളനം. മർകസ് കൺവെൻഷൻ സെന്ററിൽ രാവിലെ ഒന്പതിന് പണ്ഡിത സംഗമവും 11ന് ദസ്തർബന്ദിയും ഉച്ചക്ക് ഒന്നിന് ഫ്യുച്ചർ കേരള സമ്മിറ്റും രണ്ടിന് സഖാഫി പ്രതിനിധി സംഗമവും നടക്കും. കാമിൽ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് യുവ സംരംഭകത്വ സംഗമവും രണ്ടിന് പ്രവാസി സമ്മിറ്റും സംഘടിപ്പിക്കും. ബുഖാരി ഹാളിൽ സഖാഫി ശൂറ കൗൺസിൽ നടക്കും.
പണ്ഡിത സംഗമം
പണ്ഡിത സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടും സമസ്ത മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോലയും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഫ്യൂച്ചർ കേരള സമ്മിറ്റ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പി ടി എ റഹീം എം എൽ എ, അഡ്വ. പി എസ് ശ്രീധരൻപിള്ള, പി മോഹനൻ, കെ മുരളീധരൻ, മുസ്തഫ പി എറയ്ക്കൽ സംസാരിക്കും. യുവ സംരംഭകത്വ സംഗമത്തിൽ കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള നവ സംരംഭകരുമായി മന്ത്രി പി രാജീവും മർകസ് നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സംവദിക്കും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന സഖാഫി പ്രതിനിധി സംഗമം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. അലിഗഢ് മുസ്‌ലിം സർവകലാശാല നിയമ വിഭാഗം കോ- ഓർഡിനേറ്റർ ഡോ. ഷാനവാസ് അഹ്‌മദ് മാലിക് മുഖ്യാതിഥിയാകും. സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, ഡോ. ആമിർ യൂസുഫ്, ഡോ. ഇംറാൻ അഹ്‌മദ്, ഡോ. ബശാറത്ത് ഹസൻ സംസാരിക്കും.
വൈകിട്ട് നാലിന് സമസ്ത വൈസ് പ്രസിഡന്റ്കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ പ്രാർഥനയോടെ സനദ്‌ദാന പൊതുസമ്മേളനം ആരംഭിക്കും. മർകസ് പ്രസിഡന്റ്സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്ഇ സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സനദ്‌ദാനത്തിനും ഖത്മുൽ ബുഖാരിക്കും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ഫൗണ്ടർ ചാൻസിലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. ശേഷം സനദ്‌ദാന പ്രഭാഷണവും നിർവഹിക്കും. ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ചാൻസിലർ മെസ്സേജും റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിഷനറി ടോക്കും നടത്തും.
ഇന്റഗ്രേറ്റഡ് ക്യാമ്പസ്
മർകസ് 50ാം വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചാബിലെ സർഹിന്ദിൽ ആരംഭിച്ച ഇമാം റബ്ബാനി ഇന്റഗ്രേറ്റഡ് ക്യാമ്പസ് ഈ മാസം 12ന് രാജ്യത്തിന് സമർപ്പിക്കും. ഭിന്നശേഷി ക്ഷേമം, ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, ഭവന പദ്ധതി, തൊഴിൽ ദാനം എന്നീ മേഖലകളിലെ 50 കോടിയുടെ വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനവും സമ്മേളനത്തിൽ നടക്കും.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. അബൂബക്കർ പ്രഭാഷണം നടത്തും. മുംബൈ റാസ അക്കാദമി സ്ഥാപകനും പ്രസിഡന്റുമായ മൗലാനാ മുഹമ്മദ് സഈദ് നൂരി, സമസ്ത ട്രഷറർ പി ടി കുഞ്ഞമ്മു മുസ്‌ലിയാർ കോട്ടൂർ, കോടമ്പുഴ ബാവ മുസ്‌ലിയാർ, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, അബ്ദുർറഹ്‌മാൻ ഫൈസി മാരായമംഗലം, വി പി എം ഫൈസി വില്യാപ്പള്ളി, അബൂ ഹനീഫൽ ഫൈസി തെന്നല, പി ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സി പി ഉബൈദുല്ല സഖാഫി, എൻ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, മജീദ് കക്കാട്, എ പി അബ്ദുൽ കരീം ഹാജി ചാലിയം, കുറ്റൂർ അബ്ദുർറഹ്‌മാൻ ഹാജി, മൻസൂർ ഹാജി ചെന്നൈ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും സുന്നി പ്രാസ്ഥാനിക നേതാക്കളും സാമൂഹിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സ്വാഗത സംഘം കൺവീനർ മജീദ് കക്കാട്, മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, മീഡിയ ജോയിന്റ്ഡയറക്ടർ ശമീം കെ കെ പങ്കെടുത്തു.




