Kerala
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രശാന്തിനെ പ്രതിചേര്‍ത്തു
2025ലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പ്രശാന്തിനെ പ്രതി ചേര്‍ത്തത്.
തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രതി ചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). 2025ലെ സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായാണ് പ്രശാന്തിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അന്തരിച്ച ശബരില മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവാണ് കേസില്‍ ഒന്നാം പ്രതി. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി (രണ്ട്), സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി (മൂന്ന്), ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ അജികുമാര്‍ (അഞ്ച്), തന്ത്രി കണ്ഠരര് രാജീവര് (ആറ്), തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍ (ഏഴ്) എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 316 (5), 336 (2), 61(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഏഴ് പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എസ് ഐ ടി പറയുന്നത്. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു. സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. കേന്ദ്ര ലാബിലെ പരിശോധനയുടെ അവലോകന റിപോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ചിലര്‍ക്കെതിരായ അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ടെന്നും എസ് ഐ ടി ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. കേസ് ജൂലൈ 20ന് വീണ്ടും പരിഗണിക്കും.
Content Highlights:
The Special Investigation Team has named former Travancore Devaswom Board President PS Prashanth as an accused in the 2025 Sabarimala gold heist case. Board member A Ajikumar has also been arrayed as an accused in the investigation. The SIT progress marks a crucial turn in the high-profile temple theft case.



