Connect with us

Uae

അസ്സുഫ നാട്ടു ദര്‍സിന് പ്രവാസ ലോകത്തും ശുഭാരംഭം; തുടക്കമായത് 30 രാജ്യങ്ങളില്‍

ഗ്ലോബല്‍തല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.

Published

|

Last Updated

ദുബൈ | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത ഇസ്‌ലാമിക പഠന സംസ്‌കാരം പുനരുജ്ജീവിപ്പിക്കാന്‍ രൂപം നല്‍കിയ ‘അസ്സുഫ നാട്ടു ദര്‍സ്’ പദ്ധതി പ്രവാസ ലോകത്തും ആരംഭിച്ചു. രിസാല സ്റ്റഡി സര്‍ക്കിളിന്റെ (ആര്‍ എസ് സി) നേതൃത്വത്തില്‍ 30 രാജ്യങ്ങളിലാണ് പദ്ധതിക്ക് തുടക്കമായത്. ഗ്ലോബല്‍തല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് പഠനപരമ്പര തയ്യാറാക്കിയിരിക്കുന്നത്. ഉസ്താദില്‍ നിന്ന് നേരിട്ട് അധ്യാപനാനുമതി (ഇജാസത്ത്) നേടിയ അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ പള്ളി ദര്‍സുകളുടെ പാരമ്പര്യ മാതൃക പിന്തുടര്‍ന്ന്, ക്രമബദ്ധമായ സിലബസോടെയാണ് പദ്ധതി പ്രവാസി മലയാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ആര്‍ എസ് സിക്ക് സാന്നിധ്യമുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ഒരേ പാഠ്യക്രമം നടപ്പിലാക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള അംഗങ്ങള്‍ക്കും വിജ്ഞാനാന്വേഷകര്‍ക്കും ഏകീകൃതമായ പഠനവേദി സൃഷ്ടിക്കുകയാണ് ലക്ഷ്യം. 30 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പഠനപരമ്പര വിവിധ രാജ്യങ്ങളിലെ സെക്ടര്‍ കേന്ദ്രങ്ങളിലാണ് നടക്കുക. പഠനപരമ്പരയുടെ സമാപന സെഷന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെന്റിനറി സമ്മേളന വേദിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കും. സമസ്തയുടെ ഈ വൈജ്ഞാനിക സംരംഭം പ്രവാസ ലോകത്ത് പഠന സംസ്‌കാരത്തിനും നേതൃത്വ വികസനത്തിനും പുതിയ ദിശ തുറക്കുമെന്ന് ആര്‍ എസ് സി ഭാരവാഹികള്‍ അറിയിച്ചു.

Content Highlights:
The prestigious Assuffa Naattu Dars has officially commenced its operations across 30 different countries globally. This initiative aims to provide structured Islamic education to the Malayalam-speaking expatriate community. The grand launch has received an overwhelming response from the diaspora.

 

---- facebook comment plugin here -----

Latest