Connect with us

Kerala

കോണ്‍ഗ്രസ്സ്- ലീഗ് സീറ്റ് വെച്ചുമാറല്‍; പ്രാദേശിക എതിര്‍പ്പ് തിരിച്ചടിയാകുന്നു

ഇരുപാര്‍ട്ടികളും സ്ഥിരമായി തോല്‍ക്കുന്ന സീറ്റുകള്‍ പ്രാദേശിക കാഴ്ചപ്പാടുകള്‍ പരിശോധിച്ചശേഷം വെച്ചുമാറാമെന്ന ധാരണയിലാണ് യു ഡി എഫ് നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍.

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള സീറ്റ് വെച്ചുമാറല്‍ ചര്‍ച്ചകള്‍ക്ക് പ്രാദേശിക വികാരം തടസ്സമാകുന്നു. ഇരുപാര്‍ട്ടികളും സ്ഥിരമായി തോല്‍ക്കുന്ന സീറ്റുകള്‍ പ്രാദേശിക കാഴ്ചപ്പാടുകള്‍ പരിശോധിച്ചശേഷം വെച്ചുമാറാമെന്ന ധാരണയിലാണ് യു ഡി എഫ് നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍. ഇതിനിടെയാണ് വിവിധ ജില്ലാ കമ്മിറ്റികള്‍ തടസ്സവുമായി ലീഗ്- കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചുകൊണ്ടിരിക്കുന്നത്.

പ്രാദേശിക നേതാക്കളെ അനുനയിപ്പിച്ചശേഷം ചര്‍ച്ചയുമായി മുന്നോട്ടുപോകാനാണ് ശ്രമം. കളമശ്ശേരി, ഗുരുവായൂര്‍, കൊച്ചി, പട്ടാമ്പി, പുനലൂര്‍, ചടയമംഗലം, തവനൂര്‍, കോങ്ങാട്, തിരുവമ്പാടി സീറ്റുകള്‍ സംബന്ധിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
വര്‍ഷങ്ങളോളം യു ഡി എഫ് കുത്തകയായിരുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലം 2006ല്‍ മത്തായി ചാക്കോയിലൂടെയാണ് എല്‍ ഡി എഫ് പിടിച്ചെടുത്തത്. തൊട്ടടുത്ത വർഷം ഉപതിരഞ്ഞെടുപ്പ് വഴി ജോര്‍ജ് എം തോമസ് വീണ്ടും എം എല്‍ എ ആയെങ്കിലും മുസ്‌ലിം ലീഗിലെ സി മോയിന്‍കുട്ടിയെ തന്നെ വീണ്ടും കളത്തിലിറക്കി യു ഡി എഫ് സീറ്റ് പിടിച്ചെടുത്തു. എന്നാല്‍, ഇപ്പോൾ പത്ത് വര്‍ഷമായി എല്‍ ഡി എഫ് ആധിപത്യത്തിലാണ് തിരുവമ്പാടി. ലിന്റോ ജോസഫാണ് തിരുവമ്പാടി എം എല്‍ എ. ഇത്തവണയും ലിന്റോ തന്നെയായിരിക്കും എല്‍ ഡി എഫ് സ്ഥാനാര്‍ഥി.

ഈ ഘട്ടത്തിലാണ് തിരുവമ്പാടി തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ യു ഡി എഫ് മെനയുന്നത്. നിലവില്‍ മുസ്‌ലിം ലീഗ് സീറ്റായ തിരുവമ്പാടിയിൽ അനുയോജ്യനായ സ്ഥാനാര്‍ഥിയെ കിട്ടിയാല്‍ കോണ്‍ഗ്രസ്സിന് കൈമാറാനാണ് പദ്ധതി. ക്രിസ്ത്യന്‍ സമുദായത്തിന് ആധിപത്യമുള്ള മണ്ഡലത്തില്‍ ഈ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥിയെ തന്നെയാണ് പരിഗണിക്കുന്നത്.
മലപ്പുറം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവിനെ പരിഗണിച്ചിരുന്നെങ്കിലും ക്രിസ്ത്യന്‍ സമുദായത്തിലെ സ്വീകാര്യതയിൽ ചര്‍ച്ച നടക്കുന്നുണ്ട്. സി എം പി നേതാവ് സി പി ജോണിനാണ് മറ്റൊരു സാധ്യത. ജോണിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് മുസ്്ലിം ലീഗിനും എതിര്‍പ്പില്ല.
എന്നാല്‍, തിരുവമ്പാടി കൈവിടുന്ന കാര്യത്തില്‍ മുസ്‌ലിം ലീഗില്‍ അഭിപ്രായഭിന്നതയുണ്ട്. തിരുവമ്പാടി വിട്ടുനല്‍കരുതെന്ന് തന്നെയാണ് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലീഗിലെ സി കെ കാസിമിനാണ് പരിഗണന.
കളമശ്ശേരിക്ക് പകരം കൊച്ചി നല്‍കാമെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നതെങ്കിലും മുസ്‌ലിം ലീഗിന് കൂടി സമ്മതനായ സ്ഥാനാര്‍ഥിയെ തേടുകയാണ്. കളമശ്ശേരിയിലും കൊച്ചിയിലും മുസ്‌ലിം ലീഗിനും കോണ്‍ഗ്രസ്സിനും ഉള്ളിലുള്ള പടലപ്പിണക്കങ്ങള്‍ സീറ്റ് വെച്ചുമാറുക വഴി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഗുരുവായൂര്‍, കോങ്ങാട്, പട്ടാമ്പി സീറ്റുകള്‍ തമ്മിലും വെച്ചുമാറല്‍ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. കൂടാതെ, പുനലൂര്‍, ചടയമംഗലം സീറ്റുകളും ചര്‍ച്ചയിലുണ്ട്.

---- facebook comment plugin here -----

Latest