Connect with us

Kerala

മഴ: വെളുത്തുള്ളി പെട്ടെന്ന് വിളവെടുക്കേണ്ട അവസ്ഥ; കർഷകർ പ്രതിസന്ധിയിൽ

വിളവ് കുറഞ്ഞു

Published

|

Last Updated

സുൽത്താൻ ബത്തേരി | കേരളത്തിൽ തുടരുന്ന മഴ അതിർത്തി പ്രദേശമായ കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ശക്തമായി പെയ്തിറങ്ങിയത് വെളുത്തുള്ളി കർഷകരെ സാരമായി ബാധിച്ചു. വിളവെടുപ്പിന് പാകമാകുന്ന വെളുത്തുള്ളികൾ മഴ കാരണം വിളവ് കുറയുന്നതിന് പുറമേ പെട്ടെന്ന് തന്നെ പാടങ്ങളിൽ നിന്ന് പറിച്ച് ഒഴിവാക്കാനും കർഷകർ നിർബന്ധിതരാവുകയാണ്. തുടർച്ചയായുള്ള മഴയിൽ ഉള്ളി ചീഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ കർഷകർ മഴയെ അവഗണിച്ചും വെളുത്തുള്ളി പറിച്ചെടുക്കുകയാണ്.

ഉള്ളി പാകമായി വിളവെടുക്കുമ്പോൾ ലഭിക്കുന്ന വിളവ് ഇപ്പോൾ കിട്ടുന്നില്ലെങ്കിലും ഉള്ളി ചീഞ്ഞുപോകാതെ ഉള്ളത് പറിച്ചെടുക്കാമെന്ന് കരുതിയാണ് കർഷകർ വിളവെടുപ്പിന് ഇറങ്ങിയിരിക്കുന്നത്. പറിച്ചെടുത്ത ഉള്ളി തരം തിരിച്ച് മേട്ടുപ്പാളയം മാർക്കറ്റിലേക്ക് കൊണ്ടുപോയാണ് വിൽപ്പന നടത്തുന്നത്. മഴയാണങ്കിലും നിലവിലുണ്ടായിരുന്ന വിലയിൽ ഇടിവ് സംഭവിച്ചിട്ടില്ല. എന്നാൽ വിളവ് കുറഞ്ഞു. ഒരു ക്വിന്റൽ ഉള്ളിക്ക് മാർക്കറ്റിൽ 20,000 രൂപയാണ് വില.

സാധാരണ ഈ സമയങ്ങളിൽ കർണാടകയിലെ ഗുണ്ടൽപേട്ടിൽ ശക്തമായ മഴയുണ്ടാകാറില്ല.  മഴയുണ്ടായാൽ തന്നെ ഉടൻ നിൽക്കുകയും ചെയ്യും. എന്നാൽ വയനാടിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് വയനാടാൻ കാലാവസ്ഥയോട് അനുയോജ്യമായ വിധമാണ് മഴ പെയ്യുന്നത്. വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ഗുണ്ടിൽപേട്ടിൽ വെളുത്തുള്ളി, കിഴങ്ങ്,ക്യാബേജ്, കാരറ്റ്, പൂക്കളായ ചെണ്ടുമല്ലി,സൂര്യകാന്തി തുടങ്ങിയവയാണ് ഇടവിളയായി കൃഷിചെയ്തുവരുന്നത്. ഇതിൽ പൂക്കൾ ഒഴികെ ബാക്കിയെല്ലാം മൂന്ന് മാസമാകുമ്പോഴെക്കും വിളവെടുക്കാനാകും. വർഷത്തിൽ ഒരു കൃഷിയിടത്തിൽ നാല് തവണ കൃഷിയിറക്കുന്നവരാണ് കർഷകരിൽ ഏറിയ പങ്കും. ചെണ്ടുമല്ലിയുടെയും സൂര്യകാന്തിയുടെയും വെളുത്തുള്ളിയുടെയും വിളവെടുപ്പ് സമയമാണിത്.
ഇപ്പോഴത്തെ മഴ വിളവെടുപ്പിന് തയ്യാറായികൊണ്ടിരിക്കുന്ന പൂക്കളെയും വെളുത്തുള്ളിയെയുമാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. ചെണ്ടുമല്ലി പൂക്കൾ ദിവസേന ടൺകണക്കിനാണ് പെയിൻ്റ് കമ്പനികളിലേക്ക് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. കിലോക്ക് 20 രൂപയിൽ താഴെയാണ് ചെണ്ടുമല്ലിക്ക് കമ്പനികൾ നൽകുന്ന വില. മഴ ഇനിയും ശക്തമായാൽ പൂക്കളും ചീഞ്ഞുപോകും.

ഓണവിപണി മുന്നിൽ കണ്ടും കേരളത്തിലെ വിനോദ സഞ്ചാരികളുടെ സന്ദർശനം  പ്രതീക്ഷിച്ചും നിരവധി കർഷകരാണ് ഗുണ്ടിൽപേട്ടിൽ പൂപാടം ഒരുക്കിയിരിക്കുന്നത്. പൂപാടത്തിൽ കയറുന്നതിനും ഫോട്ടയെടുക്കുന്നതിനും മറ്റും ആൾക്ക് ഒന്നിന് 20 രൂപയാണ് ടിക്കറ്റ് നിരക്ക്.

Latest