local body election 2025
പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ റെയ്ഡ്; ഹരിതചട്ടം പാലിക്കാത്ത സ്ഥാപനത്തിന് നോട്ടീസ്
രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കി. മെറ്റീരിയല്‍ സംബന്ധിച്ച് കൃത്യത ഉറപ്പുവരുത്തുന്നതിന് ഇന്ന് കോർപറേഷന്‍ ഓഫീസില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പരിശോധന വരുംദിവസങ്ങളിലും തുടരും.
കോഴിക്കോട് | തദ്ദേശ തിരഞ്ഞെടുപ്പില്‍ പി വി സി ഫ്ലക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി, പ്ലാസ്റ്റിക്, പി വി സി അടങ്ങിയ നിരോധിത വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി കോർപറേഷന്‍ പരിധിയിലെ സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി.
രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കി. മെറ്റീരിയല്‍ സംബന്ധിച്ച് കൃത്യത ഉറപ്പുവരുത്തുന്നതിന് ഇന്ന് കോർപറേഷന്‍ ഓഫീസില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പരിശോധന വരുംദിവസങ്ങളിലും തുടരും.
ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരായ ടി ശാഹുല്‍ ഹമീദ്, എ എന്‍ അഭിലാഷ്, അസ്സി. ഡയറക്ടര്‍ നാരായണന്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അസ്സി. എന്‍ജിനീയര്‍ അവിനാഷ്, കോഴിക്കോട് കോർപറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുജിത തമ്പി, എം കെ സുബൈര്‍, ഡി ആര്‍ രജനി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലാ ജോയിന്റ്ഡയറക്ടറുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഹരിത തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി കോർപറേഷന്‍ പരിധിയിലുള്ള പ്രിന്റിംഗ് കേന്ദ്രങ്ങളില്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍, ജില്ലാ ശുചിത്വമിഷന്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചുള്ള തോരണങ്ങള്‍, ബോര്‍ഡുകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനതല എന്‍ഫോഴ്‌സ്‌മെന്റ്്സ്‌ക്വാഡുകള്‍ രൂപവത്കരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോ. ഡയറക്ടര്‍ പി ടി പ്രസാദ് അധ്യക്ഷത വഹിച്ചു. ഡെ. ഡയറക്ടര്‍ ബൈജു ജോസ്, ജില്ലാ ശുചിത്വ മിഷന്‍ കോ- ഓർഡിനേറ്റര്‍ രാകേഷ് സംസാരിച്ചു.




