National
തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയെന്ന് രാഹുൽ
വാർത്താസമ്മേളനത്തിൽ തെളിവുകൾ നിരത്തി രാഹുൽ

ബംഗളൂരു | ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കമ്മീഷൻ ബി ജെ പിയുമായി ഒത്തുകളിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് രാഹുൽ ആരോപിച്ചു. വ്യാജ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർക്കുന്നുണ്ടെന്ന് വാർത്താസമ്മേളനത്തിൽ വോട്ടർ പട്ടിക എടുത്ത് കാട്ടി രാഹുൽ വ്യക്തമാക്കി.
ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ വൻ കൃത്രിമം നടന്നതായി രാഹുൽ ആരോപിച്ചു. മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ കൃത്രിമമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇവിടെ വ്യാജ വോട്ടർമാരെയും, അസാധുവായ വിലാസങ്ങളും, ഒന്നിലധികം വോട്ടുകൾ ചെയ്യുന്നവരെയും കോൺഗ്രസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
11,965 പേർക്ക് ഒന്നിലധികം വോട്ടുകളും, 40,009 പേർക്ക് വ്യാജ മേൽവിലാസവും 10,452 പേർക്ക് ഒരേ വിലാസവും, 4132 പേർക്ക് തെറ്റായ ചിത്രങ്ങളും 33,692 പേർക്ക് ഫോം 6 ഇല്ലെന്നുംമാണ് കണ്ടെത്തിയത്.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സെൻട്രലിൽ ശക്തമായ മത്സരമാണ് നടന്നത്. വോട്ടെണ്ണലിന്റെ ഭൂരിഭാഗം സമയത്തും കോൺഗ്രസ് സ്ഥാനാർത്ഥി മൻസൂർ അലി ഖാൻ ലീഡ് നിലനിർത്തിയെങ്കിലും, അന്തിമ ഫലത്തിൽ ബിജെപിയുടെ പി സി മോഹൻ 32,707 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.