Connect with us

Kerala

ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

വാരണാസിയില്‍ നിന്ന് ഇന്ന് വൈകിട്ട് അഞ്ചിന് യാത്രതിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു

Published

|

Last Updated

കൽപ്പറ്റ | വന്യജീവി ആക്രമണത്തിൽ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി എം പി തന്റെ മണ്ഡലമായ വയനാട്ടിലെത്തും. ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് തിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് വാരണാസിയില്‍ നിന്ന് അദ്ദേഹം യാത്ര തിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ഇന്ന് രാത്രിയോടെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി നാളെ ഉച്ച വരെ മണ്ഡലത്തില്‍ തുടരും. തുടര്‍ന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുന്നതിനായി യു പി യിലേക്ക് മടങ്ങും. വന്യജീവി ആക്രമണത്തില്‍ മൂന്നാഴ്ചക്കിടെ മൂന്ന് പേരാണ് വയനാട്ടില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് മണ്ഡലത്തിലേക്ക് രാഹുല്‍ ഗാന്ധി എത്തുന്നത്.

കനത്ത പ്രതിഷേധമാണ് ഇന്ന് വയനാട്ടിലെ പുല്‍പള്ളിയില്‍ നടന്നത്. സ്ഥലത്തെത്തിയ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പള്ളിയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച വാച്ചർ പോളിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചെങ്കിലും ആംബുലന്‍സില്‍ നിന്ന് ഇറക്കാന്‍ ബന്ധുക്കള്‍ ആദ്യം തയ്യാറായില്ല. സര്‍വകക്ഷി യോഗത്തിലുണ്ടായ തീരുമാനം എഡിഎം ബന്ധുക്കളെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. പിന്നീട് 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മൃതദേഹം ആംബുലന്‍സില്‍ നിന്ന് ഇറക്കിയത്.

എം എല്‍ എ മാരായ ടി സിദ്ദീഖിനെയും ഐ സി ബാലകൃഷ്ണനെയും കയ്യേറ്റം ചെയ്യാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു. ഇതിനിടെ മുഖ്യമന്ത്രിയും വനമന്ത്രിയും മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറാവാത്തതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest