Connect with us

Kerala

രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിൽ; കൂടുതൽ പേർക്ക് എതിരെ നടപടിക്ക് സാധ്യത

കഴിഞ്ഞ ശനിയാഴ്ച പോലീസ് കസ്റ്റഡിയിൽ എടുത്ത രാഹുലിനെ ഇന്നലെയാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

Published

|

Last Updated

തിരുവനന്തപുരം | പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ. തിങ്കളാഴ്ച രാത്രി മുതൽ രാഹുൽ ഭക്ഷണം കഴിക്കുന്നില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച പോലീസ് കസ്റ്റഡിയിൽ എടുത്ത രാഹുലിനെ ഇന്നലെയാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ട് തിരിച്ചറിയും വിധം പ്രവർത്തിച്ചു എന്നാണ് രാഹുലിന് എതിരായ കേസ്.

അതേസമയം, തൻ്റെ അറസ്റ്റ് നിയമപരമല്ലെന്നും പിടികൂടിയ ശേഷമാണ് നോട്ടീസ് നൽകിയതെന്നും രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു. എന്നാൽ, രാഹുൽ നോട്ടീസ് കൈപ്പറ്റിയില്ലെന്നും അതിജീവിതയെ മോശമാക്കുന്ന രീതിയിൽ പ്രവർത്തിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിയുടെ ചിത്രം രാഹുലിൻ്റെ ലാപ്‌ടോപ്പിൽ നിന്ന് കണ്ടെടുത്തതായും പോലീസ് കോടതിയിൽ ബോധിപ്പിച്ചു.

ജയിലിൽ നിരാഹാരമിരിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഇന്നലെ രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേസിൽ രാഹുൽ ഈശ്വറിനൊപ്പം പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രജിത പുളിക്കൻ, സുപ്രീംകോടതി അഭിഭാഷക ദീപ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. യുവതിക്കെതിരെ മോശം കമന്റിട്ടവരും പോലീസ് നിരീക്ഷണത്തിലാണ്.

Latest