flight protest
സര്‍ക്കാറിനെതിരെ സമരം ചെയ്യുന്നത് ക്വട്ടേഷന്‍ സംഘങ്ങള്‍: ഇ പി ജയരാജന്‍
ആക്രമണത്തിന് ആളെവിട്ടത് സുധാകരനും സതീശനും;

തിരുവനന്തപുരം | സര്‍ക്കാറിനെതിരെ സമരം ചെയ്യുന്നത് ക്വട്ടേഷന്‍ സംഘങ്ങളെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിമാനത്തിലെ പ്രതിഷേധം കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. മുഖ്യമന്ത്രിയെ ആക്രമിക്കലാണ് അവരുടെ ലക്ഷ്യം. അക്രമികളെ വിട്ടത് സുധാകരനും സതീശനും കൂടിയാണ്. കോണ്‍ഗ്രസ് എല്ലാ ഗാന്ധിസവും വിട്ടുവെന്നും ഇ പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു മുഖ്യമന്ത്രി വിമാനത്തില്‍ അക്രമിക്കപ്പെട്ടു എന്ന കളങ്കം ഇല്ലാതാക്കിയത് ഞാന്‍ ഇടപെട്ടതുകൊണ്ടാണ്. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ അക്രമികളെ ഞാന്‍ തടഞ്ഞുനിര്‍ത്തി. പ്രതിരോധിച്ച് നിര്‍ത്തുകയാണ് ഞാന്‍ ചെയ്തത്. അക്രമിച്ചതല്ല. അതുകൊണ്ട് വിമാനക്കമ്പനിയും എയര്‍പോര്‍ട്ട് അതോറിറ്റിയും എന്നോട് നന്ദി പറയണം. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ നടക്കാത്ത ഒരു ആക്രമണമാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായത്.
അക്രമികള്‍ കള്ള് കുടിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. വിമാനത്തിലുണ്ടായിരുന്നവരും അവര്‍ കള്ള്കുടിച്ചു എന്ന തരത്തിലാണ് പ്രതികരിച്ചത്. ഇനി കള്ള്കുടിച്ചിട്ടില്ലെങ്കിലും ഒരു മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ ഇങ്ങനെ പ്രതകരിക്കാമോ?. വിമാനത്തിലെ ആക്രമണം കോണ്‍ഗ്രസ് നയമാണോ എന്ന് എ കെ ആന്റണി പ്രതികരിക്കണം.
എല്‍ ഡി എഫ് ഒരു ആക്രമണത്തിനുമില്ല. ജനങ്ങളുടെ വികസനവും ക്ഷേമവുമാണ് ഞങ്ങളുടെ ലക്ഷ്യം. വികസനം മുരടിപ്പിക്കലും കേരളത്തെ നശിപ്പിക്കലുമാണ് പ്രതിപക്ഷ ലക്ഷ്യം. ഇവരെ ജനം ഒറ്റപ്പെടുത്തണം. ആര്‍ എസ് എസും ജമാഅത്തെ ഇസ്ലാമിയും യു ഡി എഫും ഒന്നിച്ച് ആലോചിച്ചാണ് സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്നത്. കെ പി സി സി ആസ്ഥാനത്തെ ഒരു ബോര്‍ഡ് തകര്‍ത്തിട്ടുണ്ടെന്നത് ശരിയാണ്. പാര്‍ട്ടി അത് പരിശോധിക്കും. യു ഡി എഫ് പ്രകോപനം സൃഷ്ടിക്കും. എന്നാല്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ വികാരത്തിന് അടിപ്പെടരുതെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.