Cover Story
"കേരള കാർണവർ'
കേരള സംസ്ഥാന രൂപവത്കരണ ദിനങ്ങൾ നേരിട്ടനുഭവിക്കാൻ ഭാഗ്യം ലഭിച്ച പുതു കേരളത്തിന്റെ കാരണവരായ മാധവ കാർണവർ ആ കാലത്തിന്റെയും അന്നത്തെ കേരള സംസ്ഥാന രൂപവത്കരണത്തിലെ സംഭവവികാസങ്ങളുടെയും കൂടി കണ്ണിയാണ്. കേരളപ്പിറവിയുടെ പിന്നാമ്പുറങ്ങൾ അടരുകളായി ഓർമയിൽ നിന്നും ചികഞ്ഞെടുക്കുമ്പോൾ 102 ാം വയസ്സിൽ നിന്നും "അമ്മാവൻ' എന്നു ബഹുമാനപുരസ്സരം നാട്ടുകാർ വിളിക്കുന്ന ആലപ്പുഴ മാന്നാർ കുട്ടമ്പേരൂർ കളിയിക്കൽ കിഴക്കേതിൽ മാധവ കാർണവരുടെ മനസ്സ് പ്രായാധിക്യത്തിന്റെ വ്യാകുലത വിട്ട് യുവത്വത്തിന്റെ പ്രസരിപ്പുയർത്തുന്നു.
ഉച്ചമയക്കത്തിലായിരുന്ന 102 വയസ്സുകാരനായ പിതാവിനെ മെല്ലെ വിളിച്ചുണർത്തിയപ്പോൾ ആദ്യം മടിച്ചുവെങ്കിലും പിന്നെ മെല്ലെ എഴുന്നേറ്റു പരസഹായമില്ലാതെ കസേരയിലിരുന്നു. പ്രായാധിക്യത്തിന്റെ ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിച്ചുനിർത്തിയാൽ മറ്റ് അസ്വസ്ഥതകളൊന്നുമില്ലെങ്കിലും നേരിയ കേൾവിക്കുറവ് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അത് പരിഹരിക്കാൻ റിട്ട. സർക്കാർ ഉദ്യോഗസ്ഥയായ മകൾ ശ്രീദേവി എപ്പോഴും അരികിലുണ്ടാകും. കേരളപ്പിറവിയുടെ പിന്നാമ്പുറങ്ങൾ ഒന്നൊന്നായി ഓർമയിൽ നിന്ന് ചികഞ്ഞെടുക്കുമ്പോൾ “അമ്മാവൻ’ എന്നു ബഹുമാനപുരസ്സരം നാട്ടുകാർ വിളിക്കുന്ന ആലപ്പുഴ മാന്നാർ കുട്ടമ്പേരൂർ കളിയിക്കൽ കിഴക്കേതിൽ മാധവ കാർണവരുടെ മനസ്സ് പ്രായാധിക്യത്തിന്റെ വ്യാകുലത വിട്ട് യുവത്വത്തിന്റെ പ്രസരിപ്പുയർത്തും.
“അന്ന് ഏറെ അനന്ദമായിരുന്നു നാട്ടിലെങ്ങും. ഘോഷയാത്രകളും കദിനാവെടികൾ മുഴങ്ങലും ആർപ്പുവിളികളുമൊക്കെയായിരുന്നു എല്ലായിടവും. മ്മള് കുറെപ്പേർ അന്നു രാത്രി ചെങ്ങന്നൂരു പോയി. നടന്നായിരുന്നു യാത്ര. അന്നു വണ്ടികളൊന്നും ഇന്നത്തേപ്പോലെയില്ല. ധാരാളം പേർ അവിടെ കൂടിയിട്ടുണ്ട്. നേതാക്കൾ പ്രസംഗിക്കുന്നു. എല്ലാവരും കൈയടിക്കുന്നു. മൈക്ക് ഇല്ലാത്ത കാലമായിരുന്നത്. ഉയരമുള്ള ഒരു സ്ഥലത്ത് കയറിനിന്നാണ് പ്രസംഗം. പെട്രോമാക്‌സും കത്തിച്ചുവെച്ചിട്ടുണ്ട്. “സി കേശവനും ടി എം വർഗീസും പട്ടം താണുപിള്ളയുമൊക്കെയായിരുന്നു അന്നത്തെ പ്രധാന നേതാക്കൾ. അവരുടെ അക്ഷീണ ശ്രമംകൊണ്ടുകൂടിയാണ് കേരള സംസ്ഥാനമുണ്ടായത്.’
കേരള സംസ്ഥാന രൂപവത്കരണ ദിനങ്ങൾ നേരിട്ടനുഭവിക്കാൻ ഭാഗ്യം ലഭിച്ച ജീവിച്ചിരിക്കുന്ന പുതിയ കേരളത്തിന്റെ കാരണവരായ മാധവ കാരണവർ ഇടക്ക് എന്തോ ഓർത്തിട്ടെന്നപോലെ പെട്ടെന്നു നിർത്തി. നിരാശ കലർന്ന സ്വരത്തിൽ വീണ്ടും തുടർന്നു. ആ കാലഘട്ടത്തിലെ പ്രമാദമായ പല സംഭവങ്ങളും ഓരോന്നായി ഓർത്തെടുക്കുകയായിരുന്നു. ഇടക്ക് നിർത്തുകയും പിന്നീട് ഓർത്തെടുത്ത് തുടരുകയും ചെയ്യുന്നു.
വീണ്ടും നിർത്തി മകളോടായി ചോദിച്ചു “ഇപ്പോ എത്ര വർഷായിക്കാണും കേരളം രൂപവത്കരിച്ചിട്ട്. 69 എന്നു പ്രതിവചിച്ചപ്പോൾ വീണ്ടും തുടർന്നു. “ഇന്ന് എല്ലാവരും അഹങ്കാരികളും സ്വാർഥമോഹികളുമായി. നാട് നന്നാക്കണമെന്ന് ഇവർക്കാർക്കും താത്പര്യമില്ല. എവിടെയും അഴിമതിയല്ലേ… എല്ലാവർക്കും പണമുണ്ടാക്കണം. സർക്കാർ സ്ഥാപനങ്ങളുടെ വാതിലിൽപ്പോലും “കൈക്കൂലി കൊടുക്കരുത്’ എന്നുവരെ എഴുതിവെക്കേണ്ടി വന്നില്ലേ..’
മനുഷ്യർക്കിടയിൽ സാഹോദര്യം നഷ്ടപ്പെടുന്നു. എവിടെയും വർഗീയതയും തമ്മിൽത്തല്ലും. കൊച്ചുകുട്ടികൾപോലും ലഹരിക്കടിമകളാകുന്നു- പല കാര്യങ്ങളോർത്ത് കാർണവർ അസ്വസ്ഥനാകുന്നു. വസ്തുവകകൾ ഉള്ളതുകൊണ്ടു കൃഷിയായിരുന്നു അച്ഛന് താത്പര്യം. അച്ഛൻ മുഴുസമയ കർഷകനായിരുന്നു- ഇടക്ക് കേറി മകൾ പറഞ്ഞു.
2018ൽ നടന്ന ചെങ്ങന്നൂർ ഫെസ്റ്റിൽ മുതിർന്ന കർഷകനെന്ന നിലയിൽ വൈ എം സി എ ആദരിച്ചിരുന്നു. ഉമ്മൻ ചാണ്ടി ഒരു കുടുംബസംഗമത്തിൽ പങ്കെടുത്തപ്പോൾ അച്ഛനെ ആദരിച്ച് പൊന്നാടയണിയിക്കുകയുമുണ്ടായി. കാർഷിക മേഖലയിലും പൊതുപ്രവർത്തനത്തിലും അച്ഛന്റെ ജീവിതം മാതൃകയാക്കണമെന്ന് അദ്ദേഹം എല്ലാവരോടും പറഞ്ഞതും മകൾ ഓർക്കുന്നു.
നൂറ്റിരണ്ടാം വയസ്സിലും മാധവ കാരണവരുടെ മനസ്സിൽ മായാതെ നിൽക്കുന്ന സംഭവമാണ് ചെങ്ങന്നൂർ വെടിവെപ്പ്. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. ഉത്തരവാദ പ്രക്ഷോഭത്തിന്റെ ഭാഗമായി 1938ൽ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സമ്മേളനം ചെങ്ങന്നൂർ മിൽസ് മൈതാനത്ത് (ഇന്നത്തെ കെ എസ് ആർ ടി സി ബസ്്സ്റ്റാൻഡ് നിൽക്കുന്ന സ്ഥലം) നടത്താൻ തീരുമാനിച്ചെങ്കിലും സമ്മേളനം ദിവാൻ നിരോധിച്ചു. അതിൽ പങ്കെടുക്കാൻ അന്നത്തെ നേതാക്കളായ ചിറ്റേടത്തു ശങ്കുപ്പിള്ള, ഡോ. ഗോവിന്ദപ്പണിക്കർ, വേലായുധ പണിക്കർ, മാത്തുക്കുട്ടി സ്കറിയ എന്നിവരോടൊപ്പം പോയി. ഒരു കൊടിയും പിടിച്ചു നടന്നായിരുന്നു പോയത്.
പത്തുപന്ത്രണ്ട് മൈൽ ദൂരമുണ്ട് അവിടേക്ക്. ഞങ്ങൾ ചെല്ലുമ്പോൾ അവിടെയാകെ വലിയ ജനക്കൂട്ടം. നിറയെ പോലീസ്. എല്ലാം ബ്രിട്ടീഷുകാരുടെ പോലീസാണ്. അവിടെ കൂടിനിന്നവരിൽ ആക്രോശിച്ചുകൊണ്ട് ഒരാളെ ഒരു പോലീസുകാരൻ കൈക്കു പിടിച്ചുവലിച്ചു. അയാൾ താഴെ വീണതോടെ പിന്നെ ബൂട്ടിട്ട് ചവിട്ടായി. ഇതു കണ്ടുനിന്നവർക്ക് സഹിച്ചില്ല. പിന്നെ ആകെ ബഹളമായി. യോഗം കലക്കാനാണ് സംഭവമെന്ന് മനസ്സിലായതോടെ ആളുകൾ കൂടുതൽ ആക്ഷോഭ്യരായി. 1938 സെപ്തംബർ 29നായിരുന്നു സംഭവം. തുടർന്ന് ലാത്തിച്ചാർജായി. നാട്ടുകാർ ചിതറിയോടി. പിന്നെ തെരുവുയുദ്ധമായി മാറി.
ബ്രിട്ടീഷുകാരൻ തുലയട്ടെ എന്ന മുദ്രാവാക്യം മാത്രമേ എവിടെയും കേൾക്കാനുള്ളൂ. സമരം അടിച്ചമർത്താൻ സമരഭടന്മാർക്കു നേരെ വെടിവെക്കാൻ ദിവാൻ നിർദേശം നൽകി. എം സി റോഡിൽ ചെങ്ങന്നൂർ ആശുപത്രി ജംഗ്ഷനു സമീപം നടന്ന വെടിവെപ്പിൽ സമരഭടനായ പുലിയൂർ പേരിശ്ശേരി സ്വദേശി കുടിലിൽ ജോർജ് രക്തസാക്ഷിയായി. മൃതദേഹം വിട്ടുകൊടുക്കാൻ പോലും പോലീസ് തയ്യാറായില്ല. തുടർന്ന് പോലീസിന്റെ ഇടപെടൽ ഉണ്ടാകാതിരിക്കാൻ കൂറ്റൻ ചാലമരം വെട്ടി സമരക്കാർ റോഡിന് കുറുകെയിട്ടു. അത് പിന്നീട് പ്രശസ്തമായ മരം വെട്ട് കേസായി മാറി. അന്ന് വെടിവെപ്പ് നടത്തിയ പോലീസുകാരൻ യാത്ര ചെയ്തിരുന്ന ട്രെയിനിനു കൊല്ലം കുണ്ടറയിൽ ഡൈനമിറ്റ് വെച്ചു തകർത്തു വധിക്കാൻ ശ്രമവുമുണ്ടായി.
പോലീസ് കേസെടുത്ത് അനേഷിച്ചെങ്കിലും കണ്ടെത്താനാകാഞ്ഞതുകാരണം പ്രതികളെ പിടികിട്ടാപ്പുള്ളികളായും പ്രഖ്യാപിച്ചു. സംഭവശേഷം അവിടെ നിന്ന്് രക്ഷപ്പെട്ടു ഒളിവിൽ പോയ ഡോ. കെ വേലായുധപ്പണിക്കർക്ക് പിന്നീട് വീട്ടിലേക്കു വരുന്ന വഴി ചെന്നിത്തല വെച്ചു അർധരാത്രിയോടെ പാമ്പുകടിയേറ്റു. അതുവഴിവന്ന ഇരമത്തൂർ പൊതുവൂർ മേടയിൽ മീരാസൈയ്ദു അദ്ദേഹത്തെ അന്നത്തെ പാരമ്പര്യ വിഷവൈദ്യനായ ചെന്നിത്തല കുര്യന്റെ അടുക്കൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇന്ന് വിവിധ നേതാക്കളുടെ ശ്രമഫലമായി ചെങ്ങന്നൂർ കെ എസ് ആർ ടി സി സ്റ്റാൻഡിനു പടിഞ്ഞാറ് ഭാഗത്ത് ഒന്നേകാൽ സെന്റ്സ്ഥലത്ത് 387 ചതുരശ്ര അടി വിസ്തീർണത്തിൽ കുടിലിൽ ജോർജ് സ്മാരകം നിർമിക്കുന്നതിനായുള്ള നടപടികളും പൂർത്തിയായി. ഇതിനായി സാംസ്കാരിക വകുപ്പ് 33.6 ലക്ഷം രൂപ അനുവദിച്ചു ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്. ഏതാനും നാൾ മുമ്പ് കുടിലിൽ ജോർജിന്റെ മകൻ ജോർജ് മാത്യുവിനെ മന്ത്രി സജി ചെറിയാൻ ആദരിക്കുകയുണ്ടായി.
ലോകമെമ്പാടുമുള്ള മലയാളികൾ കേരളപ്പിറവിയെ സ്മരിക്കുമ്പോൾ അതിനു പിന്നിലെ കഥകൾ കൂടി ഓർക്കേണ്ടിയിരിക്കുന്നു. ഭാഷാ തത്വങ്ങളിൽ ക്രമീകരിച്ച 1956ൽ തിരുവിതാംകൂർ – കൊച്ചി സംസ്ഥാനം മദ്രാസിലെ മലബാർ ജില്ലയുമായും ദക്ഷിണ കാനറ ജില്ലയിലെ കാസർകോട് താലൂക്കുമായും ലയിപ്പിച്ചതോടെയാണ് കേരളത്തിന്റെ ആധുനിക അതിർത്തികൾ നിലവിൽ വന്നത്. ഒപ്പം തെക്കൻ തിരുവിതാംകൂർ – കൊച്ചിയുടെ ചില ഭാഗങ്ങൾ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കേരളം രൂപവത്കരിച്ച സംസ്ഥാന പുനഃസംഘടനാ നിയമം ആന്ധ്രാ പ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ബോംബെ സംസ്ഥാനം എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളുടെ അതിർത്തി പുനർനിർമിക്കുന്നതിനും കാരണമായി. പുനഃസംഘടനാ നിയമപ്രകാരം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ചു 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപവത്കൃതമായെങ്കിലും അതിന് മറ്റൊരു കാരണം കൂടിയുള്ളതായാണ് മാധവ കാരണവരുടെ അഭിപ്രായം.
1952ൽ ആന്ധ്രാ പ്രദേശിൽ ഗാന്ധിയനായ ശ്രീരാമലു ഭാഷാ സംസ്ഥാനം ആവശ്യപ്പെട്ടു ആഴ്ചകളോളം നിരാഹാരം കിടക്കുകയും അദ്ദേഹം രക്തസാക്ഷിയാകുകയും ചെയ്തു. തുടർന്ന് 1953ൽ ആന്ധ്ര സംസ്ഥാനം രൂപവത്കരിക്കപ്പെട്ടു. അതിന്റെ തുടർച്ചയെന്നോണമാണ് കേരള സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം , നേരത്തെതന്നെ നമ്മുടെ നാടിന് കേരളമെന്ന പേരുണ്ടായിരുന്നതായാണ് ചരിത്രബോധമുള്ള കാരണവരുടെ പക്ഷം. അങ്ങനെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുക കൂടി ചെയ്തിട്ടുണ്ട് മാധവ കാർണവർ. മാറി മാറി വന്ന അനവധിയായ സംഭവ വികാസങ്ങളുടെ സാക്ഷിയായ അദ്ദേഹം നൂറ്റിരണ്ടാം വയസ്സിലും സസൂക്ഷ്മം കേരളത്തിന്റെ മുന്നോട്ടുള്ള ഗമനത്തിൽ പ്രതീക്ഷയർപ്പിച്ച് കാരണവരായി ഒപ്പമുണ്ട്.
.



