Prathivaram
"ആ മരണം സ്ഥിരീകരിക്കുമ്പോൾ എന്റെ ശ്വാസം നിലയ്ക്കുന്നതുപോലെ'
സർവസംഹാര താണ്ഡവമാണ് യുദ്ധം. ഇസ്്റാഈൽ നടത്തിയ കൂട്ടക്കുരുതിയുടെ കറുത്ത ചരിത്രമാണ് ഗസ്സയുടെത്. ഒരു സമൂഹത്തെ ഇല്ലാതാക്കാൻ ഒരു ആതുരാലയത്തിൽ അവിടത്തെ ആയിരക്കണക്കിന് രോഗികളും അന്തേവാസികളും രക്ഷാപ്രവർത്തകരും ഭിഷഗ്വരന്മാരും അടങ്ങിയ സമൂഹത്തെ പാടെ ഇല്ലായ്മ ചെയ്യാൻ പാകത്തിൽ കനത്ത മിസൈലാക്രമണം നടത്തിയ കൊടും ക്രൂരതക്ക് ദൃക്‌സാക്ഷിയാകാൻ ഇടയായ ദുരന്ത നിമിഷങ്ങൾ ഡോ. എസ് എസ് സന്തോഷ് കുമാർ സിറാജ് പ്രതിവാരവുമായി പങ്കുവെക്കുന്നു.
ആഞ്ഞുവീശുന്ന കാറ്റിൽ പോലും രക്തത്തിന്റെ രൂക്ഷഗന്ധം വമിക്കുന്നു. പൊടിപടലങ്ങൾ നീങ്ങിത്തുടങ്ങുമ്പോൾ കാണുന്നത് കരളിൽ കുത്തുന്ന കാഴ്ചകൾ. മിസൈൽ ആക്രമണത്തിൽ ചിന്നിച്ചിതറിയ ശരീരങ്ങൾ. കൈകാലുകൾ അറ്റുപോയവർ. വിപണിയിൽ സ്വന്തം മരുന്നും ചികിത്സാ യന്ത്രങ്ങളും വരെ വിൽക്കാൻ ഒരുങ്ങി നിൽക്കുന്ന പട്ടിണിപ്പാവങ്ങൾ. ഗസ്സയുടെ ആതുരാലയങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോൾ ഏറ്റവും വലിയ തിരിച്ചറിവ് ഇതാണ്, വിശപ്പിലും വലുതല്ലല്ലോ മരണം..! സന്തോഷ് കുമാർ തന്റെ നേരനുഭവങ്ങൾ വിവരിക്കുമ്പോൾ ഇടക്കിടെ വിങ്ങുന്നു. പലപ്പോഴും കണ്ണിലും വാക്കിലും രോഷം കത്തിയമരുന്നു. “ഏതൊരു യുദ്ധഭൂമിയിലും ഒഴിവാക്കപ്പെടുന്ന തന്ത്രപ്രധാന കേന്ദ്രമാണ് ആശുപത്രികള്‍. പക്ഷേ, ഫലസ്തീനില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ആശുപത്രികള്‍ക്കും രക്ഷയില്ല. തങ്ങളുടെ ശത്രുപാളയത്തിലെ ഒരാളെയെങ്കിലും കൊല്ലാനാകുമെങ്കില്‍ അതിന് വേണ്ടി ഒരാശുപത്രി മുഴുവനും ബോംബിട്ടു തകര്‍ക്കാന്‍ ഇസ്്റാഈലിന് മടിയില്ല. ഇസ്്റാഈൽ ആതുരാലയങ്ങള്‍ക്ക് മീതെയും പകയുടെ മിസൈലുകള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു.’
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം ബി ബി എസും അസ്ഥിരോഗ ചികിത്സയിൽ എം ഡിയും നേടിയ, അവിടെ ഏറെക്കാലം അധ്യാപകനായും 2016 മുതൽ 2021 വരെ ഡെപ്യൂട്ടി സൂപ്രണ്ട്, എമർജൻസി സേവന വിഭാഗം മേധാവി, ട്രോമ ആൻഡ് ഓര്‍ഡത്തോപീഡിക് പ്രൊഫസര്‍ എന്നീ നിലകളിലം സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. സന്തോഷ് കുമാർ, യുക്രൈനിലും ഗസ്സയിലും ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ പരിരക്ഷാ വിഭാഗമായ പ്രൊജക്ട് ഹോപിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. വെടിനിർത്തൽ പ്രഖ്യാപനങ്ങൾ പ്രഹസനമായി മാറിയ ഗസ്സയിലെ അവശേഷിക്കുന്ന ഏക ആശുപത്രിയായ ഖാൻ യൂനുസ്സിൽ സ്ഥിതിചെയ്യുന്ന അൽ നാസർ ആശുപത്രിയിൽ വിവിധ കാലങ്ങളിലായി മൂന്ന് തവണ ഡോക്ടർ സന്തോഷ് കുമാർ പലസ്തീനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗസ്സയിലെ ദുരന്ത നിവാരണ – മനുഷ്യാവകാശ സംഘടനയായ RESQ ഇന്റർനാഷനലിന്റെ സ്ഥാപകനും കോ-ഓര്‍ഡിനേറ്ററുമായ ഡോക്ടർ തന്റെ ഗസ്സയിലെ സേവന കാലത്തെ നേരനുഭവങ്ങൾ പങ്കു വെക്കുകയാണിവിടെ.
ഗസ്സയിലെ ആദ്യാനുഭവങ്ങൾ
അഥവാ യുദ്ധഭൂമിയിലെ നേർക്കാഴ്ചകൾ
ഫലസ്തീനു മീതെ ഇസ്റാഈലിന്റെ ആക്രമണം തുടങ്ങിയ ശേഷം മൂന്ന് തവണയാണ് ഞാൻ ഗസ്സയിലെത്തിയത്. ആദ്യ തവണ യുക്രൈനിലെ യുദ്ധമുഖത്ത് നിന്നായിരുന്നു വരവ്. മൂന്നാമത്തെ വരവിനു മുന്പ്, ഇസ്്റാഈല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അതോടെ ഗസ്സയിലെ പ്രവർത്തനങ്ങള്‍ അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് വീണ്ടും യുക്രൈനിലേക്ക്. ഗസ്സയിലേക്ക് ലോകാരോഗ്യ സംഘടനയുടെ സംഘത്തിന് പ്രവേശനം ലഭ്യമാകുമെന്ന് വന്നപ്പോള്‍ മാത്രമാണ് വീണ്ടും യാത്ര തീരുമാനിച്ചത്.
മൂന്ന് തവണയും ഞാന്‍ കണ്ട ഗസ്സയിലെ സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നു. കുടിവെള്ളം കിട്ടാതെ മലിന ജലം കുടിച്ച് വയറിന് അസുഖം പിടിച്ചവരെയാണ് ആദ്യത്തെ വരവില്‍ കണ്ടത്. അവര്‍ക്ക് മലവിസര്‍ജനത്തിന് ആവശ്യമായ സൗകര്യങ്ങളില്ലാതെ വന്നപ്പോൾ പരസ്യമായി പൊതുസ്ഥലത്ത് വിസര്‍ജിക്കേണ്ടി വന്നു. അത് വലിയ തോതിൽ വയറിളക്ക രോഗങ്ങള്‍ക്ക് കാരണമായി. അങ്ങനെ രോഗം ബാധിച്ച് ആളുകള്‍ മരിക്കുന്ന സാഹചര്യമായിരുന്നു അന്ന്. അതുകഴിഞ്ഞപ്പോൾ പട്ടിണി കാര്‍ന്നുതിന്നുന്ന ഗസ്സയെയാണ് കണ്ടത്. പട്ടിണി മൂലമുള്ള സാമൂഹിക മാറ്റങ്ങള്‍ കുറ്റകൃത്യങ്ങളിലേക്കും പിടിച്ചുപറിയിലേക്കും കൊലപാതകങ്ങളിലേക്കും മരണങ്ങളിലേക്കുമൊക്കെ വഴിമാറി. ആശുപത്രികള്‍ക്കു നേരെയുള്ള ബോംബിംഗ് സാധാരണ സംഭവമായി മാറി.
ഏറ്റവും അവസാനം, അതിഭയങ്കരമായ പറിച്ചുനടലാണ് ഗസ്സയിൽ കണ്ടത്. എട്ട് ലക്ഷത്തോളം പേര്‍ നിര്‍ബന്ധിത പലായനത്തിലേക്ക് നീങ്ങി. പോകാൻ നിവൃത്തിയില്ലാത്ത കുടുംബങ്ങള്‍ തുണ്ടുഭൂമിയിലേക്ക് ഒതുങ്ങിക്കൂടുന്നു. ബാക്കിയുള്ള ജീവിതം എങ്ങനെയെന്നോ എവിടെയെന്നോ അറിയാതെ പലായനം ചെയ്യുന്നവരെയാണ് അവസാനം ഞാൻ ഗസ്സയിൽ കണ്ടത്.
മറ്റ് പല വംശഹത്യകളും പരിശോധിച്ചാല്‍ ആളുകള്‍ക്ക് പലായനം ചെയ്തു ചെല്ലാൻ ഇടങ്ങളുണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ചില പഴുതുകളെങ്കിലും അവശേഷിച്ചിരുന്നു. ഗസ്സയെ സംബന്ധിച്ച് അങ്ങനെയൊന്നുമില്ല. ഗസ്സയുടെ തെക്കേയറ്റത്തുള്ള റഫ മുഴുവനും ഇടിച്ചുനിരത്തി ചുവപ്പു മേഖലയാക്കി മാറ്റിയിരിക്കുകയാണ്.
ഈജിപ്തിനും ഇപ്പോൾ ആളുകള്‍ താമസിക്കുന്ന ഗസ്സയുടെ ഭാഗത്തിനും ഇടയില്‍ പത്ത് പതിനഞ്ച് കി. മീറ്റര്‍ നോ മാന്‍സ് ലാന്‍ഡാണ്. ആര്‍ക്കും കടന്നുചെല്ലാനാകില്ല. ഈജിപ്തില്‍ നിന്നുള്ള വഴി അടച്ചിരിക്കുകയാണ്. ഇപ്പുറത്ത് ഖാൻ യൂനുസിന്റെ പകുതിയോളം ഇസ്്റാഈൽ പിടിച്ചെടുത്തു നശിപ്പിച്ച് ആരും കടന്നുചെല്ലാത്ത രീതിയിലാക്കിയിരിക്കുന്നു. വടക്കുഭാഗത്ത് ഗസ്സാ നഗരം ബോംബിംഗിൽ പകുതിയിലേറെയും നശിപ്പിച്ചിരിക്കുന്നു. ഇങ്ങനെ പോയാല്‍ അതിവിദൂരമല്ലാത്ത ഭാവിയിൽ ഗസ്സ പൂര്‍ണമായും അവസാനിക്കുമെന്ന് അന്നേ ഞാൻ ഭയപ്പെട്ടിരുന്നു.
ലോകം ഇനിയും കണ്ണ് തുറന്നിട്ടില്ലാത്ത
ഒരു കാലം…
കഴിഞ്ഞ തവണ ഫലസ്തീനില്‍ വന്നപ്പോഴും ഞാന്‍ നാസര്‍ ആശുപത്രിയില്‍ പോയിരുന്നതാണ്. 2023 നവംബറിലായിരുന്നു അത്. അന്ന് അവിടെ വേറെയും കുറേ ആശുപത്രികളുണ്ടായിരുന്നു. സൗത്ത് ഗസ്സയിലെ പ്രധാന ആശുപത്രിയായിരുന്നു ഇത്. ആശുപത്രിക്ക് ചുറ്റുമാണ് കച്ചവടങ്ങളും മാര്‍ക്കറ്റുമൊക്കെ ഉണ്ടായിരുന്നത്. അവിടേക്കുള്ള പൊടി നിറഞ്ഞ വഴി ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. വഴിനീളെ പലതരത്തിലള്ള കച്ചവടക്കാര്‍, ഭക്ഷണം ഉണ്ടാക്കി വില്‍ക്കുന്നവര്‍, വസ്ത്രങ്ങളും ആശുപത്രിയിലേക്കുള്ള സാധനങ്ങളും വില്‍ക്കുന്നവര്‍. ഏത് സമയത്ത് പോയാലും ധാരാളം ആളുകള്‍ അവിടെ ഉണ്ടാകുമായിരുന്നു. ഖാന്‍ യൂനിസില്‍ അന്ന് യുദ്ധം തുടങ്ങിയിരുന്നു.ഫലസ്തീന്റെ പടിഞ്ഞാറു ഭാഗത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയായിരുന്നു ലക്ഷ്യം.
അതുകൊണ്ടു തന്നെ, 600 ബഡ്ഡുകളുണ്ടായിരുന്ന നാസര്‍ ആശുപത്രിയില്‍ ചികിത്സക്കായി അന്ന് 1500- 2000 പേരെങ്കിലും എത്തിയിട്ടുണ്ടായിരുന്നു. അപകടത്തിലും ആക്രമണത്തിലും പരുക്കേറ്റവരാണ് ആശുപത്രിയിലെത്തുന്നവരിലേറെയും. വയറിളക്കവും ശ്വാസംമുട്ടലും നെഞ്ചുവേദനയും വാർധക്യസഹജമായ രോഗങ്ങളും ഉൾപ്പെടുന്ന രോഗികള്‍ക്കും കുറവൊന്നുമുണ്ടായിരുന്നില്ല. ഇരുകൂട്ടരെയും ഒരേയിടത്ത് ഒരുപോലെ ചികിത്സിക്കുകയെന്നത് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കും.
അതുകൊണ്ടുതന്നെ മെഡിക്കല്‍ രോഗികളെ മുഴുവന്‍ മറ്റൊരിടത്തേക്ക് മാറ്റാനും ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ടെൻഡ് പോലുള്ള സംവിധാനം അവര്‍ക്കായി സജ്ജമാക്കാനും സാധിച്ചിരുന്നു. ചെറിയ പരുക്കേറ്റു വരുന്നവര്‍ക്ക് മാത്രമായി ഫാസ്റ്റ് ട്രാക്ക് ക്ലിനിക്ക് തുടങ്ങി. അന്ന് ഞങ്ങളെത്തുമ്പോഴും ആശുപത്രി ആക്രമണ ഭീഷണിയുടെ നിഴലിലായിരുന്നു. ഏതു നിമിഷവും അടച്ചുപൂട്ടുമെന്ന സ്ഥിതി. അതിനു നടുവില്‍ നിന്നാണ് ഇക്കാര്യങ്ങളൊക്കെ ചെയ്തത്. അന്നത്തെ ഒരു ഭീകരദിവസം എനിക്കിപ്പോഴുും ഓര്‍മയുണ്ട്.നാസര്‍ ആശുപത്രിയില്‍ ഞങ്ങള്‍ ഉച്ചയോടെയാണ് എത്തിയത്. കാഷ്വാലിറ്റിയിലേക്ക് പരുക്കേറ്റവര്‍ എത്തിക്കൊണ്ടേയിരിക്കുന്നു.
വെടിയുണ്ടയേറ്റവരാണ് കൂടുതലും. അന്നും കാഷ്വാലിറ്റി നിറയെ ആളുകളായിരുന്നെങ്കിലും ശസ്ത്രക്രിയ നടക്കുമായിരുന്നു. ഐ സി യു താറുമാറായിരുന്നില്ല. അതിനുള്ളില്‍ ജോലി ചെയ്യുമ്പോഴും ചുറ്റിനുമുള്ള ഭീകരാവസ്ഥ മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. ചുറ്റിനും ബോംബുകൾ വര്‍ഷിക്കുന്ന ശബ്ദം. ഉയരുന്ന പുകപടലങ്ങള്‍. കഴുതയും കുതിരയും വലിക്കുന്ന വണ്ടികളിലുൾപ്പെടെ പരുക്കേറ്റവര്‍ എത്തിക്കൊണ്ടേയിരിക്കുന്നു. വൈകിട്ടായപ്പോഴേക്കും ആശുപത്രി അടച്ചുപൂട്ടാനുള്ള ഉത്തരവ് ഇസ്്റാഈൽ സർക്കാർ പുറപ്പെടുവിച്ചു. ആശുപത്രിക്ക് മുകളിലൂടെ പറക്കുന്ന ഹെലികോപ്ടറിന്റെ ഇരമ്പിയാർക്കുന്ന ശബ്ദം. അതിൽ നിന്ന് താഴെക്ക് വിതറിയ ലഘുലേഖകളിൽ ആശുപത്രി ഒഴിയണമെന്ന ആവശ്യമാണ്. ഞങ്ങൾ പോകണമോ എന്ന ചർച്ച തുടങ്ങി. ആശുപത്രിയിൽ നിന്ന് ഇറങ്ങിയാൽ ബോംബിംഗിൽ അകപ്പെടുമോ എന്ന ഭീതി എല്ലാവരെയും അലട്ടി. എന്തായാലും അന്ന് രാത്രി അവിടെ തങ്ങാൻ തന്നെ തീരുമാനിച്ചു.
രാത്രി അതിശക്തമായ ബോംബിംഗ് തുടങ്ങി. റോഡും കടകളും കെട്ടിടങ്ങളുമെല്ലാം തകർക്കുന്ന ബോംബിംഗ്. ആശുപ്പത്രിക്ക് ചുറ്റുമുള്ള മുഴുവൻ സ്ഥലവും ഇടിച്ചുനിരത്തി. അതിനിടയിൽ നിന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും വലിയൊരു ശതമാനം ആളുകളും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുക തന്നെയായിരുന്നു. രാത്രിയിൽ ബോംബിംഗിന്റെ വെളിച്ചം മാത്രം ഇടിമിന്നൽ പോലെ ചുറ്റിനും പരന്നുകൊണ്ടിരുന്നു. ആശുപത്രിയിലും ബോംബ് വീണേക്കാമെന്ന സ്ഥിതി. സ്വീവേജ് പ്ലാന്റും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും ജനറേറ്ററുകളും ഞൊടിയിടയിലാണ് തകർന്നത്. ആശുപത്രി പൂർണമായും ഇരുട്ടിലായി. എന്തു ചെയ്യുമെന്ന് ആർക്കും അറിയില്ല.
ആറ് മണിക്കൂറാണ് വെന്റിലേറ്ററുകളുടെ ബാറ്ററി ബാക്കപ്പ്. അത് തീർന്നതോടെ വെന്റിലേറ്ററുകളിൽ കിടന്നിരുന്നവർ ഓരോരുത്തരായി മരിക്കാൻ തുടങ്ങി. ഇക്കാര്യം പലയിടത്തും അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പുലരാൻ നേരത്ത് മറ്റൊരു ആശുപത്രി പൂട്ടിയതിന്റെ ഭാഗമായി അവിടെ നിന്ന് ചെറിയൊരു ജനറേറ്റർ കൊണ്ടുവന്നു ഐ സിയുവിലും കാഷ്വാലിറ്റിയിലും വൈദ്യുതി എത്തിച്ചു. ജീവനും കൈയിൽ പിടിച്ചുകൊണ്ടുള്ള നിൽപ്പായിരുന്നു അന്ന്. ആശുപത്രിക്ക് പിറ്റേന്ന് ബോംബിടുമെന്ന അവസാന അറിയിപ്പും എത്തിയതോടെ ഡോക്ടർമാർ ഉൾപ്പെടെ അവിടം വിട്ടു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ തുടങ്ങി.
നാസര്‍ ആശുപത്രിയില്‍ തുടർന്നാൽ ജീവന്‍ നഷ്ടപ്പെടുമെന്ന് വന്നതോടെ ഞങ്ങളുടെ എമർജൻസി മെഡിക്കൽ ടീം ഡയർ അൽബലയിലെ അൽ അക്സ ആശുപത്രിയിലേക്ക് മാറി. പൂർണമായും അടച്ചിട്ടിരുന്ന അൽ അക്സ ആശുപത്രി വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അന്ന് യാത്ര പറഞ്ഞിറങ്ങിയ അൽ നാസർ ആശുപത്രിയിലേക്ക് ഞങ്ങൾ വീണ്ടും വരികയായിരുന്നു. ആദ്യം വന്നപ്പോൾ ചെയ്ത പല കാര്യങ്ങളും പിന്നീട് ആശുപത്രിക്ക് ഗുണം ചെയ്തിരുന്നു എന്ന് ശേഷം എത്തിയപ്പോൾ മനസ്സിലായി.
ഞാന്‍ ജോലി ചെയ്യുന്ന സംഘടന നാനൂറോളം ജീവനക്കാരെ അവിടെ നിയോഗിച്ചിരുന്നു. എമർജൻസി, കാഷ്വാലിറ്റി, മെഡിക്കൽ ഫാസ്റ്റ് ട്രാക്ക് എന്നിങ്ങനെ നാല് സംവിധാനങ്ങൾ ഉണ്ടായിട്ടും എമർജൻസി റൂമിൽ എല്ലാ ദിവസവും പരുക്കേറ്റവരുടെ തള്ളിക്കയറ്റമായിരുന്നു. എങ്ങനെ നോക്കിയാലും അമ്പേ പരാജയപ്പെട്ടുപോകുന്ന അവസ്ഥ. അവിടെ എത്തുന്നവരുടെ എണ്ണം അത്രയധികമാണ്. ഗസ്സാ മേഖലയിൽ പൂട്ടിപ്പോയ നാൽപ്പതോളം ആശുപത്രികളെ ആശ്രയിക്കേണ്ടവരെല്ലാം നാസർ ആശുപത്രിയിലെ എമർജൻസി റൂമിലേക്ക് എത്തുന്നു. ഞാനവിടെ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കെയാണ് ആശുപത്രിക്ക് നേരെ വ്യോമാക്രമണം ഉണ്ടാകുന്നത്. അതൊരു മിസൈലായിരുന്നു.
ആദ്യത്തെ കൂട്ടക്കുരുതിയിൽ ഇസ്റാഈൽ അടങ്ങിയില്ല. രണ്ടാമത്തെ ആക്രമണം ഒരു തിങ്കളാഴ്ച രാവിലെ പത്തോടെയാണുണ്ടായത്. പതിവുപോലെ മാസ്സ് കാഷ്വാലിറ്റി കൈകാര്യം ചെയ്യുന്ന സമയത്താണ് കെട്ടിടം അപ്പാടെ കുലുങ്ങുന്ന ശബ്ദം കേട്ടത്. പലരും പുറത്തേക്ക് ഇറങ്ങിയോടി. എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് ആശുപത്രിയുടെ ഏറ്റവും മുകളിൽ ടെറസ്സിന് തൊട്ടുതാഴെയുള്ള നിലയിൽ മിസൈൽ പതിച്ചതാണെന്ന് വ്യക്തമായത്. മെഡിക്കൽ വിദ്യാർഥികളുൾപ്പെടെ എട്ട് പേർ ആക്രമണത്തിൽ മരിച്ചു. റോയിട്ടേഴ്സിന്റെ ഫലസ്തീനികളായ പത്രപ്രവർത്തകർ രണ്ട് പേരും അതിലുൾപ്പെട്ടു. രക്ഷാപ്രവർത്തകരും അല്ലാത്തവരും ധൈര്യമുള്ളവരും ഏണിപ്പടികളിലൂടെ മുകളിലേക്ക് ഓടിക്കയറി.
അവശേഷിക്കുന്നവരെയെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആ രക്ഷാപ്രവർത്തനം തുടങ്ങി അഞ്ച് മിനുട്ട് കഴിയുംമുമ്പേ അടുത്ത മിസൈലും അതേ സ്ഥലത്തു പതിച്ചു. രക്ഷപ്പെടുത്താൻ പോയവരടക്കം നാൽപ്പതോളം പേരാണ് തത്ക്ഷണം മരിച്ചുവീണത്. കെട്ടിടത്തിന്റെ ആറാം നിലയിലെ ചുവരുകളും മറ്റും താഴേക്ക് ഇടിഞ്ഞുവീണ് സെക്യൂരിറ്റിക്കാരും വിദ്യാർഥികളും മരിച്ചു. ആശുപത്രിയിലെ വളരെ അടുത്ത സുഹൃത്തുക്കകളായിരുന്ന സെക്യൂരിറ്റി ജീവനക്കാരും നഴ്‌സുമാരുമൊക്കെ രണ്ടാമത്തെ മിസൈൽ ആക്രമണത്തിൽ മരിച്ചുവീണവരിൽ ഉൾപ്പെട്ടിരുന്നു. അതിൽ ഒരാളായിരുന്നു ഡോ. നൗഫൽ.
എനിക്കടുത്തുനിന്ന് പരുക്കേറ്റവരെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴായാണ് നൗഫലിന്റെ ഫോൺ ബെല്ലടിച്ചത്. സാധാരണയായി ഇത്തരം അവസരങ്ങളിൽ കോളുകൾ അറ്റൻഡ് ചെയ്യാറില്ല. അപ്പോൾ വന്ന വിളി അവന്റെ ഉമ്മയുടേതായിരുന്നു. ആശുപത്രിയിൽ ബോംബു വീണ വാർത്തയറിഞ്ഞ് വിളിച്ചതായിരുന്നു അവർ. മകനോട് കാര്യങ്ങൾ ചോദിക്കുന്നതിനൊപ്പം ഉമ്മ പൊട്ടിക്കരയുന്ന ശബ്ദം ഇയർ പീസിലൂടെ പുറത്തേക്കു വരുന്നത് നേർത്ത ശബ്ദത്തിൽ എനിക്കു കേൾക്കാമായിരുന്നു. ഉമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് നൗഫൽ കാഷ്വാലിറ്റിയിൽ നിന്ന് പുറത്തേക്കിറങ്ങി. കാർ പോർച്ചിൽ പോയിരുന്ന് നൗഫൽ സംസാരിക്കവേയാണ് ആശുപത്രിക്കു മേൽ രണ്ടാമത്തെ മിസൈൽ പതിക്കുന്നത്. അതിന്റെ ശബ്ദം അടങ്ങിയപ്പോൾ എനിക്കൊപ്പം ജോലി ചെയ്തിരുന്നവരിൽ ചിലർ പുറത്തേക്കുപോയി. അവർ തിരികെ കയറിവന്നത് ഡോ. നൗഫലിന്റെ പരുക്കേറ്റ ശരീരവുമായാണ്. അൽപ്പനേരം മുന്പ് വരെ എനിക്കൊപ്പം പരുക്കേറ്റവരെ പരിചരിച്ചു നിന്ന അവനിപ്പോൾ അനക്കമറ്റ് എന്റെ മുന്നിൽ കിടക്കുന്നു. അവന്റെ മരണം സ്ഥിരീകരിക്കുമ്പോൾ എന്റെ ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി.
ആ മരണം രേഖപ്പെടുത്തുമ്പോൾ എന്റെ കൈകൾ പതിവില്ലാതെ വിറച്ചു. ഉമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് ആശുപത്രിയുടെ പോർച്ചിൽ നിൽക്കുമ്പോഴാണ് മിസൈലിൽ തകർന്ന മുകൾഭിത്തി നൗഫലിനു മേൽ പതിച്ചത്. ഉമ്മയുടെ കരച്ചിലും അവന്റെ ആശ്വാസവാക്കുകളും ആ ഒരു നിമിഷത്തിൽ ഒരുമിച്ചൊടുങ്ങിയിട്ടുണ്ടാകും. ഫോണിന്റെ മറുപുറത്തിരുന്ന് ആ ഉമ്മ മകന്റെ മരണം കേട്ടുവോ. അറിയില്ല. അതേപ്പറ്റി ആലോചിക്കാൻ പോലും എനിക്ക് പറ്റുന്നില്ല. ചുറ്റിലും മുഴങ്ങുന്ന യുദ്ധാനുബന്ധ ശബ്ദങ്ങളെയൊക്കെ നിശബ്ദമാക്കി ആ ഉമ്മയുടെ കരച്ചിൽ എന്റെ നെഞ്ചിലേക്ക് മറ്റൊരു മിസൈലായി ആഴ്ന്നിറങ്ങുന്നത് ഞാനറിയുകയായിരുന്നു.
ഡോക്ടർക്ക് ഇനിയുമുണ്ട് പറയാനേറെ. യുദ്ധഭൂമിയിലെ നേരനുഭവങ്ങൾ വാക്കുകൾക്കതീതമാണ്. കണ്ണും കരളും കാതും കൊത്തിപ്പറിക്കുന്നതാണ് ഓരോ കാഴ്ചയും ശബ്ദവും. ആളൊഴിഞ്ഞ ശ്മശാനഭൂമിയിലൂടെ നടന്നുനീങ്ങുമ്പോൾ ഒന്ന് തീർച്ചയാകുന്നുണ്ട്. ഒരു യുദ്ധവും ആർക്കും ഒന്നും നേടാൻ ഇടയാക്കുന്നില്ല. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗസ്സയിൽ പിന്നെയും തുടരുന്ന നരനായാട്ടിൽ എല്ലാ നിയമങ്ങളും ലംഘിക്കപ്പെടുകയാണ്. മനുഷ്യത്വം എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ അടയാളം മാത്രമായി ഗസ്സ അവശേഷിക്കുകയാണ്.
.


