Pathanamthitta
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധം;പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം
വൈദ്യ പരിശോധനക്ക് എത്തിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും കൊണ്ട് വന്ന പൊലീസ് വാഹനം തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

പത്തനതിട്ട | യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം. വൈദ്യ പരിശോധനക്ക് എത്തിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും കൊണ്ട് വന്ന പൊലീസ് വാഹനം തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ കപ്പല്‍ പ്രദക്ഷിണത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജിതിന്‍ ജി നൈനാന്‍, ആറന്‍മുള മണ്ഡലം പ്രസിഡന്റ് ഏദന്‍ ജോര്‍ജ് എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീടുകളില്‍ നിന്നും പത്തനംതിട്ട പൊലിസ് അറസ്റ്റു ചെയ്തത്.
ശനിയാഴ്ചത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ വാനില്‍ കയറ്റുന്നതിനിടെ പൊലിസ് വാനിന്റെ ചില്ല് പൊട്ടിയതുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റമാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. അറസ്റ്റിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴാണ് പ്രതിഷേധം ഉയര്‍ന്നത് . കൈ വിലങ്ങ് അണിയ്ക്കാന്‍ ശ്രമിച്ചതും പ്രതിഷേധത്തിന് കാരണമായി. ആശുപത്രിയിലെ വൈദ്യ പരിശോധന കഴിഞ്ഞ് ഇറങ്ങാന്‍ നേരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വിജയ് ഇന്ദൂ ചൂഡന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. പൊലിസ് വാനിന് മുന്നില്‍ തറയില്‍ കിടന്നാണ് പ്രവത്തകര്‍ പ്രതിഷേധിച്ചത്.ഒരു മണിക്കൂറോളം സമയം സ്ഥലത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. പൊലിസുമായി വാക്കേറ്റവും ഉന്തും തള്ളും നടന്നു.വീട്ടില്‍ കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച് വലിച്ചിഴച്ചു കൊണ്ടാണ് ജീപ്പില്‍ കയറ്റിയതെന്നും നേതാക്കള്‍ ആരോപിച്ചു. ജില്ലയില്‍ പല സ്ഥലത്തും പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ വ്യാപകമായി കേസെടുക്കുന്നുണ്ട്.