Connect with us

From the print

മോദിയുടെ നിന്ദയില്‍ പ്രതിഷേധം; ഗാന്ധിയാണെങ്ങും

പ്രതിപക്ഷ നേതാക്കളും സാംസ്‌കാരിക ലോകവും മോദിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. മോദിയെ രൂക്ഷമായി വിമര്‍ശിച്ചും ഗാന്ധിജിയെ സ്മരിച്ചും സാമൂഹിക മാധ്യമങ്ങളും സജീവമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നിരുത്തരവാദ പരാമര്‍ശത്തില്‍ പ്രതിഷേധം കടുത്തു. പ്രതിപക്ഷ നേതാക്കളും സാംസ്‌കാരിക ലോകവും മോദിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. മോദിയെ രൂക്ഷമായി വിമര്‍ശിച്ചും ഗാന്ധിജിയെ സ്മരിച്ചും സാമൂഹിക മാധ്യമങ്ങളും സജീവമാണ്. അതിനിടെ മോദിയുടെ പ്രസ്താവന അപകീര്‍ത്തികരമെന്ന് ചൂണ്ടിക്കാട്ടി അസമിലെ ഗുവാഹത്തി ഹതിഗാവ് പോലീസ് സ്റ്റേഷനില്‍ പരാതിയും ലഭിച്ചു.

ആത്മകഥ വായിക്കണം
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന്, സ്വതന്ത്രമായിരിക്കുമ്പോള്‍ രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ ആത്മകഥ പ്രധാനമന്ത്രി വായിക്കണമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിയോട് ആവശ്യപ്പെട്ടു.

‘റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ സിനിമ കണ്ടതിനു ശേഷമാണ് മഹാത്മാ ഗാന്ധിയെ കുറിച്ച് ലോകം അറിഞ്ഞതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. എനിക്കത് രസകരമായി തോന്നി. ഒരു സിനിമ കണ്ടിട്ടാണ് ഗാന്ധിയെ ലോകം പരിചയപ്പെട്ടതെന്ന് പറയുന്നത് അറിവില്ലായ്മയാണോ? സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഗാന്ധിയെ കുറിച്ചുണ്ടായിരുന്നു. അത് വായിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊന്നും പറയില്ലായിരുന്നു. ഗാന്ധിയെ കുറിച്ച് ലോകത്തിന് മുഴുവനറിയാം. യുനൈറ്റഡ് നേഷന്‍ ഓഫീസിന് മുന്നിലും എണ്‍പതോളം രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പ്രതിമയുണ്ട്. പല നേതാക്കളും മഹാത്മാ ഗാന്ധിയെ വാഴ്ത്തുന്നു. അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ക്കെല്ലാം ഗാന്ധിയെ കുറിച്ച് അറിയാം’- ഖാര്‍ഗെ പറഞ്ഞു.

ഗാന്ധിപാരന്പര്യം തകര്‍ക്കുന്നു
മഹാത്മാ ഗാന്ധിയുടെ മഹത്തായ പാരമ്പര്യത്തെ പ്രധാനമന്ത്രി തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ്സ് വക്താവ് ജയ്‌റാം രമേശ് എക്സ് പോസ്റ്റില്‍ പറഞ്ഞു. 1982നു മുമ്പ് ലോകം മഹാത്മാ ഗാന്ധിയെ അംഗീകരിച്ചില്ലെന്ന് കരുതുന്ന ലോകത്താണ് സ്ഥാനമൊഴിയാന്‍ പോകുന്ന പ്രധാനമന്ത്രി ജീവിക്കുന്നത്. ഗാന്ധിപാരമ്പര്യം ആരെങ്കിലും തകര്‍ത്തിട്ടുണ്ടെങ്കില്‍ അത് ഈ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ സര്‍ക്കാറാണ് വാരാണസിയിലെയും ഡല്‍ഹിയിലെയും അഹമ്മദാബാദിലെയും ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ നശിപ്പിച്ചത്.

മഹാത്മാ ഗാന്ധിയുടെ ദേശീയതയെ തിരിച്ചറിയാനാകില്ലെന്നത് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ മുഖമുദ്രയാണ്. അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച പരിസരമാണ് ഗാന്ധിവധത്തിലേക്ക് നാഥുറാം ഗോഡ്‌സെയെ നയിച്ചത്. ഗാന്ധി ആരാധകരും ഗോഡ്‌സെ ആരാധകരും തമ്മിലാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരം. പ്രധാനമന്ത്രിയുടെയും ഗോഡ്‌സെ ആരാധകരുടെയും പരാജയം ഉറപ്പാണെന്നും ജയ്‌റാം രമേശ് പറഞ്ഞു.

എന്റയര്‍ പൊളിറ്റിക്‌സ്
മഹാത്മാ ഗാന്ധിയെ കുറിച്ചറിയാന്‍ അദ്ദേഹം ഇതിവൃത്തമാകുന്ന സിനിമ കാണേണ്ടിവരുന്നത് എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിക്കു മാത്രമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

മോദിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നായിരുന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. മോദി ജനിക്കുന്നതിന് മുമ്പ് ഗാന്ധി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അഞ്ച് തവണ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ ബി പി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗാന്ധിജിയെ കുറിച്ചുള്ള മോദിയുടെ വിവാദ പരാമര്‍ശം. ഗാന്ധി സിനിമ നിര്‍മിക്കപ്പെട്ടപ്പോള്‍ മാത്രമാണ് ലോകത്തിന് മഹാത്മാ ഗാന്ധിയെ കുറിച്ച് അറിയാന്‍ കഴിഞ്ഞതെന്നായിരുന്നു പ്രസ്താവന. ഗാന്ധി മഹാനായ വ്യക്തിയായിരുന്നിട്ടും ലോകം അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. നമ്മളത് നിറവേറ്റിക്കൊടുത്തില്ല. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയും നെല്‍സണ്‍ മണ്ടേലയെയും ലോകം തിരിച്ചറിഞ്ഞെങ്കില്‍ അവരേക്കാള്‍ ഒട്ടും പിറകിലല്ലാത്ത ഗാന്ധിക്ക് എന്തുകൊണ്ട് ആ അംഗീകാരം കിട്ടിയില്ല? ലോകമാകെ സഞ്ചരിച്ച ശേഷമുള്ള അനുഭവമാണ് താന്‍ പറയുന്നതെന്നും മോദി പറയുന്നുണ്ട്.

 

Latest