Kerala
മലപ്പുറം പരാമര്‍ശം; മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായി, ചാനല്‍ മൈക്കുകള്‍ തള്ളിമാറ്റി വെള്ളാപ്പള്ളി നടേശന്‍
സിപിഐക്കെതിരെയും വെള്ളാപ്പള്ളി വിമര്‍ശനമുന്നയിച്ചു. ചതിയന്‍ ചന്തുമാരാണ് സിപിഐക്കാര്‍.
തിരുവനന്തപുരം|മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചാനല്‍ മൈക്കുകള്‍ തട്ടിമാറ്റിയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. വര്‍ഗീയ വാദിയാണെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മലപ്പുറത്തെക്കുറിച്ച് താന്‍ പറഞ്ഞത് ശരിയായ കാര്യമാണെന്നും മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളില്‍ എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിക്ക് ഇവിടങ്ങളില്‍ സ്ഥലമൊക്കെയുണ്ട്. എന്നാല്‍ അനുമതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുമായി കാറില്‍ കയറിയ വിവാദത്തിലും വെള്ളാപ്പള്ളി രൂക്ഷമായാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതില്‍ എന്താണ് തെറ്റ്. താന്‍ അയിത്ത ജാതിക്കാരനാണോ? ഉയര്‍ന്ന ജാതിക്കാരന്‍ കയറിയെങ്കില്‍ നിങ്ങള്‍ പ്രശ്നമാക്കുമായിരുന്നോ എന്നും ചോദിച്ചു.
സിപിഐക്കെതിരെയും വെള്ളാപ്പള്ളി വിമര്‍ശനമുന്നയിച്ചു. ചതിയന്‍ ചന്തുമാരാണ് സിപിഐക്കാര്‍. പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ സിപിഐ തള്ളിപ്പറയുന്നു. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണ്. പുറത്തല്ല ഇങ്ങനെ വിമര്‍ശിക്കേണ്ടത്. മൂന്നാമതും പിണറായി തന്നെ അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.




