Connect with us

International

ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധം കനക്കുന്നു

യു എസ് സർവകലാശാലകളിലും യൂറോപ്യൻ തെരുവുകളിലും വൻ പ്രക്ഷോഭങ്ങൾ

Published

|

Last Updated

വാഷിംഗ്ടൺ | ഗസ്സയിൽ 34,000 ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്റാഈലിന്റെ വംശഹത്യാപരമായ നീക്കം അവസാനിപ്പിച്ച് വെടിനിർത്തൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന വിദ്യാർഥി പ്രതിഷേധം രണ്ടാം അഴ്ചയിലേക്ക്. ആയിരക്കണക്കിന് വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനാൽ സർവകലാശാലകൾ അവരുടെ ബിരുദദാന ചടങ്ങുകൾ റദ്ദാക്കാൻ നിർബന്ധിതരായി.

യു എസിലുടനീളം, യൂനിവേഴ്‌സിറ്റി പ്രവർത്തകർ പ്രകടനക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് അധ്യാപകരെയും വിദ്യാർഥികളെയും പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കുന്ന വീഡിയോകളും പ്രതിഷേധത്തിന്റെ ഭാഗമായി പുറത്തുവന്നിട്ടുണ്ട്.

കൊളംബിയ യൂനിവേഴ്സിറ്റിയിൽ, നൂറിലധികം വിദ്യാർഥികളെയാണ് ക്യാമ്പസിൽ വെച്ച് അറസ്റ്റ് ചെയ്തത്. പോലീസ് ഇടപെടൽ പ്രതിഷേധം കൂടുതൽ അക്രമാസക്തമാക്കുകയാണ് ചെയ്യുന്നതെന്ന് അധികൃതർ ആരോപിച്ചു.

ചില യൂനിവേഴ്‌സിറ്റി നേതാക്കളും സംസ്ഥാന ഉദ്യോഗസ്ഥരും പ്രതിഷേധങ്ങളെ ശക്തമായി അപലപിക്കുകയും യഹൂദവിരുദ്ധമെന്ന് ആരോപിക്കുകയും ചെയ്തു. എന്നാൽ നിരവധി ജൂത പ്രവർത്തകരും ചില ഓർത്തഡോക്സ് ജൂതന്മാരും അണിചേർന്നതോടെ ആരോപണം നിരസിച്ചു.
ഗസ്സക്കെതിരായ വംശഹത്യാപരമായ നീക്കം ആരംഭിച്ച് ഏഴ് മാസത്തിനുള്ളിൽ ഇസ്റാഈലിനെതിരെ ആഗോളതലത്തിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ യൂറോപ്പിലേക്കും വ്യാപിക്കുകയാണ്.

ഇസ്റാഈലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തണമെന്ന് ജർമൻ സർക്കാറിനോട് ആവശ്യപ്പെട്ട് ബെർലിനിൽ പ്രവർത്തകർ പാർലിമെന്റിന് മുന്നിൽ ക്യാമ്പ് ചെയ്തു. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ പ്രശസ്തമായ സയൻസസ് പോ സർവകലാശാലയിൽ, പ്രതിഷേധക്കാർ സെൻട്രൽ ക്യാമ്പസ് കെട്ടിടം ഉപരോധിക്കുകയും ക്ലാസ്സുകൾ ഓൺലൈനിൽ നടത്താൻ നിർദേശിക്കുകയും ചെയ്തു.

സ്വീഡനിൽ നടന്ന ഫലസ്തീൻ അനുകൂല റാലിക്കിടെ പ്രതിഷേധക്കാർ “ഫ്രീ ഫലസ്തീൻ’, ‘ഇസ്റാഈലിനെ ബഹിഷ്‌കരിക്കുക’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി. സെൻട്രൽ ലണ്ടനിൽ നൂറുകണക്കിന് ആളുകളാണ് പാർലിമെന്റ്സ്ക്വയറിൽ ഒത്തുകൂടിയത്. അതേസമയം, യു എസ് സർവകലാശാലകളിലെ പ്രതിഷേധം ജനാധിപത്യത്തിന്റെ പ്രകടനമാണെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള രാഷ്ട്രീയ തന്ത്രജ്ഞ റിന ഷാ പറഞ്ഞു. ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണക്കുന്ന അമേരിക്കൻ നിലപാടിൽ വിദ്യാർഥികൾ ആശങ്കാകുലരാണെന്നും അവർ പറഞ്ഞു.

അതേസമയം, ഇസ്റാഈൽ വംശഹത്യക്കെതിരെ ശബ്ദമുയർത്തുന്ന കൊളംബിയ സർവകലാശാലയിലെ വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂനിയൻ (ജെ എൻ യു എസ് യു) രംഗത്തെത്തി. കൊളംബിയയിലെ വിദ്യാർഥികൾക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ പ്രതിഷേധത്തിനും മൗലികാവകാശമുണ്ടെന്ന് യൂനിയൻ പ്രസ്താവനയിൽ അറിയിച്ചു.

പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ചതിന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനുമുള്ള സർവകലാശാലയുടെ തീരുമാനത്തെയും സ്വന്തം ക്യാമ്പസിലെ വിദ്യാർഥികളെ അറസ്റ്റ് ചെയ്യാനുള്ള കൊളംബിയ പ്രസിഡന്റ് ശഫീഖിന്റെ പരസ്യ ആഹ്വാനത്തെയും ശക്തമായി അപലപിക്കുന്നെന്നും ജെ എൻ യു. എസ് യു നേതാക്കൾ പറഞ്ഞു.

അതിനിടെ, മധ്യ ഗസ്സയിലെ നുസ്വീറത്ത് ക്യാമ്പിലെ പാർപ്പിടസമുച്ചയത്തിനു നേരെ ഇസ്റാഈൽ നടത്തിയ ബോംബാക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായതായി അൽ ജസീറ റിപോർട്ട് ചെയ്തു. ഒക്ടോബർ ഏഴ് മുതൽ നടക്കുന്ന ആക്രമണങ്ങളിൽ 34,388 ഫലസ്തീനികൾ കൊല്ലപ്പെടുകയും 77,437 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Latest