Basavaraj Bommai
പദവികള്‍ ശാശ്വതമല്ല; സ്ഥാനമൊഴിയുമെന്ന സൂചന നല്‍കി കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബസവരാജിനെ സ്ഥാനത്ത് നിന്നും നീക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു
		
      																					
              
              
            ഹവേരി | കര്‍ണ്ണാടകയിലെ ഷിഗ്ഗോണില്‍ തന്റെ മണ്ഡലത്തിലെ പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി പദവിയൊഴിയുമെന്ന സൂചന നല്‍കി ബസവരാജ് ബൊമ്മെ. പദവികള്‍ ഒന്നും ശാശ്വതമല്ലെന്ന ബസവരാജിന്റെ പരാമര്‍ശമാണ് അദ്ദേഹം പുറത്തേക്കുള്ള വഴി തുറക്കുന്നുവെന്ന സൂചന നല്‍കിയത്.
ലോകത്ത് ഒന്നും അനശ്വരമല്ല. ജീവിതം എന്നത്തേക്കുമുള്ളതല്ല. എത്രകാലം ഈ അവസ്ഥയില്‍ ഉണ്ടാവുമെന്ന് അറിയില്ലെന്നും പദവികളും സ്ഥാനങ്ങളും ശാശ്വതമല്ലെന്നുമായിരുന്നു കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ പരാമര്‍ശം. കിട്ടൂര്‍ റാണി ചെന്നമ്മയുടെ പ്രതിമ തന്റെ മണ്ഡലത്തില്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ബൊമ്മെ.
ബസവരാജിനെ സ്ഥാനത്ത് നിന്നും നീക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഇദ്ദേഹം നേരിടുന്നുണ്ട്. ഈ വര്‍ഷം ജൂലൈ 28 ന് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ അദ്ദേഹത്തോട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയും ബസവരാജിനെ മുഖ്യമന്ത്രിയായി നിയമിക്കുകയുമായിരുന്നു. തന്റെ മകന് സ്ഥാനം കിട്ടാത്തതില്‍ യദ്യൂരപ്പക്ക് അതൃപ്തി ഉണ്ടായിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
