National
കേന്ദ്ര നയങ്ങള്‍ കാർഷിക ഉൽപ്പാദനം റെക്കോര്‍ഡ് വേഗത്തിലാക്കിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി
ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാരിന്‍റെ ക്രിയാത്മകമായ നയങ്ങള്‍ രാജ്യത്തെ കാർഷിക ഉൽപ്പാദനം റെക്കോര്‍ഡ് വേഗത്തില്‍ വർധിപ്പിക്കാന്‍ കാരണമായതായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ഭക്ഷ്യ-ഹോർട്ടികൾച്ചർ വിളകളിൽ അഭൂതപൂർവമായ ഉൽപ്പാദനമാണ് ഉണ്ടായതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, പയർവർഗ്ഗങ്ങൾ എന്നിവയുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായുള്ള ദേശീയ ദൗത്യങ്ങളിലൂടെ രാജ്യം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.
ഈ ദശാബ്ദത്തിന്‍റെ അവസാനത്തോടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗ്രാമപ്രദേശങ്ങളിലെ വികസനത്തിനായി ‘വികസിത് ഭാരത് – ജി റാം ജി’ എന്ന പുതിയ നിയമം നടപ്പിലാക്കി. ഗ്രാമങ്ങളിൽ 125 ദിവസത്തെ ഉറപ്പായ തൊഴിൽ ഈ നിയമം ഉറപ്പാക്കുന്നു. അഴിമതിയും ഇടനിലക്കാരുടെ ചൂഷണവും തടയാൻ ഇത് സഹായിക്കുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ 11 വർഷത്തിനിടെ വടക്കുകിഴക്കൻ മേഖലയിൽ 7,200 കിലോമീറ്ററിലധികം ദേശീയ പാതകൾ നിർമ്മിച്ചു. ഇത് അതിർത്തി മേഖലകളിലേക്കും ഗോത്രവർഗ്ഗ മേഖലകളിലേക്കും എത്തിച്ചേരുന്നത് എളുപ്പമാക്കി. 2026 എന്ന വർഷം വികസിത് ഭാരതത്തിലേക്കുള്ള യാത്രയിലെ സുപ്രധാനമായ അടിത്തറയാണെന്നും രാഷ്ട്രപതി ഓർമ്മിപ്പിച്ചു.




